സര്‍ക്കാര്‍ 21,797 കോടി പിരിച്ചെടുക്കാനുണ്ടെന്ന് സിഎജി ; കുടിശികയ്ക്കു കാരണം കേസുകളെന്ന് സര്‍ക്കാര്‍

പിണറായി സര്‍ക്കാര്‍ വിവിധ വകുപ്പുകളില്‍ നിന്ന് 21,797 കോടി രൂപ പിരിച്ചെടുക്കാനുണ്ടെന്ന് സിഎജി റിപ്പോര്‍ട്ട്. ഇതില്‍ 7100.32 കോടി 5 വര്‍ഷമായി കുടിശികയാണെന്നും കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സിഎജി) 2020-21ലെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. ഇന്ധന സെസിലൂടെ ഒരു വര്‍ഷം സര്‍ക്കാര്‍ ലക്ഷ്യമിടുന്ന 750 കോടി രൂപയുടെ 30 ഇരട്ടിയാണ് ഇത്തരത്തില്‍ പിരിച്ചെടുക്കാനുള്ളത്. കുടിശിക വരുത്തിയതില്‍ വകുപ്പുകളും വന്‍കിടക്കാരുമുണ്ടെന്ന സിഎജി റിപ്പോര്‍ട്ട് ധനമന്ത്രി നിയമസഭയില്‍ വച്ചു. 2021 മാര്‍ച്ച് 31 വരെയുള്ള കണക്കുപ്രകാരം പിരിച്ചെടുക്കാനാകാത്ത തുക ആകെ റവന്യു വരുമാനത്തിന്റെ 22% വരും. ആകെ കുടിശികയില്‍ 6422 കോടി രൂപ സര്‍ക്കാര്‍ വകുപ്പുകളില്‍നിന്നും തദ്ദേശ സ്ഥാപനങ്ങളില്‍നിന്നും കിട്ടാനുണ്ട്.  ജിഎസ്ടി വകുപ്പിനു കീഴിലെ തിരഞ്ഞെടുത്ത ചില ഓഫിസുകളില്‍ നടത്തിയ പരിശോധനയില്‍ 471 കോടി രൂപയുടെ ക്രമക്കേട് കണ്ടെത്തിയെന്നും സിഎജി റിപ്പോട്ടില്‍ കണ്ടെത്തിയിട്ടുണ്ട്.

ഉല്‍പന്നങ്ങള്‍ക്ക് തെറ്റായ നികുതിനിരക്ക് ചുമത്തിയതുമൂലം വരുമാനത്തില്‍ 11 കോടിയുടെ കുറവുണ്ടായെന്നും രേഖകള്‍ കൃത്യമായി പരിശോധിക്കാത്തതിനാല്‍ 7.54 കോടി നഷ്ടപ്പെട്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തേയിലയ്ക്കുള്ള നികുതി തെറ്റിച്ചതിനാല്‍ 6.36 കോടി രൂപ സര്‍ക്കാരിന് നഷ്ടപ്പെട്ടെന്നും സിഎജി റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. അതേസമയം നികുതി കുടിശികകള്‍ക്കും കാരണം കേസുകളും സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ വീഴ്ചയുമാണെന്നാണ് ധനവകുപ്പിന്റെ വിശദീകരണം. നഷ്ടത്തിലോടുന്ന കെഎസ്ആര്‍ടിസി പോലുള്ള പൊതുമേഖലാ സ്ഥാപനങ്ങളെ അങ്ങോട്ടു സഹായിക്കേണ്ട അവസ്ഥയാണ് സര്‍ക്കാരിനുള്ളത്. പൊതുമാപ്പ് പദ്ധതി നടപ്പാക്കിയതും കോവിഡും കാരണം വരുമാനത്തില്‍ വലിയ ഇടിവുണ്ടായെന്നാണ് ജിഎസ്ടി വകുപ്പ് സിഎജിക്കു നല്‍കിയ വിശദീകരണത്തില്‍ പറയുന്നു. അതേസമയം, കെട്ടിട നികുതി സംബന്ധിച്ച 93% കേസുകളും തീര്‍പ്പായതിന് തദ്ദേശ വകുപ്പിനെ സിഎജി അഭിനന്ദിക്കുകയും ചെയ്തു.