നിലയ്ക്കാത്ത പരിഹാസം ; കൗ ഹഗ് ഡേ പിന്‍വലിച്ച് കേന്ദ്രം

കഴിഞ്ഞ രണ്ടു ദിവസമായി രാജ്യത്തെ മുഖ്യ സംസാരവിഷയമായ പ്രണയദിനം കൗ ഹഗ് ഡേ ആയി ആചരിക്കാനുള്ള സര്‍ക്കുലര്‍ പിന്‍വലിച്ച് കേന്ദ്രം. കേന്ദ്ര മൃഗക്ഷേമ ബോര്ഡന്റെയാണ് തീരുമാനം. 2023 ഫെബ്രുവരി 14-ന് പശു ആലിംഗന ദിനം ആചരിക്കുന്നതിനായി അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് ഓഫ് ഇന്ത്യ നല്‍കിയ സര്‍ക്കുലറാണ് ഇന്ന് പിന്‍വലിച്ചുകൊണ്ട് ഉത്തരവിറക്കിയത്. കോംപിറ്റന്റ് അതോറിറ്റിയുടെയും ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീര മന്ത്രാലയത്തിന്റെയും നിര്‍ദ്ദേശപ്രകാരം സര്‍ക്കുലര്‍ പിന്‍വലിക്കുന്നതെന്ന് കേന്ദ്ര മൃഗക്ഷേമ ബോര്‍ഡ് പ്രസ്താവനയില്‍ വ്യക്തമാക്കി.

ജനുവരി ആറിനാണ് പ്രണയദിനം ‘കൗ ഹഗ് ഡേ’ ആയി ആചരിക്കണമെന്ന് ആവശ്യപ്പെട്ട് ഉത്തരവ് പുറത്ത് വന്നത്. സംസ്‌കാരത്തിന്റെയും ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെയും നട്ടെല്ലാണ് പശുവെന്ന് പറഞ്ഞാണ് കേന്ദ്ര മൃഗസംരക്ഷണ വകുപ്പ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. ഇതിനിടെ കൗ ഹഗ് ഡേ ഉത്തരവിനെ അനുകൂലിച്ച് ഉത്തര്‍പ്രദേശ് മൃഗസംരക്ഷണ വകുപ്പ് മന്ത്രി രംഗത്തെത്തിയിരുന്നു. പശുവിനെ കെട്ടിപ്പിടിക്കുന്നത് ബി പി നിയന്ത്രിക്കുമെന്ന് ധരംപാല്‍ സിങ് പറഞ്ഞത് വിവാദമായിരുന്നു. ഇതിനു പിന്നാലെ ട്രോളുകളും വിമര്‍ശങ്ങളും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു. രാജ്യത്തിനു അകത്തും പുറത്തും ഇത് മുഖ്യ സംസാര വിഷമായി. കേന്ദ്ര സര്‍ക്കാരിന് എതിരെ രൂക്ഷമായ ഭാഷയിലാണ് പലരും പരിഹാസം ചൊരിഞ്ഞത്. ഇതൊക്കെ ആകാം കൗ ഹഗ് ഡേ പിന്‍വലിക്കാന്‍ കാരണമായത് എന്നാണ് സൂചന.