മംഗളൂരുവില്‍ മലയാളി ദമ്പതികള്‍ ഹോട്ടല്‍ മുറിയില്‍ ആത്മഹത്യ ചെയ്തു

മലയാളി ദമ്പതികള്‍ മംഗളൂരുവില്‍ ഹോട്ടല്‍ മുറിയില്‍ ആത്മഹത്യ ചെയ്തു . ഇന്ന് വൈകുന്നേരത്തോടെയാണ് മൃതദേഹം കണ്ടെത്തിയത്. മംഗളുരു ഫല്‍നീറിലെ ഹോട്ടലിലെ മുറിയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കണ്ണൂര്‍ ചെറുപുഴ സ്വദേശികളായ കടേക്കര വീട്ടില്‍ രവീന്ദ്രന്‍ (58) ഭാര്യ സുധ (55) എന്നിവരാണ് മരിച്ചത്. ടെക്‌സ്‌റ്റൈല്‍ വ്യാപാരിയാണ് രവീന്ദ്രന്‍. ഇരുവരും ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക വിവരം.

മംഗളൂരു ഫല്‍നീറിലെ ഹോട്ടലില്‍ രണ്ട് ദിവസം മുന്‍പാണ് രവീന്ദ്രനും സുധയും മുറിയെടുത്തത്. ഇന്നലെ മുതല്‍ മുറി തുറന്നില്ല. ഇന്ന് വൈകുന്നേരം ആയപ്പോള്‍ ഹോട്ടല്‍ അധികൃതര്‍ പോലീസിനെ വിവരമറിയിച്ചു. പൊലീസ് എത്തി വാതില്‍ തുറന്നപ്പോള്‍ ഇരുവരെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പൊലീസ് ഇന്‍ക്വസ്റ്റിന് ശേഷം മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിന് അയക്കും. സാമ്പത്തിക പ്രശ്‌നമാകും ആത്മഹത്യക്ക് കാരണമെന്ന് പറയപ്പെടുന്നു.ബന്ധുക്കള്‍ സംഭവ സ്ഥലത്തേയ്ക്ക് പോയിട്ടുണ്ട്.