ചത്ത കടുവയെ പറ്റി വനംവകുപ്പിന് വിവരം നല്‍കി ; ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

നെന്മേനിയില്‍ കടുവ കെണിയില്‍ കുടുങ്ങി ചത്ത സംഭവത്തില്‍ കടുവയെ കണ്ടെത്തി വനംവകുപ്പിന് വിവരം നല്‍കിയ കര്‍ഷകന്‍ തൂങ്ങി മരിച്ചു. അമ്പുകുത്തി നാല് സെന്റ് കോളനിയില്‍ താമസിക്കുന്ന ക്ഷീരകര്‍ഷകനായ ഹരികുമാറാണ് ആത്മഹത്യ ചെയ്തത്. കടുവ കെണിയില്‍ കുടുങ്ങിയതും ആയി ബന്ധപ്പെട്ട വനംവകുപ്പ് ഹരിയെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ നിരന്തരം ചോദ്യം ചെയ്തിരുന്നു. മേപ്പാടി റേഞ്ച് ഓഫീസിലേക്ക് ചെല്ലാന്‍ നിരന്തരം ആവശ്യപ്പെട്ടിരുന്നതായും നാട്ടുകാര്‍ പറഞ്ഞു. വനം വകുപ്പ് ഭീഷണിപ്പെടുത്തിയെന്ന് കുടുംബം പറഞ്ഞു. ഇതേ തുടര്‍ന്ന് കടുത്ത മാനസിക സമ്മര്‍ദ്ധത്തിലായിരുന്നു ഹരി.

കഴിഞ്ഞ ഒന്നാം തീയ്യതിയാണ് പാടിപറമ്പിലെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തില്‍ കുട്ടിക്കടുവയെ കഴുത്തില്‍ കുരക്ക് മുറുകി ചത്ത നിലയില്‍ കണ്ടെത്തിയത്. വൈകുന്നേരം അഞ്ച് മണിയോടെ ഹരിയടക്കമുള്ളവര്‍ കടുവ ചത്ത് കിടക്കുന്നത് കണ്ടെന്നാണ് വനംവകുപ്പിന് ലഭിച്ചിരുന്ന വിവരം. ഒന്നരവയസ്സുള്ള ആണ്‍കടുവയെ ചത്ത നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് സ്ഥലം ഉടമക്കെതിരെ വനംവകുപ്പ് കേസെടുത്തിരുന്നു. എന്നാല്‍ സ്ഥലം ഉടമ മുഹമ്മദ് വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് വീട്ടില്‍ വിശ്രമത്തിലായിരുന്നുവെന്നും കേസെടുത്ത് മുന്നോട്ട് പോയാല്‍ പ്രതിഷേധം കനക്കുമെന്നും വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ വനംവകുപ്പിന് മുന്നറിയിപ്പ് നല്‍കിയിരുന്നു.

തന്റെ പറമ്പില്‍ അതിക്രമിച്ച് കടന്ന് കുരുക്ക് സ്ഥാപിച്ചവരെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് മുഹമ്മദ് അമ്പലവയല്‍ പോലീസില്‍ പരാതിയും നല്‍കിയിരുന്നു. ഇതോടെയാണ് കടുവയുടെ ജഡം ആദ്യം കണ്ടവരിലേക്ക് വനംവകുപ്പ് അന്വേഷണം നീങ്ങിയതെന്നാണ് നിഗമനം. അതേ സമയം ഹരിയുടെ മരണത്തെ തുടര്‍ന്ന് പ്രദേശത്ത് പ്രതിഷേധം അലയടിക്കുകയാണ്. സംഭവത്തില്‍ പ്രതിഷേധിച്ച് ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബത്തേരിയില്‍ ഇന്ന് രാവിലെ ദേശീയപാത ഉപരോധിക്കും. കടുവയുടെ മരണത്തിന്റെ ഉത്തരവാദിത്വം ഹരിയുടെ മേല്‍ കെട്ടിവെക്കാന്‍ വനം വകുപ്പ് ശ്രമിച്ചതായി നാട്ടുകാര്‍ പറയുന്നു.