സാമ്പത്തിക ഞെരുക്കം ; കുറ്റക്കാര്‍ കേന്ദ്രമെന്ന ന്യായീകരണവുമായി മുഖ്യമന്ത്രി ; കേരളത്തിന്റെ കടം കുറയുന്നു എന്ന് അവകാശവാദം

നീണ്ട മൂന്നു മാസത്തെ ഇടവേളക്ക് ശേഷം വാര്‍ത്താ സമ്മേളനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന്റെ കടം കുറയുകയാണെന്ന് പിണറായി അവകാശപ്പെട്ടു. യു ഡി എഫും ബി ജെ പി യും നടത്തുന്ന സമര കോലാഹലങ്ങള്‍ ജനങ്ങള്‍ മുഖവിലയക്ക് എടുക്കില്ലെന്നും കേരളം കടക്കെണിയില്‍ , ധന ധൂര്‍ത്ത് എന്നിങ്ങനെ പ്രതിപക്ഷവും ഒരു വിഭാഗം മാധ്യമങ്ങളും പ്രചരണം നടത്തുകയാണെന്നും വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി കുറ്റപ്പെടുത്തി. 2020-21 സാമ്പത്തിക 2 വര്‍ഷം കടം ആഭ്യന്തര വരുമാനത്തിന്റെ 38.51 ശതമാനമായിരുന്നു. 2021-21 ല്‍ 37.01 % ആയി അത് കുറഞ്ഞു. 2022-23ല്‍ കടം 36.38% ആയിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിയമസഭ സമ്മേളനം പ്രതിപക്ഷം ബഹിഷ്‌കരിച്ചു. സഭയ്ക്ക് പുറത്ത് പ്രകോപനപരമായ സമരം നടത്തി. പ്രതിപക്ഷ സമരത്തിനൊപ്പം ബി ജെ പിയും ചേര്‍ന്നു. ഇന്ധന വില നിര്‍ണയം
കുത്തകകള്‍ക്ക് വിട്ട് നല്‍കിയ കൂട്ടരാണ് സമരം ചെയ്യുന്നത്. കുത്തകകളെ പ്രീണിപ്പിച്ചും ജനങ്ങളെ പിഴിഞ്ഞും മുന്നോട്ട് പോയവരാണ് കോണ്‍ഗ്രസ്. കേരളത്തെ ഞെരുക്കി തോല്‍പ്പിക്കാമെന്നതാണ് കേന്ദ്ര നയം. യുഡിഎഫ് അതിന് കുട പിടിക്കുകയാണ്. റിലയന്‍സിന് വേണ്ടി രണ്ടാം യുപിഎ ഭരണ കാലത്തു മന്ത്രിമാരെ വരെ മാറ്റിയ പാര്‍ട്ടി ആണ് കോണ്‍ഗ്രസെന്ന് മുഖ്യമന്ത്രി പറഞ്ഞു. 2015 ലെ ബജറ്റില്‍ യുഡിഎഫ് സര്‍ക്കാര്‍ 1 രൂപ അധിക നികുതി ഏര്‍പ്പെടുത്തി. ഇന്നത്തേതിന്റെ പകുതി വില മാത്രമായിരുന്നു അന്ന് ഇന്ധനത്തിനുണ്ടായിരുന്നത്. സെസ് ഏര്‍പെടുത്തേണ്ടി വന്ന സാഹചര്യം സഭയില്‍ വിശദീകരിച്ചു.

