ശക്തമായ എതിര്‍പ്പും പരിഹാസവും ; ബജറ്റ് നിര്‍ദേശങ്ങളില്‍ ഇളവിന് സാധ്യത ; ഇന്ധന സെസ് കുറച്ചേക്കും

സംസ്ഥാന ബജറ്റിലെ നിര്‍ദേശങ്ങളില്‍ ഇളവിന് സാധ്യത. ബജറ്റിനെ ചൊല്ലി പാര്‍ട്ടിക്ക് അകത്തു തന്നെ വിമര്‍ശനങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് ബജറ്റ് നിര്‍ദേശങ്ങളില്‍ ഇളവ് കൊണ്ടുവരാന്‍ ആലോചനയുള്ളത്. രണ്ട് രൂപ ഇന്ധന സെസ് ഏര്‍പ്പെടുത്തിയതിനെതിരെ സിപിഐഎമ്മിലും എല്‍ഡിഎഫിലും എതിര്‍പ്പ് ശക്തമാവുകയാണ്. ഈ സാഹചര്യത്തിലാണ് ഇളവ് നല്‍കുന്നതിനെ കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നത്. അതിനിടെ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ എറണാകുളത്ത് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു.

സംസ്ഥാന ബജറ്റിലുണ്ടായത് നിര്‍ദേശങ്ങള്‍ മാത്രമാണെന്ന് എം വി ഗോവിന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇക്കാര്യത്തില്‍ ചര്‍ച്ച ചെയ്ത് അന്തിമ തീരുമാനമെടുക്കും. ഇന്ധനവിലയ്ക്ക് കാരണം കേന്ദ്രനയമാണെന്നും സംസ്ഥാനത്തെ കേന്ദ്രം പ്രതിസന്ധിയിലാക്കുകയാണെന്നും എം വി ഗോവിന്ദന്‍ വിമര്‍ശിച്ചു. ബജറ്റിനെതിരായി വിമര്‍ശനങ്ങളും ചര്‍ച്ചകളുമൊക്കെ വരുന്നുണ്ട്. ആവശ്യമായ നിലപാട് സ്വീകരിക്കും. സര്‍ക്കാരിനെ തകര്‍ക്കാന്‍ ബോധപൂര്‍വ്വം ശ്രമിക്കുന്ന മാധ്യമങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും ചേര്‍ന്ന് നടത്തുന്ന കടന്നാക്രമണമാണിതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. അതേസമയം ബജറ്റിനെ ഇരു കയ്യും നീട്ടി സ്വീകരിച്ച നിലപാട് ആണ് പിണറായി സ്വീകരിച്ചത്.