കാറിന് തീപിടിച്ച് ദമ്പതികള്‍ മരിച്ച സംഭവം ; കാറില്‍ രണ്ട് കുപ്പി പെട്രോള്‍ സൂക്ഷിച്ചിരുന്നതായി കണ്ടെത്തല്‍
കണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ദമ്പതികള്‍ മരിച്ച സംഭവത്തില്‍ കാറില്‍ രണ്ട് കുപ്പികളില്‍ പെട്രോള്‍ സൂക്ഷിച്ചിരുന്നുവെന്ന് കണ്ടെത്തല്‍. MVD യും ഫോറന്‍സിക് സംഘവും നടത്തിയ പരിശോധനയിലാണ് ഇത് കണ്ടെത്തിയത്. തീ ആളിപടരാന്‍ ഇതാണ് ഇടയാക്കിയത് എന്ന് പറയപ്പെടുന്നു. അതുപോലെ എയര്‍ പ്യൂരിഫയറിലേക്കും തീ പടര്‍ന്നു. അപകട കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്ന് കണ്ണൂര്‍ ആര്‍ഡിഒ വ്യക്തമാക്കിയിരുന്നു. മാത്രമല്ല, കാറില്‍ എക്‌സ്ട്രാ ഫിറ്റിം?ങ്‌സുകള്‍ കണ്ടെത്തിയിരുന്നു. വാഹനത്തില്‍ നിന്ന് നേരത്തെ തന്നെ പുക ഉയര്‍ന്നതായി ദൃക്സാക്ഷികളുടെ മൊഴിയുമുണ്ട്. എന്നാല്‍ ആശുപത്രിയില്‍ എത്താനുള്ള ധൃതിക്കിടെ പുക ഗൗനിക്കാതിരുന്നത് അപകടത്തിന്റെ ആഴം കൂട്ടിയെന്നാണ് റിപ്പോര്‍ട്ട്.
പെട്രോള്‍ ടാങ്കിന് തീപിടിക്കുന്നതിന് മുന്‍പ് ഫയര്‍ ഫോഴ്സ് തീയണച്ചു. പെര്‍ഫ്യൂം, സാനിറ്റൈസര്‍ പോലുള്ള വസ്തുക്കള്‍ തീപടരാന്‍ കാരണമായേക്കാം. അതേസമയം കാര്‍ കത്തി ദമ്പതികള്‍ മരിച്ച സംഭവത്തില്‍ ഹൈക്കോടതി റിപ്പോര്‍ട്ട് തേടി. കണ്ണൂര്‍ റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസറോട് ഹൈക്കോടതി റിപ്പോര്‍ട്ട് തേടി. ഇന്ന് പ്രാഥമിക റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇന്നലെ രാവിലെ 10.40 ഓടെ കണ്ണൂര്‍ ജില്ലാ ആശുപത്രിക്ക് സമീപമാണ് ദാരുണമായ അപകടമുണ്ടായത്. പൂര്‍ണ്ണ ഗര്‍ഭിണിയായ റീഷയെ പ്രസവവേദനയെ തുടര്‍ന്ന് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അപകടം സംഭവിച്ചത് . ജില്ലാ ആശുപത്രിയില്‍ എത്താന്‍ 100 മീറ്റര്‍ മാത്രം അവശേഷിക്കവേയാണ് കാറില്‍ തീ പടര്‍ന്നത്. പിന്‍സീറ്റില്‍ യാത്ര ചെയ്തിരുന്ന റീഷയുടെ അച്ഛന്‍, അമ്മ, മാതൃസഹോദരി,മൂത്ത കുട്ടി എന്നിവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. എന്നാല്‍ ഡോര്‍ ജാമായതിനാല്‍ മുന്‍ സീറ്റില്‍ യാത്ര ചെയ്ത പ്രജിത്തിനും ഭാര്യ റീഷയ്ക്കും രക്ഷപ്പെടാനായില്ല. ഫയര്‍ഫോഴ്സ് എത്തി തീയണച്ച് പുറത്തെടുത്തെങ്കിലും ഇരുവരും മരിച്ചിരുന്നു.