ഇന്ത്യന്‍ നിര്‍മിത തുള്ളിമരുന്ന് ഉപയോഗിച്ച് അമേരിക്കയില്‍ ഒരു മരണം
ഇന്ത്യന്‍ നിര്‍മിത തുള്ളിമരുന്ന് കണ്ണിലൊഴിച്ച അന്‍പത്തിയഞ്ചു പേര്‍ക്ക് കണ്ണിനു കടുത്ത അണുബാധയുണ്ടായതായി റിപ്പോര്‍ട്ട്. ഇവരില്‍ 11 പേരുടെ കാഴ്ചശക്തി നഷ്ടപ്പെടുകയും അണുബാധ രക്തത്തിലേക്ക് പടര്‍ന്ന് ഒരാള്‍ മരിക്കുകയും ചെയ്തു എന്നാണ് അമേരിക്കയിലെ മരുന്നുകളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്ന ഏജന്‍സി ആയ എഫ്ഡിഎ അറിയിച്ചത്. ഇതിനെത്തുടര്‍ന്ന് മരുന്ന് നിര്‍മാതാക്കള്‍ക്കെതിരെ ശക്തമായ നടപടികളാണ് എടുത്തിരിക്കുന്നത്.
ചെന്നൈ ആസ്ഥാനമായ ഗ്ലോബല്‍ ഫര്‍മാ ഹെല്‍ത്ത് കെയര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം നിര്‍മിച്ച Ezricare എന്ന മരുന്നാണ് അപകടകാരണമായത്. കമ്പ്യൂട്ടര്‍ ഉപയോഗം, കാലാവസ്ഥ, പ്രായാധിക്യം, ശാരീരികമായ മറ്റുപ്രശ്‌നങ്ങള്‍ എന്നിവമൂലം കണ്ണുനീരിന്റെ ഗുണനിലവാരം കുറയുകയും കണ്ണിന് അസ്വസ്ഥത ഉണ്ടാകുകയും ചെയ്യുന്ന ഡ്രൈ ഐ സിന്‍ഡ്രോം (dry eye syndrome) ഉള്ളവര്‍ ഉപയോഗിക്കുന്ന മരുന്നാണിത്. കൃത്രിമ കണ്ണുനീര്‍ അഥവാ artificial tears എന്നറിയപ്പെടുന്ന ഇത്തരം മരുന്നുകള്‍ ധാരാളമായി വിറ്റഴിയാറുണ്ട്. പലപ്പോഴും ഡോക്ടറുടെ അറിവോ കുറിപ്പടിയോ ഇല്ലാതെ ആണ് ഇവ രോഗികള്‍ വാങ്ങുന്നത്. കഴിഞ്ഞ വര്‍ഷം ആമസോണ്‍ വഴി ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞ പത്ത് മരുന്നുകളില്‍ ഒന്നാണ് Ezricare.
പലതരം ആന്റിബയോട്ടിക് മരുന്നുകള്‍ക്കു പോലും ഫലം കാണാത്ത തരം സ്യൂഡോമോണസ് എയര്‍ജിനോസ എന്ന ബാക്റ്റീരിയയാണ് അണുബാധയ്ക്ക് കാരണമായത് എന്നാണ് ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചത്. അമേരിക്കയില്‍ ഇന്നേവരെ കണ്ടുപിടിച്ചതായി രേഖപ്പെടുത്തിയിട്ടില്ലാത്ത ഈ കീടാണു, മരുന്നില്‍ എങ്ങനെ കലര്‍ന്നു എന്നതിനെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
പ്രിസര്‍വേറ്റീവ് ചേര്‍ക്കാതെ നിര്‍മ്മിച്ചത് എന്ന് ഗ്ലോബല്‍ ഹെല്‍ത് കെയര്‍ അവകാശപ്പെടുന്ന Ezricare പലവട്ടം ഉപയോഗിക്കാവുന്ന കുപ്പികളില്‍ നിറച്ചിരുന്നതിനാല്‍ ഓരോ തവണയുമുള്ള ഉപയോഗത്തിനിടെ മരുന്നില്‍ ബാക്ടീരിയ വളരാന്‍ ഇടയായിരിക്കാം എന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്. പ്രിസര്‍വേറ്റീവ് ചേര്‍ക്കാതെ നിര്‍മ്മിക്കുന്നത് കാരണം ഒറ്റ ഡോസ് മാത്രം കൊള്ളുന്ന തരം പാക്കേജിങ് ഉപയോഗപ്പെടുത്തിയിരുന്നു എങ്കില്‍ ഈ ദുരന്തം ഒരുപക്ഷെ ഒഴിവാക്കാമായിരുന്നത്രെ. തന്നെയുമല്ല, വേണ്ടത്ര മുന്‍കരുതലോ സുരക്ഷാമാനദണ്ഡങ്ങളോ പാലിക്കാതെയാണ് കമ്പനി ഈ മരുന്ന് വിപണിയിലിറക്കിയത് എന്നും ആരോപിക്കപ്പെടുന്നു. ആവശ്യപ്പെട്ട ചില രേഖകള്‍ നല്കാത്തതിനും കമ്പനിക്കെതിരെ നടപടിയെടുക്കുന്നു FDA എന്ന സൂചനയാണ് ലഭിക്കുന്നത്.