രണ്ടാം തവണ ലക്ഷ്യത്തിലെത്തി ഐഎസ്ആര്‍യുടെ എസ്എസ്എല്‍വി ഡി 2
ഐഎസ്ആര്‍ഒയുടെ (ISRO) പുതിയ ഹ്രസ്വദൂര ഉപഗ്രഹ വിക്ഷേപണ പേടകമായ എസ്എസ്എല്‍വി 2 (SSLV-D2) വിജയകരമായി വിക്ഷേപിച്ചു. ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലുള്ള സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് ഇന്നു രാവിലെ 9.18 നായിരുന്നു വിക്ഷേപണം. പേടകത്തിന്റെ രണ്ടാം ദൗത്യമാണ് ഇന്ന് നടന്നത്. ദൗത്യം വിജയകരമായി പൂര്‍ത്തിയായെന്ന് ഐഎസ്ആര്‍ഒ ട്വീറ്റ് ചെയ്തു. ഐഎസ്ആര്‍ഒയുടെ തന്നെ ഇഒഎസ് 07, അമേരിക്കന്‍ കമ്പനി അന്റാരിസിന്റെ ജാനസ് 1, ചെന്നൈ ആസ്ഥാനമായുള്ള സ്റ്റാര്‍ട്ടപ്പായ സ്പേസ് കിഡ്സ് ഇന്ത്യയുടെ ആസാദി സാറ്റ് 2 എന്നീ മൂന്ന് ഉപഗ്രഹങ്ങളെയാണ് എസ്എസ്എല്‍വി ബഹിരാകാശത്ത് എത്തിച്ചത്.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 9 ന് എസ്എസ്എല്‍വിയുടെ ആദ്യ പരീക്ഷണ പറക്കല്‍ ഭാഗികമായി പരാജയപ്പെട്ടിരുന്നു. ഈ പരാജയത്തെക്കുറിച്ചുള്ള അന്വേഷണത്തില്‍, രണ്ടാം ഘട്ട വേര്‍പിരിയല്‍ സമയത്ത് എക്യുപ്മെന്റ് ബേ (ഇബി) ഡെക്കില്‍ കുറച്ചു സമയത്തേയ്ക്ക് ഒരു വൈബ്രേഷന്‍ അനുഭവപ്പെട്ടിരുന്നതായും ഐഎസ്ആര്‍ഒ കണ്ടെത്തിയിരുന്നു. 500 കിലോഗ്രാം വരെ ഭാരമുള്ള ഉപഗ്രഹങ്ങള്‍ ലോഞ്ച് ഓണ്‍ ഡിമാന്‍ഡ് അടിസ്ഥാനത്തില്‍ ഭൂമിയുടെ ഭ്രമണപഥത്തിലേക്ക് വിക്ഷേപിക്കാന്‍ എസ്എസ്എല്‍വി സഹായിക്കും എന്ന് ഐഎസ്ആര്‍ഒ പറയുന്നു. കുറഞ്ഞ അടിസ്ഥാന സൗകര്യങ്ങളോടു കൂടി, കൂടുതല്‍ ഉപഗ്രങ്ങളെ ഉള്‍ക്കൊള്ളുന്നതിനുള്ള ശേഷി എസ്എസ്എല്‍വി 2 ന്റോ ഉണ്ടെന്നും ഐഎസ്ആര്‍ഒ അറിയിച്ചു.