ഉടമയുടെ തല കടിച്ചെടുത്ത് ഒട്ടകം

രാജസ്ഥാനിലാണ് അതി ഭീകരമായ ഈ സംഭവം നടന്നത്. കെട്ടുപൊട്ടിച്ചോടിയപ്പോള്‍ നിയന്ത്രിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് അക്രമാസക്തനായ ഒട്ടകം ഉടമയുടെ തല കടിച്ചെടുത്തത്. നാട്ടുകാര്‍ ഒട്ടകത്തെ കെട്ടിയിട്ട് അടിച്ചുകൊന്നു. ബിക്കാനീറിലെ പഞ്ചു ഗ്രാമത്തിലാണ് സംഭവം. ഒട്ടകത്തെ കെട്ടിയിട്ടിരിക്കുകയായിരുന്നു. ഈ സമയത്ത് മറ്റൊരു ഒട്ടകം അതുവഴി കടന്നുപോയി. അതിന്റെ അരികിലേക്ക് പോകാനായി ഒട്ടകം കയര്‍ പൊട്ടിച്ച് ഓടാന്‍ ശ്രമിച്ചു. ഈ ഒട്ടകത്തെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു ആക്രമണം. കടിഞ്ഞാണ്‍ പിടിച്ച് നിയന്ത്രിക്കാന്‍ ശ്രമിക്കവെ ഉടമ സോഹന്‍ റാം നായിക്കിനെ ഒട്ടകം ആക്രമിച്ച് നിലത്തേക്ക് ചവിട്ടിയിട്ടു.

തുടര്‍ന്ന് ഉടമയുടെ കഴുത്തില്‍ പിടിച്ച് മുകളിലേക്കുയര്‍ത്തി വീണ്ടും നിലത്തേക്കെറിഞ്ഞു. ഈ സമയത്ത് ഉടമയുടെ തല വേര്‍പെട്ടു. തുടര്‍ന്ന് വേര്‍പെട്ട കഴുത്ത് ഒട്ടകം ചവച്ചരച്ചു എന്ന് പൊലീസ് പറയുന്നു. ഈ സമയത്ത് അവിടെയുണ്ടായിരുന്ന നാട്ടുകാര്‍ ചേര്‍ന്ന് ഒട്ടകത്തെ മരത്തില്‍ കെട്ടിയിട്ടു. അക്രമാസക്തമായ ഒട്ടകത്തെ നിയന്ത്രണത്തിലാക്കാന്‍ ഇവര്‍ വടി ഉപയോഗിച്ച് ഒട്ടകത്തെ അടിക്കുകയും അടിയുടെ ആഘാതത്തില്‍ ഒട്ടകം ചത്തുപോവുകയുമായിരുന്നു. ഇന്ത്യന്‍ എക്‌സ്പ്രസ്സ് ആണ് വാര്‍ത്ത പുറത്തു വിട്ടത്.