മലയാളികള്‍ക്ക് എട്ടിന്റെ പണിയായി ബജറ്റ് ; വിമര്‍ശനം രൂക്ഷം
സാധരണക്കാരുടെ കുടുംബ ബജറ്റിനെ താളം തെറ്റിക്കുന്ന ബജറ്റ് ആണ് ഇന്ന് നിയമസഭയില്‍ ധനകാര്യ മന്ത്രി അവതരിപ്പിച്ചത്. സംസ്ഥാനത്ത് വിലകൂടുന്നവയില്‍ മദ്യം മുതല്‍ പാര്‍പ്പിടം വരെ. പുതിയ ബജറ്റ് വന്നതോടെ ഇവയ്ക്കെല്ലാം ചെലവേറുകയാണ്. മദ്യത്തിന് 20 രൂപ മുതല്‍ 4 രൂപ വരെ കൂട്ടിയപ്പോള്‍, പെട്രോളിനും ഡീസലിനും രണ്ട് രൂപയാണ് ഉയര്‍ത്തിയിരിക്കുന്നത്. അവിടം കൊണ്ട് അവസാനിക്കുന്നില്ല. ഭൂമിയുടെ ന്യായവില 20 ശതമാനം വര്‍ധിപ്പിച്ചിരിക്കുകയാണ്. ഒപ്പം ഫ്ളാറ്റ്/അപ്പാര്‍ട്ട്മെന്റ് മുദ്ര വില കൂട്ടി, 7% ല്‍ എത്തിച്ചു. പട്ടയം ഭൂമിയിലെ നികുതിയും പരിഷ്‌കരിക്കുമെന്നാണ് ബജറ്റില്‍ ധനമന്ത്രി പറഞ്ഞത്.
സംസ്ഥാനത്ത് ഭൂമിയുടെ ന്യായവില 2010-ല്‍ നിലവില്‍ വന്നു. അതിനുശേഷം ഇത് അഞ്ച് തവണ പുതുക്കുകയുണ്ടായി. വിപണി മൂല്യവും ന്യായവിലയും തമ്മിലുള്ള അന്തരം നികത്തുവാന്‍ വേണ്ടി നിലവിലുള്ള ന്യായവില 20 ശതമാനം വര്‍ധിപ്പിക്കുമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ ബജറ്റില്‍ പറഞ്ഞു. വിവിധ കാരണങ്ങളാല്‍ വിപണി മൂല്യം വര്‍ധിച്ച പ്രദേശങ്ങളില്‍ ഭൂമിയുടെ ന്യായവില 30% വരെ വര്‍ധിപ്പിക്കുന്നതിനായി 2020-ല്‍ ഫിനാന്‍സ് ആക്റ്റിലൂടെ നിയമ നിര്‍മ്മാണം നടപ്പിലാക്കിയ സാഹചര്യത്തില്‍, അത് പ്രകാരം വര്‍ധനവ് വരുത്തേണ്ട മേഖലകളെ നിര്‍ണ്ണയിക്കുന്നതിനായി വിശദമായ പഠനം നടത്തി മാനദണ്ഡങ്ങള്‍ കൊണ്ടുവരുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്ത് പെട്രോളിന് വില കൂടും. പെട്രോള്‍, ഡിസല്‍ എന്നിവയ്ക്ക് ലിറ്ററിന് രണ്ട് രൂപാ നിരക്കില്‍ സാമൂഹ്യ സുരക്ഷാ സെസ് ഏര്‍പ്പെടുത്തി. ഇതിലൂടെ അധികമായി 750 കോടി രൂപ സാമൂഹ്യ സുരക്ഷാ സീഡ് ഫണ്ടിലേക്ക് പ്രതീക്ഷിക്കുന്നുവെന്നാണ് ധനമന്ത്രി പറഞ്ഞത്. ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യത്തിന് സാമൂഹിക സുരക്ഷ സെസ് ഏര്‍പ്പെടുത്തി. ഇതോടെ ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിന് 20 മുതല്‍ 40 രൂപ വരെ ഉയരും. പെട്രോളിനും ഡീസലിനും സെസ് 2 രൂപ വീതം വര്‍ധിപ്പിച്ചുവെന്നും ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ സഭയില്‍ പറഞ്ഞു.
പുതുതായി വാങ്ങുന്ന മോട്ടോര്‍ സൈക്കിളുകളുടെയും മോട്ടോര്‍ കാറുകളുടെയും നികുതി വര്‍ധിക്കും. രണ്ട് ലക്ഷം രൂപ വരെയുള്ള മോട്ടോര്‍ സൈക്കിളുകളുടെ ഒറ്റത്തവണ നികുതിയില്‍ രണ്ട് ശതമാനമാണ് വര്‍ധിപ്പിക്കുന്നത്. ഇതുവഴി 92 കോടി രൂപയുടെ അധിക വരുമാനമാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു. ഇതുവഴി 340 കോടിയുടെ അധിക വരുമാനമാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. അപേക്ഷാ ഫീസ്, പെര്‍മിറ്റ് ഫീസുകള്‍ക്ക് ചെലവേറും. പണയാധാരങ്ങള്‍ക്ക് 100 രൂപ നിരക്കില്‍ സര്‍ ചാര്‍ജ് ഏര്‍പ്പെടുത്തും. സര്‍ക്കാര്‍ സേവന ഫീസുകള്‍ കൂട്ടി. വാണിജ്യ വ്യവസായ ആവശ്യത്തിനുള്ള വൈദ്യുതി തീരുവ കൂട്ടി. ഒഴിഞ്ഞു കിടക്കുന്ന വീടുകള്‍ക്ക് പ്രത്യേക നികുതി ഏര്‍പ്പെടുത്തും. ഒന്നിലധികം വീടുള്ളവര്‍ക്ക് രണ്ടാം വീടിന് പ്രത്യേക നികുതി. മൈനിംഗ് ആന്‍ഡ് ജിയോളജി റോയല്‍റ്റി തുക കൂടും.
