ആനുകൂല്യങ്ങള്‍ തട്ടാന്‍ അമ്മയുടെ മൃതദേഹം മകള്‍ ഫ്രീസറില്‍ ഒളിപ്പിച്ചത് രണ്ടു വര്‍ഷം
അമ്മയുടെ മൃതദേഹം മകള്‍ ഫ്രീസറിനുള്ളിലാക്കി ഒളിപ്പിച്ച് വെച്ചത് രണ്ടു വര്‍ഷക്കാലത്തോളം. ഈവാ ബ്രാച്ചര്‍ എന്ന 69 -കാരിയായ സ്ത്രീയാണ് 96 വയസ്സ് ഉണ്ടായിരുന്ന തന്റെ അമ്മയുടെ മരണം എല്ലാവരില്‍ നിന്നും മറച്ചുവയ്ക്കുകയും രണ്ടു വര്‍ഷക്കാലത്തോളം അവരുടെ മൃതദേഹം ആരും അറിയാതെ വീടിന് സമീപത്തായി ഫ്രീസറില്‍ സൂക്ഷിക്കുകയും ചെയ്തത്. അമ്മയുടെ മരണം മറച്ചു വച്ചതിനും വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കൈവശം സൂക്ഷിച്ചതിനും പൊലീസ് ഇവര്‍ക്കെതിരെ കേസെടുത്തു. വ്യാഴാഴ്ച ഇവരെ കോടതിയില്‍ ഹാജരാക്കി. ചിക്കാഗോ സ്വദേശിയാണ് ഇവര്‍.
ഏതാനും ദിവസങ്ങള്‍ക്കു മുന്‍പാണ് ഈവാ താമസിച്ചിരുന്ന വീടിന് സമീപത്തായുള്ള ഗാരേജില്‍ നിന്ന് ഫ്രീസറില്‍ സൂക്ഷിച്ച നിലയില്‍ റെജീന മിചാല്‍സ്‌കി എന്ന ഇവരുടെ അമ്മയുടെ മൃതദേഹം പൊലീസ് കണ്ടെത്തിയത്. 2021 മാര്‍ച്ചില്‍ ആയിരിക്കണം ഇവര്‍ മരിച്ചത് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കൃത്യമായി മരിച്ച കാലയളവും മരണകാരണവും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിനുശേഷം മാത്രമേ കണ്ടെത്താനാകൂ.
എന്തുകൊണ്ടാണ് ഇവര്‍ ഇത്തരത്തില്‍ അമ്മയുടെ മരണം മറച്ചുവെച്ചത് എന്ന കാര്യം പൊലീസിന് വ്യക്തമല്ല. എന്നാല്‍, മുന്‍പ് പലതവണ വ്യാജരേഖ ചമച്ചത് അടക്കമുള്ള കേസുകളില്‍ പ്രതിയായിട്ടുള്ള ഇവര്‍ അമ്മയുടെ ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നതിനായി ആണോ ഇത്തരത്തില്‍ ഒരു കാര്യം ചെയ്തത് എന്നാണ് പൊലീസ് സംശയിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്. നിരവധി തവണ ശ്രമിച്ചിട്ടും തന്റെ മുത്തശ്ശിയുമായി ബന്ധപ്പെടാന്‍ സാധിക്കാതെ വന്നതോടെ കെന്റക്കില്‍ താമസിക്കുന്ന ഈവാ ബ്രാച്ചറുടെ മകളാണ് പൊലീസിനെ വിവരം അറിയിച്ചത്. ഇതിനെ തുടര്‍ന്നാണ് പൊലീസ് ഈവയുടെ വീട്ടില്‍ പരിശോധന നടത്തുകയും ഫ്രീസറില്‍ സൂക്ഷിച്ച നിലയില്‍ മൃതദേഹം കണ്ടെത്തുകയും ചെയ്തത്.