പത്താന്‍ സിനിമ കളിക്കുന്ന തിയറ്ററിനു നേരെ ആക്രമണം ; സ്‌ക്രീന്‍ കുത്തിക്കീറി

ഷാരൂഖ് ഖാന്‍ ചിത്രം ‘പത്താന്‍ ‘ പ്രദര്‍ശിപ്പിച്ചു കൊണ്ടിരിക്കേ സ്‌ക്രീന്‍ കുത്തിക്കീറി പ്രതിഷേധം. ഒരു യുവാവും സുഹൃത്തുക്കളും ചേര്‍ന്നാണ് കുറ്റകൃത്യം നടത്തിയത്. തുടര്‍ന്ന് പ്രതി സ്ഥലം വിട്ടു.ബീഹാറിലെ ബേട്ടിയ ജില്ലയിലെ ചന്‍പട്ടിയ ബ്ലോക്കിലെ ലാല്‍ ടാക്കീസിലാണ് സംഭവം. സിനിമ പ്രദര്‍ശനം നടക്കുന്നതിന്റെ ഇടയിലാണ് അക്രമി സ്‌ക്രീന്‍ കുത്തിക്കീറിയത്. ചൊവ്വാഴ്ച രാത്രി ഫസ്റ്റ് ഷോ നടക്കുമ്പോഴായിരുന്നു സംഭവം നടന്നത്. സംഭവത്തെ തുടര്‍ന്ന് തീയറ്ററിനകത്ത് വലിയ പ്രതിഷേധം ഉയര്‍ന്നു. തീയറ്റര്‍ ഉടമകള്‍ പ്രദര്‍ശനം നിര്‍ത്തി. അക്രമിയുടെ കൂട്ടുകാരെ തീയറ്ററിന് അകത്തുണ്ടായിരുന്നുവര്‍ വളഞ്ഞുവെക്കുകയായിരുന്നു.

തുടര്‍ന്ന് പൊലീസിന് കൈമാറുകയായിരുന്നു. ഇയാളുടെ രണ്ട് സുഹൃത്തുക്കളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.നാല് യുവാക്കള്‍ ചിത്രം കാണാനെത്തി. ചിത്രം നടന്നുകൊണ്ടിരിക്കേ ഇവരിലൊരാള്‍ സ്‌ക്രീനിന് അടുത്തേക്ക് പോവുകയും കത്തിയെടുത്ത് സ്‌ക്രീന്‍ കുത്തിക്കീറുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അതേസമയം ആക്രമണം നടത്തിയ യുവാവിനെ പിടികിട്ടിയിട്ടില്ല. കളക്ഷന്‍ റെക്കാഡുകള്‍ ഭേദിച്ചു പ്രദര്‍ശനം തുടരുന്ന ചിത്രത്തിന് സംഘപരിവാര്‍ സംഘടനകള്‍ പല സംസ്ഥാനങ്ങളിലും നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ അതിനെയെല്ലാം തകര്‍ത്തെറിഞ്ഞ വിജയമാണ് സിനിമ ഇപ്പോള്‍ നേടിക്കൊണ്ടിരിക്കുന്നത്.