തുര്‍ക്കിയില്‍ വീണ്ടും ഭൂചലനം ; മരണസംഖ്യ 1400 കടന്നു
രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുന്നതിന് ഇടയില്‍ ആശങ്ക ഉയര്‍ത്തി തുര്‍ക്കിയില്‍ വീണ്ടും ഭൂചലനം റിപ്പോര്‍ട്ട് ചെയ്തു. 7.5 തീവ്രത അനുഭവപ്പെട്ട ഭൂചലനമാണ് 2 ദശലക്ഷം ജനസംഖ്യയുള്ള തെക്കുകിഴക്കന്‍ നഗരമായ ഗാസിയാന്‍ടെപ്പിന് സമീപമുള്ള എകിനോസു പട്ടണത്തിന് സമീപം അനുഭവപ്പെട്ടത്. തുടര്‍ചലനങ്ങള്‍ പ്രതീക്ഷിക്കാമെന്നും തുര്‍ക്കിഷ് ദുരന്തനിവാരണ ഏജന്‍സി അറിയിച്ചു. അതേസമയം തുര്‍ക്കിയിലും അയല്‍രാജ്യമായ സിറിയയിലുമായുണ്ടായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 1400 കടന്നു.
തുര്‍ക്കിയില്‍ മാത്രം 912 പേര്‍ മരിച്ചതായും 5383 പേര്‍ക്ക് പരുക്കേറ്റതായും പ്രസിഡന്റ് തയിപ് എര്‍ദോഗന്‍ അറിയിച്ചു. രക്ഷാ പ്രവര്‍ത്തനം തുടരുകയാണെന്നും മരണ സംഖ്യ എത്രത്തോളം ഉയരുമെന്ന് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിറിയയില്‍ 371 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. 1089 പേര്‍ക്ക് പരിക്കേറ്റു. വിമതരുടെ കൈവശമുള്ള വടക്ക് പടിഞ്ഞാറന്‍ സിറിയയില്‍ 211 പേര്‍ മരിക്കുകയും 419 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. നൂറുകണക്കിനുപേര്‍ ഇപ്പോഴും കെട്ടിടാവശിഷ്ടങ്ങള്‍ക്കുള്ളില്‍ കുടുങ്ങിക്കിടക്കുകയാണ്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് വിവരം.
റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് തെക്ക് കിഴക്കന്‍ തുര്‍ക്കിയില്‍ അനുഭവപ്പെട്ടത്. 15 മിനിറ്റിനുശേഷം റിക്ടര്‍ സ്‌കെയിലില്‍ 6.7 രേഖപ്പെടുത്തിയ തുടര്‍ചലനവും അനുഭവപ്പെട്ടു. കുറഞ്ഞത് 20 തുടര്‍ചലനങ്ങളാണ് ഉണ്ടായത്. നിരവധി കെട്ടിടങ്ങള്‍ നിലംപൊത്തി. ധാരാളം പേര്‍ ഇതിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ലെബനനിലും സൈപ്രസിലും ചലനം അനുഭവപ്പെട്ടു.