കേരള കോണ്‍ഗ്രസുകള്‍ എല്‍.ഡി.എഫ്. വിടണം : പി.സി. ജോര്‍ജ്
ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഭാഗമായ കേരള കോണ്‍ഗ്രസ് മാണി വിഭാഗവും, ജനാധിപത്യ കേരള കോണ്‍ഗ്രസും കര്‍ഷക വിരുദ്ധ നിലപാട് സ്വീകരിക്കുന്ന ഇടതുപക്ഷവുമായി മുന്നണി ബന്ധം അവസാനിപ്പിക്കാന്‍ തയ്യാറാകണമെന്ന് കേരള ജനപക്ഷം സെക്കുലര്‍ ചെയര്‍മാന്‍ പിസി ജോര്‍ജ് ആവശ്യപ്പെട്ടു. ഇടതുമുന്നണിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനമായ റബ്ബറിന് 250 രൂപ ഉറപ്പുവരുത്തുമെന്ന പ്രഖ്യാപനം അധികാരത്തിലെത്തി രണ്ടു വര്‍ഷമായിട്ടും നടപ്പിലാക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല.
ബഡ്ജറ്റിന് മുന്നോടിയായി റബ്ബറിന് 250 രൂപ വില സ്ഥിരത ഉറപ്പാക്കണമെന്ന് രണ്ട് കേരള കോണ്‍ഗ്രസ് വിഭാഗങ്ങളും ആവശ്യപ്പെട്ടിരുന്നു എങ്കിലും സി.പി.ഐ.എം. ഇതിന് തയ്യാറായില്ല. ഇതില്‍ നിന്ന് തന്നെ റബ്ബര്‍ കര്‍ഷകരോടുള്ള ഇടതുമുന്നണിയുടെ സമീപനം എന്താണെന്നുള്ളത് വ്യക്തമാണ്.ഈ സാഹചര്യത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുമായുള്ള മുന്നണി ബന്ധം അവസാനിപ്പിക്കാന്‍ ഇരു കേരള കോണ്‍ഗ്രസുകളും തയ്യാറാകണം. കര്‍ഷകര്‍ക്കുവേണ്ടി യോജിച്ച പോരാട്ടത്തിന് സമയമായെന്നും പി.സി. ജോര്‍ജ് പറഞ്ഞു.