ഗായിക വാണീ ജയറാം അന്തരിച്ചു

പ്രമുഖ ചലച്ചിത്ര പിന്നണി ഗായിക വാണി ജയറാം അന്തരിച്ചു. 78 വയസായിരുന്നു. ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം.മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, എന്നിവയുള്‍പ്പെടെ 19 ഭാഷകളിലായി നിരവധി ഗാനങ്ങള്‍ ആലപിച്ചു. സ്വപ്നം എന്ന ചിത്രത്തിലെ സൗരയൂഥത്തില്‍ വിടര്‍ന്നൊരു എന്ന ഗാനമാണ് മലയാളത്തില്‍ അവര്‍ ആദ്യം ആലപിച്ചത്. മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം 3 തവണ നേടിയ വാണി ജയറാമിനെ അടുത്തിടെ പത്മശ്രീ നല്‍കി രാജ്യം ആദരിച്ചിരുന്നു.തമിഴ്‌നാട്ടിലെ വെല്ലൂരില്‍ 1945-ലായിരുന്നു ജനനം. കലൈവാണി എന്നായിരുന്നു യഥാര്‍ത്ഥ പേര്.

ചെറുപ്പത്തില്‍ അമ്മയില്‍ നിന്ന് സംഗീതം അഭ്യസിച്ച വാണി ജയറാം എട്ടാം വയസില്‍ ചെന്നൈ ആകാശവാണി നിലയത്തില്‍ നിന്ന് ഗായികയായി സംഗീതയാത്ര ആരംഭിച്ചു. കടലൂര്‍ ശ്രീനിവാസ അയ്യങ്കാര്‍, ടി.ആര്‍. ബാലസുബ്രഹ്മണ്യന്‍, ആര്‍.എസ്. മണി എന്നിവരില്‍ നിന്ന് കര്‍ണാടക സംഗീതവും ഉസ്താദ് അബ്ദുല്‍ റഹ്മാന്‍ ഖാനില്‍ നിന്ന് ഹിന്ദുസ്ഥാനിയും അഭ്യസിച്ചു. 1971-ല്‍ വസന്ത് ദേശായിയുടെ സംഗീതത്തില്‍ ‘ഗുഡ്ഡി’ എന്ന ചിത്രത്തിലെ ‘ബോലേ രേ പപ്പി’ എന്ന ഗാനത്തിലൂടെ പ്രശസ്തയായി. അക്കാലത്ത് ചിത്രഗുപ്ത്, നൗഷാദ് തുടങ്ങിയ പ്രഗല്ഭരുടെ ഗാനങ്ങള്‍ പാടിയ വാണി ജയറാം ആശാ ഭോസ്ലെക്കൊപ്പം ‘പക്കീസ’ എന്ന ചിത്രത്തില്‍ ഡ്യുയറ്റ് പാടി. മദന്‍ മോഹന്‍, ഒ.പി. നയ്യാര്‍, ആര്‍.ഡി ബര്‍മന്‍, കല്യാണ്‍ജി ആനന്ദ്ജി, ലക്ഷ്മികാന്ത് പ്യാരേലാല്‍, ജയ്ദേവ് തുടങ്ങിയവരുടെ ഗാനങ്ങളും ആലപിച്ചു.

പ്രമുഖ ഗായകരായ മുഹമ്മദ്‌റ ഫി , മുകേഷ്, മന്നാഡേ എന്നിവരോടൊപ്പം പാടിയ അവര്‍ 1974-ല്‍ ചെന്നൈയിലേക്ക് തന്റെ താമസം മാറ്റിയതിനുശേഷമാണ് ദക്ഷിണേന്ത്യന്‍ സിനിമാഗാനലോകത്ത് സജീവമായത്. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം സിനിമകളില്‍ പാടിയ വാണി ജയറാം എം.എസ്. വിശ്വനാഥന്‍, എം.ബി. ശ്രീനിവാസന്‍, കെ.എ. മഹാദേവന്‍, എം.കെ. അര്‍ജുനന്‍, ജെറി അമല്‍ദേവ്, സലില്‍ ചൗധരി, ഇളയരാജ, എ.ആര്‍. റഹ്മാന്‍ തുടങ്ങിയ എല്ലാ തലമുറയിലും സംഗീത സംവിധായകരുടെയും പ്രിയപ്പെട്ട ഗായികയായി.

മലയാളത്തില്‍ ഗോപിസുന്ദര്‍ സംഗീതം നല്‍കിയ 1983 എന്ന ചിത്രത്തിലെ ‘ഓലഞ്ഞാലി കുരുവി’ പുലിമുരുകനിലെ ‘ മാനത്തെ മാരിക്കുറുമ്പെ’ തുടങ്ങിയ ഗാനങ്ങളിലൂടെ പുതുതലമുറയിലെ സംഗീതാസ്വാദകര്‍ക്കും വാണി ജയറാം പ്രിയങ്കരിയായി മാറി. 19ലേറെ ഭാഷകളിലായി പതിനായിരത്തിലേറെ ഗാനങ്ങള്‍ ആലപിച്ചാണ് വാണി ജയറാം എന്ന ഗാനകോകില അരങ്ങൊഴിയുന്നത്. ഈ ഘടികാരം ഇത്രപെട്ടന്ന് നിലച്ചുവോ എന്ന് ഒരു നിമിഷം ആരാധകര്‍ക്ക് സംശയം തോന്നിയിട്ടുണ്ടാകാം.

മലയാളത്തില്‍ ഒഎന്‍വിയുടെയും വയലാറിന്റെയും ശ്രീകുമാരന്‍ തമ്പിയുടെയും മങ്കൊമ്പ് ഗോപാലകൃഷ്ണന്റെയുമൊക്കെ പ്രണയാര്‍ദ്ര വരികള്‍ക്ക് പിന്നിലെ ശബ്ദമാധുര്യം വാണി ജയറാം ആയിരുന്നു. സൗരയൂഥത്തില്‍ വിടര്‍ന്നൊരു, ചിത്ര വര്‍ണ പുഷ്പജാലമൊരുക്കി, പത്മതീര്‍ത്ഥക്കരയില്‍, കാമിനിമാര്‍ക്കുള്ളില്‍, കല്യാണമാലയിട്ട തമിഴമ്മാ, വിജനമീ വീഥി, നാടന്‍പാട്ടിലെ മൈനേ, ആയില്യംപാടത്തെ പെണ്ണേ, വാല്‍ക്കണ്ണെഴുതി വനപുഷ്പം ചൂടി, തിരുവോണപുലരിതന്‍, പൂക്കള്‍ പനിനീര്‍ പൂക്കള്‍, മനസില്‍ മടിയിലെ, മാനത്തേ മാരിക്കുറുമ്പേ തുടങ്ങി വാണിയമ്മ പാടിപ്പാടി അനശ്വരമാക്കി തീര്‍ത്ത മലയാള ഗാനങ്ങള്‍ക്ക് എണ്ണമില്ല.