അനിയത്തിയെ കാണിച്ചു ചേച്ചിയെ കല്യാണം കഴിപ്പിച്ചു ; ചതി മനസിലാക്കി കേസ് കൊടുത്തു വരന്‍

നമ്മുടെ നാട്ടില്‍ ഉള്ള ഒരു ചൊല്ലാണ് ‘അനിയത്തിയെ കാണിച്ചു ചേച്ചിയെ കല്യാണം കഴിപ്പിച്ചത് പോലെ’ എന്ന്. എന്നാല്‍ ഈ ചൊല്ല് സത്യമായി. ഇവിടെയല്ല യു പിയിലാണ് സംഭവം. ചെക്കന്‍ പെണ്ണുകാണലിന് വന്നപ്പോള്‍ വീട്ടുകാര്‍ അവതരിപ്പിച്ചത് അനിയത്തിയെ. വിവാഹപ്പന്തലില്‍ വധുവായി എത്തിയത് ചേച്ചിയും! ആളുമാറി വിവാഹം ചെയ്ത വരനും ബന്ധുക്കളും ഞെട്ടല്‍ മാറാതെ പരാതിയുമായി രംഗത്ത്. മുഖാവരണം ധരിച്ചാണ് വധു പന്തലില്‍ എത്തിയത്. ആചാര പ്രകാരം വധുവിന്റെ മുഖാവരണം മാറ്റാന്‍ പാടില്ല. അതുകൊണ്ടുതന്നെ ആളിനെ തിരിച്ചറിയാന്‍ യുവാവിനും ബന്ധുക്കള്‍ക്കും കഴിഞ്ഞില്ല. ജനുവരി 26നായിരുന്നു കൈലാദേവി പോലീസ് സ്റ്റേഷന്‍ പരിസരത്ത് താമസമാക്കിയ യുവതിയും ദാല്‍ചന്ദ് എന്നയാളുമായി വിവാഹം നടന്നത്.

ഖതൗലി എന്ന ഗ്രാമത്തിലാണ് വരന്റെ താമസം. വീട്ടിലെത്തിയ ശേഷം മാത്രമാണ് മുഖാവരണം മാറ്റിയതും, യഥാര്‍ത്ഥ വധുവിനെ മനസ്സിലായതും. വരന്റെ വീട്ടുകാര്‍ തന്നെയാണ് യുവതിയെ മടക്കിയയച്ചത്. പഞ്ചായത്ത് കൂടി സംഭവം ചര്‍ച്ച ചെയ്തപ്പോള്‍ വരന്റെ വീട്ടുകാര്‍ സ്ത്രീധനം ആവശ്യപ്പെട്ടു എന്നായിരുന്നു പെണ്‍വീട്ടുകാര്‍ക്ക് പറയാനുണ്ടായിരുന്നത്. എന്നാല്‍ ഇത് നിഷേധിച്ച വരന്റെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പലവട്ടം പഞ്ചായത്ത് കൂടിയിട്ടും പ്രശ്‌നപരിഹാരമാകാത്തത് കൊണ്ടാണ് വരന്റെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയത്. വിഷയത്തില്‍ പോലീസ് അന്വേഷണം നടത്തിവരികയാണ്. എന്നാല്‍ തനിക്ക് നീതി ലഭിച്ചില്ലെങ്കില്‍, ജീവനൊടുക്കും എന്ന് ഭീഷണിയുമായി വരന്‍ നിലപാട് കടുപ്പിച്ചിരിക്കുകയാണ്.