വിവാഹം കഴിഞ്ഞിട്ട് ഒരു മാസം ; ഭാര്യയെ കഴുത്തുമുറുക്കി കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവ് കൊല്ലത്തു അറസ്റ്റില്‍

കൊല്ലം പൂയപ്പള്ളിയില്‍ ആണ് സംഭവം. ഭാര്യയെ ഷാള്‍ ഉപയോഗിച്ച് കഴുത്തുമുറുക്കി കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ ദേവികുളങ്ങര സ്വദേശി ജോബിന്‍ ജോര്‍ജ് (29)ആണ് അറസ്റ്റിലായത്. കഴിഞ്ഞദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. കരിങ്ങന്നൂര്‍ ആലുംമൂട് രാഖി മന്ദിരത്തില്‍ ശാരിയെയാണ് ജോബിന്‍ ഷാള്‍ മുറുക്കി കൊല്ലാന്‍ ശ്രമിച്ചത്. ഇരുവരും ഒരു മാസം മുന്‍പാണ് വിവാഹിതരായത്. ശാരിയുടെ നേരത്തേയുള്ള വിവാഹത്തില്‍ പതിനാലു വയസുള്ള പെണ്‍കുട്ടിയുണ്ട്. ആദ്യ വിവാഹ ബന്ധം നിയമപരമായി വേര്‍പ്പെടുത്തിയിട്ടില്ല.

കഴിഞ്ഞദിവസം രാത്രിയില്‍ ജോബിനും ശാരിയും തമ്മില്‍ വഴക്കുണ്ടാകുകയും ഉപദ്രവിക്കുകയും ചെയ്തു. എയര്‍ഗണ്‍ ഉപയോഗിച്ചു കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ശാരിയെ ഷാള്‍ ഉപയോഗിച്ച് കഴുത്തുമുറുക്കി കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തു. ശാരിയുടെ നിലവിളി കേട്ട നാട്ടുകാരാണ് പൂയപ്പള്ളി പൊലീസില്‍ അറിയിച്ചത്. തുടര്‍ന്ന് ശാരിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ വധശ്രമത്തിന് പൊലീസ് കേസെടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ റിമാന്‍ഡ് ചെയ്തു.