മലയാളി വിദ്യാര്‍ഥികള്‍ വിദേശത്ത് പോകുന്നത് തടയാന്‍ കൗണ്‍സിലിനെ നിയോഗിച്ചെന്ന് മന്ത്രി
ഉന്നത പഠനത്തിനായി വിദേശത്തു പോകുന്ന മലയാളി യുവത്വത്തിനു തടയിടാന്‍ സര്‍ക്കാര്‍. ഇതിനായി പഠനം നടത്താന്‍ ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിനെ ചുമതലപ്പെടുത്തിയതായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദു അറിയിച്ചു. ഈ വിഷയത്തെ സംബന്ധിച്ച് പ്രതിപക്ഷത്തുനിന്ന് പലതവണ ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. വിദ്യാഭ്യാസ നിലവാരം മോശമായതിനാലാണ് കുട്ടികള്‍ വിദേശത്തേക്കു പോകുന്നതെന്നും, ഇക്കാര്യത്തില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പിന് വീഴ്ച സംഭവിച്ചുവെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു. ഇതിനുള്ള മറുപടിയെന്ന നിലയിലാണ്, സര്‍ക്കാര്‍ നടപടികളെക്കുറിച്ച് മന്ത്രി ആര്‍.ബിന്ദു വിശദീകരിച്ചത്.
ഇതേക്കുറിച്ച് പഠിക്കാന്‍ ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിനെ ചുമതലപ്പെടുത്തിയതായി മന്ത്രി വിശദീകരിച്ചു. കൗണ്‍സില്‍ ഉടന്‍ തന്നെ റിപ്പോര്‍ട്ട് നല്‍കുമെന്നും അതിനുശേഷം തുടര്‍ നടപടികളിലേക്കു കടക്കുമെന്നും മന്ത്രി വ്യക്തമാക്കി. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ ഏറിയ ശേഷം പഠനത്തിനും മറ്റുമായി രാജ്യം വിടുന്ന യുവാക്കളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ് ആണ് ഉണ്ടായിരിക്കുന്നത്.വിദേശപഠനത്തിനായി മലയാളികള്‍ കൂട്ടത്തോടെ പോകുന്നതിനെ അനുകൂലിച്ചും പ്രതികൂലിച്ചും വിവിധ തലങ്ങളില്‍ സംവാദം സജീവമായ സാഹചര്യത്തിലാണ് സര്‍ക്കാര്‍ നടപടി.