സാധാരണക്കാര്‍ക്ക് സര്‍ക്കാര്‍ വക ഇരുട്ടടി ; നികുതി കൂട്ടാന്‍ ആകെ പറ്റുന്നത് പെട്രോളും മദ്യവുമാണ് ബജറ്റിനെ ന്യായീകരിച്ചു ധനമന്ത്രി
സാധാരണക്കാരുടെ ജീവിതം കനത്ത പ്രതിസന്ധിയിലേക്ക് തള്ളി വിട്ട ബജറ്റ് ആണ് ഇന്ന് ധനമന്ത്രി നിയമസഭയില്‍ അവതരിപ്പിച്ചത്. പെട്രോള്‍, ഡീസല്‍ എന്നിവയ്ക്ക് 2 രൂപ നിരക്കില്‍ സാമൂഹ്യ സുരക്ഷാ സെസ്സ് ഏര്‍പ്പെടുത്തുമെന്ന് പ്രഖ്യാപനം താഴേക്കിടയിലുള്ളവരെ അനിശ്ചിതത്വത്തിലേക്ക് നയിച്ചേക്കാം. പെട്രോള്‍, ഡീസല്‍ വില വര്‍ധിക്കുന്നതോടെ താമസിയാതെ സംസ്ഥാനത്ത് അവശ്യ സാധനങ്ങളുടെ വില വര്‍ദ്ധിക്കും. ജീവിത ചെലവില്‍ വലിയ വര്‍ധനയാകും ഈ പ്രഖ്യാപനം കാരണം ഉണ്ടാകുക. വിവിധ നികുതിയില്‍ വര്‍ദ്ധനവ് ഉണ്ടാകുമെന്ന് സൂചന നല്‍കിയിരുന്നെങ്കിലും ഇന്ധന വിലയില്‍ ധനമന്ത്രി സ്പര്‍ശിക്കില്ലെന്ന പ്രതീക്ഷയിലായിരുന്നു ജനം.
സംസ്ഥാനത്തെ മോട്ടോര്‍ വാഹന നികുതിയിയും കൂടും. മോട്ടോര്‍ വാഹന നികുതിയില്‍ 2 ശതമാനം വര്‍ധനവാണ് ഉണ്ടാകുക. അതേസമയം, ഇലക്ട്രിക് വാഹനങ്ങളുടെ നികുതി സാധാരണ വാഹനങ്ങളെ പോലെ 5 ശതമാനത്തിലേക്ക് ആക്കിയിട്ടുണ്ട്. മദ്യവില സമീപകാലത്ത് കൂട്ടിയതിനാല്‍ തന്നെ ഇത്തവണത്തെ ബജറ്റില്‍ വില വര്‍ദ്ധനവുണ്ടാകില്ല എന്ന പ്രതീക്ഷ ഉണ്ടായിരുന്നെങ്കിലും അതും അസ്ഥാനത്താക്കിക്കൊണ്ട് വില വര്‍ധന പ്രഖ്യാപിച്ചിരിക്കുകയാണ് ധനമന്ത്രി. 500 രൂപ മുതല്‍ 999 രൂപ വരെ വിലവരുന്ന ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യത്തിന് ഒരു ബോട്ടിലിന് 20 രൂപ നിരക്കിലും 1000 രൂപ മുതലുള്ള മദ്യത്തിന് ബോട്ടിലിന് 40 രൂപ നിരക്കിലും വില വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
രൂക്ഷമായ ധനപ്രതിസന്ധി മറികടക്കാന്‍ ബജറ്റില്‍ അവതരിപ്പിച്ചിരിക്കുന്ന ധനനയം വിഭവ സമാഹരണമാണ്. എന്നാല്‍ മധ്യ വര്‍ഗ്ഗത്തെയും ഉയര്‍ന്ന വര്‍ഗ്ഗത്തെയും കാര്യമായി ഉപയോഗിക്കാതെ താഴേക്കിടയിലുള്ളവരെ പിഴിയുന്ന രീതിയാണ് ധനമന്ത്രി സ്വീകരിച്ചിരിക്കുന്നത്. അനാവശ്യമായ ചെലവ് ചുരുക്കുക എന്നുള്ള നയം മികച്ചതായിരുന്നെങ്കിലും കൃത്യമായ പഠനം നടത്താത്ത തിരിച്ചടിയായിട്ടുണ്ട്. അതേസമയം സാമൂഹിക ക്ഷേമ പെന്‍ഷന്‍ ഒരു രൂപ പോലും വര്‍ധിപ്പിക്കാത്തത് തിരിച്ചടിയാകും.
