തിരുവനന്തപുരത്തു ടര്‍ഫുകള്‍ക്ക് സമയപരിധി ; ഇനി ലൈസന്‍സും അത്യാവശ്യം
തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയില്‍ സ്‌പോര്‍ട്‌സ് ടര്‍ഫുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തും. ടര്‍ഫുകളുടെ പ്രവര്‍ത്തനം രാവിലെ 5 മുതല്‍ രാത്രി 10 വരെയായി പരിമിതപ്പെടുത്തി . പ്രത്യേക ലൈസന്‍സ് നല്‍കാനും വാര്‍ഷിക ഫീസ് ഈടാക്കാനുമുള്ള ബൈലോയുടെ കരട് മാതൃകയ്ക്ക് കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തിന്റെ അംഗീകാരം. നഗരത്തിനുള്ളില്‍ സ്‌പോര്‍ട്‌സ് ടര്‍ഫുകളുടെ എണ്ണം വര്‍ദ്ധിച്ച് വരുന്ന സാഹചര്യത്തിലാണ് കോര്‍പ്പറേഷന്റെ നീക്കം. ടര്‍ഫുകളുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നതിനൊപ്പം വാര്‍ഷിക ഫീസ് ഈടാക്കാനും ലൈസന്‍സ് നല്‍കാനുമാണ് തീരുമാനം.
കഴിഞ്ഞ ദിവസം നടന്ന കോര്‍പറേഷന്‍ കൗണ്‍സില്‍ യോ?ഗത്തിലാണ് ബൈലോയുടെ കരട് മാതൃക അംഗീകരിച്ചത്. ടര്‍ഫുകളുടെ പ്രവര്‍ത്തന സമയം രാവിലെ 5 മുതല്‍ രാത്രി 10 വരെ പരിമിതപ്പെടുത്തി. രാത്രി വൈകിയുള്ള പ്രവര്‍ത്തനം പ്രദേശവാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു എന്ന വിലയിരുത്തിലിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. പ്രവര്‍ത്തിക്കുന്ന സമയത്തും ഉച്ചത്തിലുള്ള ശബ്ദങ്ങളും മറ്റ് ബുദ്ധിമുട്ടുകളും ഒഴിവാക്കണമെന്ന് ബൈലോ യില്‍ പറയുന്നു. 100 ചതുരശ്ര മീറ്റര്‍ വരെ വിസ്തീര്‍ണ്ണമുള്ള ടര്‍ഫുകള്‍ക്ക് വാര്‍ഷിക ലൈസന്‍സ് ഫീസ് 1,000 രൂപയും 200 ചതുരശ്ര മീറ്റര്‍ വരെയുള്ളവയ്ക്ക് 2,000 രൂപയും നല്‍കണം.
300 ചതുരശ്ര മീറ്റര്‍ വരെയുള്ള ടര്‍ഫുകള്‍ക്ക് 3,000 രൂപയും, 500 ചതുരശ്ര മീറ്റര്‍ വരെയുള്ളവയും അതിനു മുകളിലുള്ള ടര്‍ഫുകള്‍ക്ക് 7,500 രൂപയും ഈടാക്കും. നിലവില്‍ ടര്‍ഫുകള്‍ നിയന്ത്രണങ്ങളില്ലാതെയാണ് പ്രവര്‍ത്തിക്കുന്നത്. പുതിയ ടര്‍ഫ് നിര്‍മ്മിക്കുന്നതിന് വേണ്ടിയുള്ള നിബന്ധനകളെ കുറിച്ചും ബൈലോയില്‍ പറയുന്നുണ്ട്. ടൗണ്‍ പ്ലാനിംഗ് സ്‌കീം, മാസ്റ്റര്‍ പ്ലാന്‍, കേരള മുനിസിപ്പല്‍ ബില്‍ഡിംഗ് റൂള്‍സ് എന്നിവ അനുസരിച്ചായിരിക്കും അനുമതി നല്‍കുക. പരിശോധനയില്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചു എന്ന് കണ്ടെത്തിയാല്‍ ടര്‍ഫിന്റെ ലൈസന്‍സ് റദ്ദാക്കാനും കോര്‍പ്പറേഷന് കഴിയും.