കനത്ത ഇന്ധന പ്രതിസന്ധിയില്‍ പാക്കിസ്ഥാന്‍ ; മുന്നറിയിപ്പുമായി എണ്ണക്കമ്പനികള്‍

സാമ്പത്തിക മാന്ദ്യം രൂക്ഷമായ പാക്കിസ്ഥാനില്‍ ഇന്ധന പ്രതിസന്ധിയും രൂക്ഷം. ഇക്കാര്യം അറിയിച്ച് ഓയില്‍ അഡൈ്വസറി കൗണ്‍സില്‍ സര്‍ക്കാരിന് കത്തു നല്‍കി. പാകിസ്താനി രൂപയുടെ മൂല്യത്തില്‍ തുടര്‍ച്ചയായുണ്ടാവുന്ന ഇടിവ് കമ്പനികളെ നഷ്ടത്തില്‍നിന്ന് നഷ്ടത്തിലേക്കെത്തിക്കുകയാണ്. ഇതിനിടെയാണ് ഇന്ധന പ്രതിസന്ധിയുമുണ്ടാകുന്നത്. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെട്ടില്ലെങ്കില്‍ ഇന്ധനം ഇല്ലാത്ത അവസ്ഥയിലേക്ക് രാജ്യം വൈകാതെ എത്തുമെന്നാണ് മുന്നറിയിപ്പ്.

കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാകിസ്ഥാനില്‍ അവശ്യസാധനങ്ങളുടെ വില കുത്തനെ ഉയരുകയാണ്. പാക് രൂപയുടെ മൂല്യവും കുത്തനെ ഇടിഞ്ഞു. പണപ്പെരുപ്പം 21-23 ശതമാനത്തില്‍ ഉയര്‍ന്ന നിലയില്‍ തുടരുമെന്നും നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ക്വാര്‍ട്ടറില്‍ ധനക്കമ്മി 115 ശതമാനത്തിലധികം വര്‍ധിക്കുമെന്നുമാണ് വിദ?ഗ്ധരുടെ മുന്നറിയിപ്പ്.പാകിസ്താനില്‍ വൈദ്യുതി പ്രതിസന്ധിയും രൂക്ഷമാണ്. പല നഗരങ്ങളും വൈദ്യുതി പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കടക്കെണിയില്‍പ്പെട്ടിരിക്കുന്ന പാകിസ്ഥാനില്‍ ഊര്‍ജ്ജ മേഖലയില്‍ സംഭവിക്കുന്നത് വന്‍ തിരിച്ചടിയാണ്.

ഡീസല്‍,കല്‍ക്കരി നിലയങ്ങളില്‍ നിന്നാണ് പാകിസ്ഥാന് ആവശ്യമായ വൈദ്യുതിയുടെ 90 ശതമാനവും ഉത്പാദിപ്പിക്കുന്നത്. ഇവ രണ്ടും ഇപ്പോള്‍ പാകിസ്ഥാന് കിട്ടാക്കനിയാണ്. ആവശ്യമായതിന്റെ 80 ശതമാനം എണ്ണയും ഇറക്കുമതി ചെയ്യുന്ന രാജ്യവുമാണ് പാകിസ്താന്‍. സാമ്പത്തിക സ്ഥിതി താറുമാറായതോടെ ഇറക്കുമതിക്ക് കഴിയുന്നതുമില്ല. കരുതല്‍ ശേഖരവും ഏതാണ്ട് അവസാന ഘട്ടത്തിലാണ്. വൈദ്യുത പ്രതിസന്ധി രൂക്ഷമായതോടെ പലയിടത്തും വ്യാപാര കേന്ദ്രങ്ങളും മാളുകളും റസ്റ്റോറന്റുകളും സന്ധ്യയോടെ തന്നെ അടയ്ക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതിനിടെ വിക്കിപീഡിയ നിരോധിച്ച് പാകിസ്ഥാന്‍. മതനിന്ദാപരമായ ഉള്ളടക്കം നീക്കിയില്ല എന്നാരോപിച്ച് വിക്കിപീഡിയയ്ക്ക് രാജ്യത്ത് നിരോധനമേര്‍പ്പെടുത്തി പാക്കിസ്ഥാന്‍ ഗവണ്മെന്റ്. ഇസ്ലാം മതത്തെ അപമാനിക്കുന്ന കണ്ടന്റ് പിന്‍വലിക്കണം എന്നാവശ്യപ്പെട്ടു നല്‍കിയ 48 മണിക്കൂര്‍ സമയം അവസാനിച്ചതോടെയാണ് പൂര്‍ണനിരോധനത്തിലേക്ക് പാകിസ്ഥാന്‍ ടെലികമ്യൂണിക്കേഷന്‍ അതോറിറ്റി കടന്നത്.