സംസ്ഥാനത്ത് നിലവില്‍ 1600 രൂപ വീതം 62 ലക്ഷം പേര്‍ക്കാണ് സാമൂഹിക പെന്‍ഷന്‍ നല്‍കുന്നത്. സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ കൂട്ടാത്ത സര്‍ക്കാര്‍ സാമൂഹ്യ ക്ഷേമ പെന്‍ഷനില്‍ ഉള്‍പ്പെട്ട അനര്‍ഹരെ ഒഴിവാക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
പെന്‍ഷന്‍ വര്‍ധിപ്പിക്കുമോ എന്ന ഉറ്റുനോക്കിയിരുന്നവരെ നിരാശരാക്കിയതിനൊപ്പം വിപണിയിലേക്ക് പണമിറക്കി പണം തിരിച്ചു നേടാനുള്ള സാധ്യത കൂടിയാണ് സര്‍ക്കാര്‍ ഇല്ലാതാക്കിയത് എന്ന് വിമര്‍ശകര്‍ ചൂണ്ടികാണിക്കുന്നു. അതിനിടെ സംസ്ഥാന ബജറ്റിലെ നികുതി വര്‍ധനയെ ന്യായീകരിച്ചു ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. വലിയ ബുദ്ധിമുട്ടുള്ള സമയത്തും ഒന്നിനും കുറവുവരാതെയുള്ള ബജറ്റാണെന്ന് മന്ത്രി അവകാശപ്പെടുന്നു. നികുതി കൂട്ടാന്‍ ആകെ പറ്റുന്നത് പെട്രോളും മദ്യവുമാണ്.മദ്യ സെസ് മൂലം 10 രൂപയാണ് ശരാശരി കുപ്പിക്ക് കൂടുന്നത്.സര്‍ക്കാരിന് വരുമാനം കൂടുന്ന സ്ഥിതിയില്ല. കേരളത്തില്‍ ഏറ്റവും വലിയ നികുതിയല്ല. 1000 രൂപ വരെയുള്ള കുപ്പിക്ക് 20 രൂപയാണ് കൂടുന്നത്. ന്യായവില 20 ശതമാനം കൂട്ടിയതിനേയും മന്ത്രി ന്യായീകരിച്ചു.
കഴിഞ്ഞ 5 വര്‍ഷക്കാലം ഒന്നും ചെയ്യാനായില്ല. പ്രളയവും കൊവിഡും കാരണമായി. പല സ്ഥലത്തും യഥാര്‍ത്ഥ വിലയുടെ മൂന്നിലൊന്ന് പോലുമില്ല. പെട്രോള്‍-ഡീസല്‍ സെസ് വര്‍ധിപ്പിച്ചതിലൂടെ 780 കോടി രൂപയുടെ അധിക വരുമാനമാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. വാഹനങ്ങള്‍ക്കുള്ള ഒറ്റത്തവണ നികുതിയും വര്‍ധിപ്പിച്ചിട്ടുണ്ട്. സാമൂഹ്യ സുരക്ഷാ സെസ് രണ്ട് രൂപ വര്‍ധിപ്പിച്ചതോടെയാണ് സംസ്ഥാനത്ത് ഇന്ധനവില വര്‍ധനയ്ക്ക് കളമൊരുങ്ങിയത്. മാസങ്ങളായി രാജ്യത്ത് എണ്ണവിലയില്‍ കമ്പനികള്‍ മാറ്റം വരുത്തിയിരുന്നില്ല. ഇതിനിടെയാണ് സംസ്ഥാന സര്‍ക്കാര്‍ സെസ് ഉയര്‍ത്തി വില വര്‍ധനവിന് കളമൊരുക്കിയിരിക്കുന്നത്. നിലവില്‍ അയല്‍ സംസ്ഥാനങ്ങളെക്കാള്‍ വില കൂടുതല്‍ ആണ് കേരളത്തില്‍.