സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസിലെ സ്റ്റേ ഹൈക്കോടതി നീക്കി ; ഉണ്ണി മുകുന്ദന് തിരിച്ചടി

നടന്‍ ഉണ്ണി മുകുന്ദന് തിരിച്ചടി. സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസില്‍ വിചാരണ തടഞ്ഞുകൊണ്ടുള്ള ഉത്തരവ് ഹൈക്കോടതി നീക്കി. ഹൈക്കോടതി കോഴ കേസില്‍ പ്രതിയായ അഡ്വ. സൈബി ജോസ് ഹാജരായി അനുകൂല വിധി വാങ്ങിയ കേസിലാണ് നടപടി. ഇരയുടെ പേരില്‍ ഇല്ലാത്ത സത്യവാങ്മൂലം ഹാജരാക്കിയത് ഗുരുതരമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. കേസ് ഒത്തുതീര്‍പ്പാക്കിയെന്നായിരുന്നു കോടതിയെ ധരിപ്പിച്ചത്.

ഒത്തുതീര്‍പ്പ് ഉണ്ടായില്ലെന്ന് ഇരയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. കോടതിക്ക് മുന്നില്‍ കള്ളക്കളി അനുവദിക്കാനാകില്ലെന്ന് ഹൈക്കോടതി പറഞ്ഞു. അഭിഭാഷകന്‍ മറുപടി പറഞ്ഞേ മതിയാവുമെന്ന് കോടതി നിര്‍ദേശിച്ചു. എന്നാല്‍ ഉണ്ണിമുകുന്ദന്റെ അഭിഭാഷകന്‍ സൈബി ജോസ് ഇന്ന് ഹാജരായില്ല. മറുപടി സത്യവാങ്മൂലം നല്‍കാന്‍ ഉണ്ണി മുകുന്ദന് നിര്‍ദ്ദേശം നല്‍കി. കൊച്ചിയിലെ ഫ്‌ലാറ്റില്‍ തിരക്കഥ സംസാരിക്കാന്‍ എത്തിയ യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്നും സ്ത്രീത്വത്തെ അപമാനിച്ചെന്നുമാണ് കേസ്.

അതേസമയം കേസ് വ്യാജമാണ് എന്നാണ് ഉണ്ണിയുമായി അടുപ്പമുള്ളവര്‍ പറയുന്നത്. 2017 ആഗസ്റ്റ് 23നാണ് സംഭവം. ഒറ്റപ്പാലം സ്വദേശിയായ ഒരു യുവതി തിരക്കഥ വായിക്കണമെന്നാവശ്യപ്പെട്ട് കൊച്ചിയില്‍ ഇടപ്പള്ളിയിലുള്ള ഉണ്ണിമുകുന്ദന്റെ വാടക വീട്ടിലെത്തുകയായിരുന്നു. തിരക്കഥ അപൂര്‍ണ്ണമായതിനാല്‍ ഉണ്ണിമുകുന്ദന്‍ സംഭവം നിരസിച്ചിരുന്നു. ഇതോടെ യുവതി വീട്ടില്‍ നിന്നും പോകാന്‍ കൂട്ടാക്കിയില്ല. അവസാനം വളരെ ശ്രമപ്പെട്ടാണ് യുവതിയെ വീട്ടില്‍ നിന്നും പറഞ്ഞു വിട്ടത്.

തുടര്‍ന്ന് യുവതി ഫോണില്‍ വിളിക്കുകയും തന്നെ പീഡിപ്പിച്ചതായി പൊലീസില്‍ പരാതി നല്‍കുമെന്നും ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നും ഉണ്ണിമുകുന്ദന്‍ പറയുന്നു. പെണ്‍കുട്ടിയുടെ അഭിഭാഷകനെന്ന് പരിചയപ്പെടുത്തി ഒരാള്‍ ഇതിന് ശേഷം ഫോണ്‍ വിളിച്ചു. പെണ്‍കുട്ടിയെ വിവാഹം ചെയ്യണമെന്നും അല്ലെങ്കില്‍ 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുണമെന്നും അഭിഭാഷകനും ഭീഷണിമുഴക്കി. ഇതോടെ ഉണ്ണിമുകുന്ദന്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പിന്നാലെ പീഡനം ആരോപിച്ചു യുവതിയും കേസ് നല്‍കി.