മീന്‍ പിടിക്കാന്‍ ഇറങ്ങിയ യുവാവിനെ മുതല തിന്നു
മീന്‍ പിടിക്കാനായി പുഴയില്‍ ഇറങ്ങിയ യുവാവിനെ മുതല ജീവനോടെ തിന്നു. ഫിലിപ്പിനോ സ്വദേശിയായ ഫാംഹാന്‍ഡ് മാര്‍വിന്‍ സൂസ എന്ന 36 -കാരനാണ് മുതലയുടെ അപ്രതീക്ഷിത ആക്രമണത്തിന് ഇരയായത്. മലേഷ്യയിലെ സബയിലെ സെമ്പോര്‍ണ സിറ്റിയിലെ പെഗാഗൗ ഫാം ഏരിയയില്‍ ഏഴോളം സുഹൃത്തുക്കളോടൊപ്പം മത്സ്യബന്ധനം നടത്തുന്നതിനിടയിലാണ് ഇയാളെ മുതല പിടികൂടിയത്. ജനുവരി 29 -ന് ഉച്ചയ്ക്കു ശേഷമാണ് അപകടമുണ്ടായത്. മുതല ഇയാളെ പിടികൂടുന്നത് സുഹൃത്തുക്കള്‍ കണ്ടെങ്കിലും രക്ഷിക്കാന്‍ അവര്‍ക്ക് സാധിക്കാതെ വരികയായിരുന്നു.മൂന്നു കുട്ടികളുടെ അച്ഛനാണ് കൊല്ലപ്പെട്ട ഫാംഹാന്‍ഡ് മാര്‍വിന്‍ സൂസ. സുഹൃത്തുക്കളോടൊപ്പം അവധി ആഘോഷിക്കാന്‍ ആണ് ഇദ്ദേഹം ഇവിടെ മീന്‍ പിടിക്കാനായി എത്തിയത്.
മീന്‍ പിടിക്കാനായി പുഴയിലേക്ക് എറിഞ്ഞ ചൂണ്ട എന്തിലോ തടഞ്ഞതായി സംശയം തോന്നിയ മാര്‍വിന്‍ സൂസ അത് പരിശോധിക്കാനാണ് പുഴയുടെ അരികിലേക്ക് നീങ്ങിയത്. പെട്ടെന്നായിരുന്നു തീര്‍ത്തും അപ്രതീക്ഷിതമായി മുതല വെള്ളത്തിനടിയില്‍ നിന്നും പൊങ്ങിവന്ന് മാര്‍വിന്റെ കാലില്‍ പിടിച്ചു വലിച്ചു വെള്ളത്തിനടിയിലേക്ക് മുങ്ങുകയായിരുന്നു. സുഹൃത്തുക്കള്‍ക്ക് രക്ഷിക്കാന്‍ ആകുന്നതിനു മുന്‍പ് തന്നെ അയാള്‍ മുതലയുടെ പിടിയില്‍ ആയിരുന്നു. രക്ഷാപ്രവര്‍ത്തകര്‍ മാര്‍വിന്റെ ശരീരത്തിനായി തിരച്ചില്‍ ആരംഭിച്ചു എങ്കിലും അദ്ദേഹത്തിന്റെ ശരീരമോ കൊലയാളിയായ മുതലയെയോ ഇതുവരെയും കണ്ടെത്താനായിട്ടില്ല.
തിരച്ചിലിനിടയില്‍ ഒരുതവണ മാര്‍വിന്റെ ശരീര അവശിഷ്ടങ്ങളുമായി മുതല വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്നത് കണ്ടെങ്കിലും പെട്ടെന്ന് തന്നെ അത് അപ്രത്യക്ഷമാകുകയായിരുന്നു. രണ്ടുദിവസത്തോളം തുടര്‍ച്ചയായി പുഴയിലും പുഴയുടെ പ്രാന്ത പ്രദേശങ്ങളിലും തിരച്ചില്‍ നടത്തിയെങ്കിലും മാര്‍വിന്റെ ശരീരഭാഗങ്ങളോ അക്രമകാരിയായ മുതലയേയോ കണ്ടെത്താനായിട്ടില്ല. അധികൃതര്‍ പരിസരവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.