കോടിക്കണക്കിന് സ്വത്തും ബിസിനസും ഉപേക്ഷിച്ച് സന്യാസം സ്വീകരിക്കാനൊരുങ്ങി ഗുജറാത്തി കുടുംബം
സമ്പന്നതയുടെ ഉയരത്തില്‍ നില്‍ക്കുമ്പോള്‍ ഒരു കുടുംബത്തിലെ മുഴുവന്‍ അംഗങ്ങളും തങ്ങളുടെ സമ്പാദ്യവും ബിസിനസും ഉപേക്ഷിച്ച് സന്യാസം സ്വീകരിക്കാന്‍ ഒരുങ്ങുന്നു. ഇവര്‍ ജൈനമത വിശ്വാസികളാണ്. ഏതാണ്ട് അയ്യായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യയില്‍ ഉടലെടുത്ത മതമാണ് ജൈനമതം. ജൈനമത വിശ്വാസികളായ ഈ ഗുജറാത്തി കുടുംബം ദശലക്ഷക്കണക്കിന് മൂല്യമുള്ള തങ്ങളുടെ കുടുംബ ബിസിനസും സകല സമ്പാദ്യങ്ങളും ഉപേക്ഷിച്ചാണ് സന്യാസത്തിന്റെ പാതയിലേക്ക് തിരിഞ്ഞിരിക്കുന്നത്. ഗുജറാത്തിലെ ഭുജില്‍ വഗഡ പ്രദേശത്തെ അജ്രാമര്‍ വിഭാഗത്തില്‍പ്പെട്ടവരാണ് ഈ കുടുംബാംഗങ്ങള്‍.
ബാഹ്യ സമ്പാദ്യങ്ങളില്‍ നിന്നും വിമുക്തി നേടി സന്യാസത്തില്‍ ആകൃഷ്ടരായി, അത്തരത്തില്‍ ഒരു ജീവിതം സ്വീകരിക്കാന്‍ ആഗ്രഹിച്ച് കൊണ്ട് ദീക്ഷ സ്വീകരിക്കാന്‍ ഒരുങ്ങുന്നത് ഈ വ്യവസായ കുടുംബത്തിലെ നാല് അംഗങ്ങളാണ്. മുമുക്ഷ് പീയൂഷ് കാന്തിലാല്‍ മേത്ത, ഭാര്യ പുര്‍വി ബെന്‍, മകന്‍ മേഘ് കുമാര്‍, അനന്തരവന്‍ കൃഷ്ണ കുമാര്‍ നികുഞ്ച് എന്നിവരാണ് ദീക്ഷ സ്വീകരിക്കാന്‍ ഒരുങ്ങുന്നത്. ശ്രീ കോടി സ്ഥാങ്കവാസി ജൈന സംഘത്തിന് കീഴില്‍ ഔപചാരിക ഭഗവതി ദീക്ഷ എടുക്കാനാണ് ഇവര്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഗുജറാത്തിലെ ടിന്‍ സിറ്റി ഗ്രൗണ്ടില്‍ ഗംഭീരമായ ദീക്ഷ സ്വീകരിക്കല്‍ ചടങ്ങാണ് സംഘടിപ്പിക്കുന്നത്.
പരമ്പരാഗത വസ്ത്ര വ്യാപാരിയായ മുമുക്ഷ് പീയൂഷ് കാന്തിലാല്‍ മേത്തയ്ക്ക് ഭുജില്‍ റെഡിമെയ്ഡ് വസ്ത്രങ്ങളുടെ മൊത്തവ്യാപാരം ഉണ്ട്. അദ്ദേഹത്തിന്റെ വാര്‍ഷിക വിറ്റുവരവ് ഒരു കോടിയോളം വരും. ഇതെല്ലാം ഉപേക്ഷിച്ചാണ് അദ്ദേഹം സന്യാസം സ്വീകരിക്കാന്‍ ഒരുങ്ങുന്നത്. പീയൂഷ് കാന്തിലാലിന്റെ ഭാര്യ പുര്‍വി ബെന്നിനാണ് സന്യാസ ജീവിതത്തിലേക്ക് തിരിയണമെന്ന് തീവ്രമായ ആഗ്രഹം ആദ്യമുണ്ടായത്. പിന്നീട് ഇവരുടെ പ്രേരണയാല്‍ ഭര്‍ത്താവും മകനും മരുമകനും സന്യാസം സ്വീകരിക്കാന്‍ തയ്യാറാവുകയായിരുന്നു. ഒരു കുടുംബത്തിലെ നാലുപേര്‍ ഒരുമിച്ച് ദീക്ഷ സ്വീകരിക്കാന്‍ ഒരുങ്ങുന്നത് പ്രദേശത്തെ ജൈനമത വിശ്വാസികള്‍ ഏറെ ആഘോഷത്തോടെയാണ് സ്വീകരിച്ചിരിക്കുന്നത്. മുമ്പ് ഇവിടെ ഒരു കുടുംബത്തിലെ 19 പേര്‍ ഒരുമിച്ച് ദീക്ഷ സ്വീകരിച്ചിരുന്നു. സന്യാസം സ്വീകരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ദീക്ഷ സ്വീകരിക്കുന്നതിന് മുമ്പ് തന്നെ തങ്ങളുടെ മുഴുവന്‍ സ്വത്തു വകകളും സമ്പാദ്യങ്ങളും ദാനം ചെയ്യണം.