മുന്‍ പാകിസ്താന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫ് അന്തരിച്ചു

മുന്‍ പാകിസ്ഥാന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫ് (79) ദുബായില്‍ അന്തരിച്ചു. ദുബായിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുഷറഫിനെ നേരത്തെ റാവല്‍പിണ്ടിയിലെ ആംഡ് ഫോഴ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കാര്‍ഡിയോളജിയിലേക്ക് (എഎഫ്ഐസി) മാറ്റിയിരുന്നു. പാക് മാധ്യമങ്ങളാണ് മുഷറഫിന്റെ മരണവാര്‍ത്ത പുറത്തുവിട്ടത്. 2016 മാര്‍ച്ച് മുതല്‍ ദുബായിലായിരുന്ന മുഷറഫ് അമിലോയിഡോസിസ് ബാധിച്ച് ചികിത്സയിലായിരുന്നു. അമിലോയിഡ് എന്ന അസാധാരണ പ്രോട്ടീന്‍ അവയവങ്ങളില്‍ അടിഞ്ഞുകൂടുകയും അവയുടെ സാധാരണ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുകയും ചെയ്യുമ്പോള്‍ ഉണ്ടാകുന്ന അപൂര്‍വ രോഗമാണിത്.

”അതീവ ഗുരുതരാവസ്ഥയിലും അവയവങ്ങള്‍ തകരാറിലാകുന്നതുമായ” അവസ്ഥയിലാണ് മുന്‍ സൈനിക മേധാവിയെന്ന് അദ്ദേഹത്തിന്റെ കുടുംബം ഇക്കഴിഞ്ഞ ജൂണില്‍ ഒരു പത്രകുറിപ്പില്‍ അറിയിച്ചിരുന്നു. 2007-ല്‍ ഭരണഘടനാ വിരുദ്ധമായി അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയതിന് മുഷാറഫിനെതിരെ പിന്നീട് രാജ്യദ്രോഹക്കുറ്റം ചുമത്തി, ഈ കേസില്‍ 2014 ല്‍ അദ്ദേഹം കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. 1999 മുതല്‍ 2008 വരെ പാകിസ്ഥാന്‍ ഭരിച്ച മുഷറഫിനെ ബേനസീര്‍ ഭൂട്ടോ വധക്കേസിലും റെഡ് മോസ്‌ക് പുരോഹിതനെ കൊലപ്പെടുത്തിയ കേസിലും പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. പാക്കിസ്താന്‍ മാധ്യമങ്ങളാണ് വാര്‍ത്ത പുറത്ത് വിട്ടത്.1999ല്‍ പട്ടാള അധിനിവേശത്തിലൂടെയാണ് പര്‍വേസ് മുഷറഫ്സ പാകിസ്താന്‍ പ്രധാനമന്ത്രിയായിരുന്ന നവാസ് ഷെരീഫിനെ പുറത്താക്കി അധികാരം പിടിച്ചെടുത്തത്. പാക് സൈനിക മേധാവിയായിരുന്നു പര്‍വേസ് മുഷാറഫ്. 2008 ഓഗസ്റ്റ് എട്ടിനാണ് അദ്ദേഹം അധികാരം ഒഴിഞ്ഞത്.

1943 ഓഗസ്റ്റ് 11 ന് ഡല്‍ഹിയില്‍ ജനിച്ച മുഷറഫ് കറാച്ചിയിലെ സെന്റ് പാട്രിക്സ് ഹൈസ്‌കൂളിലാണ് തന്റെ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. ലാഹോറിലെ ഫോര്‍മാന്‍ ക്രിസ്ത്യന്‍ കോളജില്‍ ഉന്നത വിദ്യാഭ്യാസം നേടി.