മമ്മൂട്ടി ബി. ഉണ്ണികൃഷ്ണന്‍ ചിത്രം ക്രിസ്റ്റഫറിനെതിരെ വ്യാജപ്രചരണം

ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ‘ക്രിസ്റ്റഫര്‍’ എന്ന സിനിമ ഇറങ്ങാന്‍ രണ്ടു ദിവസം മാത്രം ബാക്കി നില്‍ക്കെ സംവിധായകനെ പ്രതിസ്ഥാനത്ത് നിര്‍ത്തി വ്യാജ പോസ്റ്റ് പ്രചരിക്കുന്നു. ‘ഈ ആഴ്ച ഇറങ്ങുന്ന ചിത്രങ്ങള്‍ മുതല്‍ തിയേറ്ററുകളില്‍ ഓണ്‍ലൈന്‍ ചാനലുകള്‍ അടക്കം പ്രേക്ഷകരുടെ അഭിപ്രായം ചോദിക്കുന്നത് വിലക്കേര്‍പ്പെടുത്തി സിനിമ സംഘടന’ എന്ന തരത്തിലാണ് ഒരു പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. എന്നാല്‍ ഫെഫ്ക ജനറല്‍ സെക്രട്രി കൂടിയായ ബി. ഉണ്ണികൃഷ്ണന്റെ ഫോട്ടോ ഉള്‍പ്പെടുത്തികൊണ്ട് പ്രചരിക്കുന്ന ഈ വാര്‍ത്ത തികച്ചും വ്യാജമാണ് എന്ന് അവര്‍ പറയുന്നു.

തിയേറ്റര്‍ ഓണേര്‍സ് അസോസിയേഷന്‍, ഫെഫ്ക, തുടങ്ങി ഔദ്യോഗിക സംഘടനകളൊന്നും തന്നെ ഇത്തരമൊരു പ്രഖ്യാപനം നടത്തിയതായി അറിവില്ല.അതേസമയം ഇത് ‘ക്രിസ്റ്റഫര്‍’ എന്ന ചിത്രത്തെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ ആരൊക്കെയോ കെട്ടിച്ചമച്ചുണ്ടാക്കിയ വാര്‍ത്ത മാത്രമാണെന്ന് ബി. ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കി. മമ്മൂട്ടി നായകനായ ചിത്രം വരുന്ന ഒന്‍പതാം തീയതിയാണ് റിലീസ് ആകുന്നത്.