കൊവിഡ് കാലത്ത് സര്‍ക്കാരിന് അധിക ചെലവുണ്ടായി. സാമ്പത്തിക രംഗത്ത് തളര്‍ച്ചയുണ്ടായിരുന്നു. ആ സാഹചര്യത്തില്‍ കടം വര്‍ധിച്ചത് സ്വാഭാവികമാണ്. അത് കേരളത്തില്‍ മാത്രമല്ല. അഖിലേന്ത്യാ തലത്തിലും ആഗോള തലത്തിലും ഉണ്ടായി. ജനജീവിതം ദുരിതമാകുമ്പോള്‍ വരുമാനം നിലയ്ക്കുമ്പോള്‍ അസാധാരണ സാമ്പത്തിക സാഹചര്യമാവും. അതാണ് കൊവിഡ് കാലത്ത് ഇവിടെ ഉണ്ടായത്. ആ സാഹചര്യത്തിലാണ് സംസ്ഥാനത്തിന്റെ കടം ആഭ്യന്തര വരുമാനത്തിന്റെ 30-31 ശതമാനത്തില്‍ നിന്ന് 38.5 ശതമാനത്തിലേക്ക് ഉയര്‍ന്നത്. കേന്ദ്രസര്‍ക്കാരിന്റെ അനുമതിയോടെ കേരളമടക്കം സംസ്ഥാനങ്ങള്‍ക്ക് ലഭിച്ച അധിക വായ്പാ പരിധിയുടെ വിനിയോഗമാണ് ഇതിന് കാരണം. ഇടത് സര്‍ക്കാരിന്റെ സമ്മര്‍ദ്ദം ഇതിന് പിന്നിലുണ്ടായിരുന്നു.

കേരളത്തിന്റെ കടം കുതിച്ചുയരുന്നില്ല. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ 13 ശതമാനം കടത്തിന്റെ വളര്‍ച്ച കുറഞ്ഞു. 2022-23 കാലത്ത് 10.03 ശതമാനം വളര്‍ച്ച കുറഞ്ഞു. 2023-24 കാലത്ത് 10.21 ശതമാനമായി കടത്തിന്റെ വളര്‍ച്ച കുറയും. ഇത് കടക്കെണിയുടെ ലക്ഷണമല്ല. സംസാരിക്കുന്ന കണക്കുകള്‍ വസ്തുതകളെ തുറന്നുകാട്ടും. ഈ സര്‍ക്കാര്‍ കാലത്ത് തനത് വരുമാനം വാര്‍ഷിക വളര്‍ച്ച 20 ശതമാനത്തിലധികമാണ്. ജിഎസ്ടി വളര്‍ച്ചാ നിരക്ക് 2021-22 ല്‍ 20.68 ശതമാനമാണ്. 2022-23 ല്‍ ജിഎസ്ടി വരുമാന വളര്‍ച്ച 25.11 ശതമാനമാണ്. ഇത് നികുതി ഭരണ രംഗത്തെ കാര്യക്ഷമതയുടെയും സംസ്ഥാനത്തിന്റെ മൂലധന ചെലവിലെ ഇടപെടലും കാരണം ഉയര്‍ന്നതാണ്. നികുതി പിരിവ് നടക്കുന്നില്ലെന്ന പ്രചാരണം തീര്‍ത്തും അസംബന്ധമാണ്.

ബജറ്റ് ചര്‍ച്ചകള്‍ക്ക് ശേഷം നിയമസഭ ഇന്ന് പിരിഞ്ഞിരുന്നു. ബജറ്റില്‍ ഏര്‍പ്പെടുത്തിയ ഇന്ധന സെസില്‍ ഇളവുണ്ടാകുമെന്നായിരുന്നു പ്രതീക്ഷയെങ്കിലും ഇന്നലെ ബജറ്റ് ചര്‍ച്ചക്കുള്ള മറുപടിയിലും ഇളവ് വരുത്താന്‍ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ തയാറായിരുന്നില്ല. മുഖ്യമന്ത്രിയുടെ പിടിവാശിയാണ് സെസില്‍ ഇളവ് വരുത്താത്തതെന്നായിരുന്നു പ്രതിപക്ഷം ഇതിനോട് പ്രതികരിച്ചത്. ബജറ്റിലെ നികുതി വര്‍ധനവിനെതിരെ പ്രതിപക്ഷം ശക്തമായ പ്രതിഷേധത്തിലാണ്. ഈ സാഹചര്യത്തില്‍ നികുതി വിഷയത്തില്‍ മുഖ്യമന്ത്രിയുടെ പ്രതികരണം എന്താകുമെന്ന ആകാംക്ഷയിലാണ് കേരളം.