ഡബ്ല്യുസിസി വിവാദം , ക്ഷമ ചോദിച്ച് ഇന്ദ്രന്‍സ്

ദേശിയ മാധ്യമത്തിന് നല്‍കിയ അഭിമുഖവുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദത്തില്‍ ക്ഷമ ചോദിച്ച് നടന്‍ ഇന്ദ്രന്‍സ്. ഡബ്ല്യുസിസിയെ തള്ളിപ്പറയാനോ കുറ്റപ്പെടുത്താനോ ശ്രമിച്ചിട്ടില്ലെന്നും അഭിമുഖത്തില്‍ പറയാത്ത കാര്യങ്ങള്‍ തെറ്റിദ്ധാരണയുണ്ടാക്കുന്ന തരത്തില്‍ പ്രചരിപ്പിക്കുകയാണെന്നും ഇന്ദ്രന്‍സ് ഫേസ് ബുക്കില്‍ കുറിച്ചു. ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ ക്ഷമിക്കണം. ഡബ്ല്യുസിസിയെ തള്ളിപ്പറഞ്ഞിട്ടില്ല. സഹപ്രവര്‍ത്തകന്‍ തെറ്റ് ചെയ്തെന്ന് വിശ്വസിക്കാന്‍ പാടാണെന്നാണ് പറഞ്ഞത്. അതിക്രമത്തിനിരയായ പെണ്‍കുട്ടിയെ മകളെ പോലെത്തന്നെയാണ് കാണുന്നത്. അവരുടെ വേദനയില്‍ ഒപ്പം തന്നെയുണ്ട്. താന്‍ അഭിമുഖത്തില്‍ പറയാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കുകയായിരുന്നുവെന്നും വാക്കുകള്‍ ആരെയെങ്കിലും മുറിപ്പെടുത്തിയിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുകയാണെന്നും ഇന്ദ്രന്‍സ് ഫേസ്ബുക്കില്‍ കുറിച്ചു.

പോസ്റ്റിന്റെ പൂര്‍ണ രൂപം :

കഴിഞ്ഞ ദിവസം ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസില്‍ വന്ന അഭിമുഖവുമായി ബന്ധപ്പെട്ട് ചില സുഹൃത്തുക്കളുടെ അഭിപ്രായം കാണാനും കേള്‍ക്കാനും ഇടയായി. ആരെയെങ്കിലും വേദനിപ്പിക്കാനോ കുറ്റപ്പെടുത്താനോ ബോധപൂര്‍വ്വം ശ്രമിച്ചിട്ടില്ല. ഡബ്ല്യു സി സി യെ തള്ളിപ്പറയാനല്ല ശ്രമിച്ചത്, ചിലരെങ്കിലും അഭിമുഖത്തില്‍ പറയാത്ത കാര്യങ്ങള്‍ തെറ്റിദ്ധാരണയുണ്ടാക്കുന്ന തരത്തില്‍ പ്രചരിപ്പിക്കുന്നതായി കണ്ടു. എന്റെ ഒരു സഹപ്രവര്‍ത്തകന്‍ തെറ്റ് ചെയ്തു എന്നത് വിശ്വസിക്കാന്‍ പാടാണ് എന്ന് മാത്രമാണ് ഉദ്ദേശിച്ചത്. പെണ്‍കുട്ടിയെ മകളെ പോലെത്തന്നെയാണ് കാണുന്നത്. അവരുടെ വേദനയില്‍ ഒപ്പം തന്നെയുണ്ട്. മനുഷ്യരുടെ സങ്കടങ്ങള്‍ വലിയ തോതില്‍ വേദനിപ്പിക്കാറുണ്ട്. എല്ലാ നിലവിളികളും തിരിച്ചറിയാനുള്ള ജീവിത സാഹചര്യങ്ങളിലൂടെയാണ് കടന്ന് വന്നത്. നില്‍ക്കുന്ന മണ്ണിനെ കുറിച്ച് നല്ല ബോധമുണ്ട്. എന്റെ വാക്കുകള്‍ ആരെയെങ്കിലും മുറിപ്പെടുത്തിയിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നു….
എല്ലാവരോടും സ്‌നേഹം…

ഇന്ദ്രന്‍സ്