പട്ടിക്ക് പിന്നാലെ പൂച്ച മോഷണം ; മണ്ണാര്‍ക്കാട് കടയില്‍ നിന്ന് പൂച്ചയെ മോഷ്ടിച്ച യുവതിയെ തപ്പി പോലീസ്
പെറ്റ് ഷോപ്പില്‍ നിന്നും യുവാവും യുവതിയും ചേര്‍ന്ന് പട്ടിയെ മോഷ്ട്ടിച്ച വാര്‍ത്ത നമ്മളെല്ലാം വായിച്ചതാണ്. ഇപ്പോഴിതാ പട്ടാപകല്‍ പൂച്ചയെ മോഷ്ടിച്ചു എന്ന അടുത്ത വാര്‍ത്ത. തുടര്‍ന്ന് സിസിടിവി ദൃശ്യം സഹിതം ഉടമ മണ്ണാര്‍ക്കാട് പൊലീസ് സ്റ്റേഷനില്‍ പരാതി നല്കി. പുല്ലിശ്ശേരി സ്വദേശി താഴത്തെ കല്ലടി ഉമ്മറാണ് പരാതിയുമായി സ്റ്റേഷനിലെത്തിയത്. 20,000 രൂപ വിലവരുന്ന പൂച്ചയെ ജനുവരി 24 നാണ് മണ്ണാര്‍ക്കാട് ബസ് സ്റ്റാന്‍ഡ് പരിസത്തു നിന്ന് യുവതി പിടിച്ചു കൊണ്ടുപോയത്.
പേര്‍ഷ്യന്‍ ഇനത്തില്‍ പെട്ട പൂച്ചയെ ഡോക്ടറെ കാണിക്കാന്‍ കൊണ്ടുവന്നതായിരുന്നു. ഡോക്ടറെ കാണിച്ച ശേഷം ഉമ്മറിന്റെ കോഴിക്കടയില്‍ ഇരിക്കുന്നതിനിടെയാണ് പൂച്ച പുറത്തേക്കിറങ്ങിയത്. ഈ സമയം യുവതി പൂച്ചയെ പിടികൂടുകയായിരുന്നു. കോഴിക്കടയിലെ പൂച്ചയാണെന്ന് മറ്റു കടക്കാര് പറഞ്ഞപ്പോള്‍ അവിടെ കൊടുക്കാമെന്ന് പറഞ്ഞ യുവതി പൂച്ചയെയും കൊണ്ടു കടന്നു കളഞ്ഞു. എറണാകുളത്തു നിന്നാണ് പൂച്ചയെ വാങ്ങിയത്. കൊണ്ടു പോയവര്‍ തിരിച്ചു തരുമെന്ന പ്രതീക്ഷിച്ചാണ് പരാതി നല്കാന് വൈകിയതെന്ന് ഉമ്മര്‍ പറഞ്ഞു. സ്ത്രീകളെന്ന പരിഗണന നല്‍കിയാണ് സി സി ടി വി ദൃശ്യം ഇത് വരെ പുറത്ത് വിടാതിരുന്നതെന്നും പൂച്ചയുടെ ഉടമ വ്യക്തമാക്കി. പരാതിയില്‍ തുടര്‍നടപടി സ്വീകരിക്കുമെന്ന് മണ്ണാര്‍ക്കാട് പൊലീസ് അറിയിച്ചു.
അതേസമയം, കൊച്ചിയില്‍ നിന്ന് ഹെല്‍മറ്റില്‍ ഒളിപ്പിച്ച് പട്ടിക്കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവത്തില്‍ അറസ്റ്റിലായ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികളായ പ്രതികള്‍ക്ക് ജാമ്യം ലഭിച്ചു. എറണാകുളം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. പട്ടിക്കുട്ടിയെ പെറ്റ് ഷോപ്പ് ഉടമ മുഹമ്മദ് ബാസിത്തിന് വിട്ട് നല്കി. കേസില്‍ രണ്ട് കര്‍ണ്ണാടക സ്വദേശികളെയാണ് ഇന്നലെ പൊലീസ് പിടികൂടിയത്. ഉഡുപ്പിയിലെ കര്‍ക്കാലയില്‍ നിന്നാണ് എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികളായ നിഖിലും ശ്രേയയും പിടിയിലായത്. ശനിയാഴ്ച വൈകിട്ടാണ് നെട്ടൂരിലെ പെറ്റ് ഷോപ്പില്‍ നിന്നും 15,000 രൂപ വിലയുള്ള പട്ടിക്കുട്ടിയെ ഹെല്‍മറ്റില്‍ ഒളിപ്പിച്ച് കടത്തുന്നത്. പിന്നീട് വൈറ്റിലയിലെ കടയില്‍ നിന്നും തീറ്റവാങ്ങിയിരുന്നു. പെറ്റ് ഷോപ്പ് ഉടമയുടെ പരാതിക്ക് പിന്നാലെ സിസിറ്റിവി ദൃശ്യങ്ങളും ഫോണ്‍ ട്രാന്‍സാക്ഷനുകളും കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.