പണി പൂര്‍ത്തിയാകാത്ത വീടുകള്‍ക്കുള്ള പരിശോധനാ ഫീസും കൂട്ടി.
അതേസമയം ബജറ്റിന് എതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ ആണ് പ്രതിപക്ഷം ഉയര്‍ത്തുന്നത്. സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് വി.ഡി. സതീശന്‍. ധനപ്രതിസന്ധിയുടെ പേരില്‍ സര്‍ക്കാര്‍ നികുതിക്കൊള്ള നടത്തുന്നതായി സതീശന്‍ കുറ്റപ്പെടുത്തി. വിലക്കയറ്റം രൂക്ഷമായ സാഹചര്യത്തില്‍ ജനത്തെ കൂടുതല്‍ പ്രയാസത്തിലാക്കി പെട്രോളിനും ഡീസലിനും സെസ് പിരിക്കുന്നു. നികുതി വര്‍ധനക്കെതിരെ യുഡിഎഫ് പ്രത്യക്ഷസമരത്തിന് ഇറങ്ങുമെന്നും വി.ഡി സതീശന്‍ വ്യക്തമാക്കി. യാതൊരു പഠനത്തിന്റെ അടിസ്ഥാനവുമില്ലാത്തയുള്ള നികുതി വര്‍ദ്ധനവാണ് ബജറ്റിലുണ്ടായത്. സാമൂഹിക സുരക്ഷാ പെന്‍ഷന്‍ വര്‍ധിപ്പിക്കാതെയാണ് സെസ് ഏര്‍പ്പെടുത്തുന്നത്. ബജറ്റിലെ പ്രഖ്യാപനങ്ങള്‍ക്ക് യാതൊരു പ്രസക്തിയുമില്ല. പല പ്രഖ്യാപനങ്ങളും ഈ ബജറ്റിലും ആവര്‍ത്തിക്കപ്പെട്ടെന്ന് സതീശന്‍ കുറ്റപ്പെടുത്തി.
അശാസ്ത്രീയമായ നികുതി വര്‍ദ്ധനവാണ് ബജറ്റില്‍ പ്രഖ്യാപിച്ചത്. വിലക്കയറ്റമുണ്ടാകുമ്പോള്‍ ആളുകള്‍ മയക്കുമരുന്ന് ഉപയോഗത്തിലേക്ക് മാറാന്‍ സാധ്യതയുണ്ടെന്ന ആശങ്കയും സതീശന്‍ പറഞ്ഞു. കിഫ്ബിയുടെ പ്രസക്തി പൂര്‍ണമായും നഷ്ടപ്പെട്ടു. കിഫ്ബി പ്രഖ്യാപനങ്ങള്‍ ബജറ്റിനകത്തേക്ക് വന്നു. പിന്നെ എന്തിനാണ് കിഫ്ബിയെന്നും സതീശന്‍ ചോദിച്ചു. കൈ വയ്ക്കാന്‍ പറ്റുന്ന ഇടങ്ങളില്‍ എല്ലാം സര്‍ക്കാര്‍ കൊള്ളയടിയാണ്. കഴിഞ്ഞ ആറ് വര്‍ഷത്തെ ഏറ്റവും വലിയ നികുതി കൊള്ളയാണുണ്ടായതെന്നും സതീശന്‍ കുറ്റപ്പെടുത്തി. സര്‍ക്കാരിന് സര്‍ക്കാര്‍ നേരിടുന്ന പ്രതിസന്ധിയെ കുറിച്ചറിയില്ലെന്ന് സംശയമുണ്ടെന്നും സതീശന്‍ പറഞ്ഞു.
അതുപോലെ ബജറ്റിനെ വിമര്‍ശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സാധാരണക്കാരുടെ നടു ഒടിക്കുന്ന ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചതെന്ന് കെ സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. സംസ്ഥാനത്ത് മദ്യത്തിന് വില കൂടുന്നത് ജനങ്ങളെ കൂടുതലായി മയക്കുമരുന്നിലേക്ക് തിരിയാന്‍ ഇടയാക്കുമെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്റെ വിമര്‍ശനം. ഇന്ധനവില വര്‍ധന പൊതു വിപണിയില്‍ വിലക്കയറ്റത്തിന് ഇടയാക്കുമെന്നും കെ സുരേന്ദ്രന്‍ വിമര്‍ശിച്ചു.