ഹിന്‍ഡന്‍ബര്‍ഗിനെ പൂട്ടാന്‍ അദാനിയുടെ തുറുപ്പുചീട്ട് വാച്ച്‌ടെല്‍ ?

കമ്പനിയുടെ അടിത്തറവരെ ഇളക്കുന്ന നിലയില്‍ കാര്യങ്ങള്‍ കൊണ്ടെത്തിച്ച അമേരിക്കന്‍ നിക്ഷേപ ഗവേഷണ സ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിനെതിരെ നിയമ പോരാട്ടത്തിന് ഇന്ത്യന്‍ വ്യവസായി ഗൗതം അദാനി. പ്രമുഖ യുഎസ് നിയമ സ്ഥാപനമായ വാച്ച്‌ടെല്‍ ആയിരിക്കും അദാനി ഗ്രൂപ്പിന് വേണ്ടി വധിക്കാന്‍ എത്തുകയെന്നാണ് റിപ്പോര്‍ട്ട്. കോര്‍പ്പറേറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതിയായി ആരോപിക്കപ്പെടുന്ന ഈ കേസില്‍ പൊരുതി ജയിക്കാന്‍ അദാനി കളത്തിലിറക്കുന്നത് അമേരിക്കയില്‍ വന്‍കിട കോര്‍പ്പറേറ്റുകള്‍ക്കായി കേസുകള്‍ വാദിക്കുന്ന സ്ഥാപനമായാ വാച്ച്‌ടെല്‍നെ ആണ്.

അദാനി ഗ്രൂപ്പിന്റെ പ്രതിരോധ വിഭാഗത്തിന് നേതൃത്വം നല്‍കുന്ന സിറില്‍ അമര്‍ചന്ദ് മംഗള്‍ദാസ് സ്ഥാപനമാണ് വാച്ച്‌ടെലിനെ സമീപിച്ചതെന്നാണ് റിപ്പോര്‍ട്ട്. അദാനിയുടെ മൂത്ത മകന്‍ കരണിന്റെ ഭാര്യാ പിതാവും കോര്‍പ്പറേറ്റ് അഭിഭാഷകനുമായ സിറില്‍ ഷ്രോഫാണ് സിറില്‍ അമര്‍ചന്ദിന്റെ തലവന്‍. കൂടാതെ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയില്‍ അംഗവുമാണ് സിറില്‍ ഷ്രോഫ്. 1965-ല്‍ സ്ഥാപിതമായ കമ്പനിയുടെ മുഴുവന്‍ പേര് ‘വാച്ച്‌ടെല്‍, ലിപ്റ്റണ്‍, റോസന്‍, കാറ്റ്സ്’ എന്നാണ്. ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റിയിലെ മുന്‍ സഹപ്രവര്‍ത്തകരായ ഹെര്‍ബ് വാച്ച്‌ടെല്‍, മാര്‍ട്ടിന്‍ ലിപ്റ്റണ്‍, ലിയോനാര്‍ഡ് റോസന്‍, ജോര്‍ജ്ജ് കാറ്റ്‌സ് എന്നിവരില്‍ നിന്നാണ് ഈ പേര് വന്നത്.

യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ ഏറ്റവും ചെലവേറിയ നിയമ സ്ഥാപനമായി അറിയപ്പെടുന്ന വാച്ച് ടെല്‍ ന്യൂയോര്‍ക്ക് സിറ്റി ആസ്ഥാനമാക്കിയാണ് പ്രവര്‍ത്തിക്കുന്നത്. അതിന്റെ വെബ്സൈറ്റ് അനുസരിച്ച്, ‘യുഎസിലും ലോകമെമ്പാടുമുള്ള ഏറ്റവും വലുതും സങ്കീര്‍ണ്ണവുമായ കേസുകളാണ് കൈകാര്യം ചെയ്യുന്നത്. ലയനം, ഏറ്റെടുക്കല്‍, തന്ത്രപരമായ നിക്ഷേപങ്ങള്‍, പ്രതിരോധം, ഷെയര്‍ഹോള്‍ഡര്‍ ആക്ടിവിസം, കോര്‍പ്പറേറ്റ്, സെക്യൂരിറ്റീസ് നിയമം, കോര്‍പ്പറേറ്റ് ഭരണം തുടങ്ങിയ മേഖലകളില്‍ അനുഭവ സമ്പന്നരാണ് ഇവര്‍. നേരത്തെ, മസ്‌കിന് വേണ്ടിയും വാച്ച്‌ടെല്‍ വാദിച്ചിരുന്നു, ടെസ്ല ഇങ്കിന്റെ ബോര്‍ഡിനെയാണ് പ്രതിനിധീകരിച്ചത്. സോളാര്‍ പാനല്‍ നിര്‍മ്മാതാക്കളായ സോളാര്‍ സിറ്റിയെ ടെസ്ല 2.6 ബില്യണ്‍ ഡോളറിന് ഏറ്റെടുത്തതിനെ തുടര്‍ന്നായിരുന്നു കേസ്.