ഹജ്ജ് അപേക്ഷ സ്വീകരിച്ചു തുടങ്ങി ; അപേക്ഷാ നടപടി ക്രമങ്ങള്‍ അറിയാം

ഈ വര്‍ഷം ഹജ്ജിന് പോകുന്നവര്‍ക്കായുള്ള ഓണ്‍ലൈന്‍ അപേക്ഷകള്‍ സ്വീകരിച്ച് തുടങ്ങി.
ഇത്തവണത്തെ ഹജ്ജ് തീര്‍ത്ഥാടനത്തിന് ഒരു പ്രത്യേകത കൂടിയുണ്ട്. ഇന്ത്യയില്‍ നിന്നുള്ള ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് അപേക്ഷ ഫോമുകള്‍ ഇത്തവണ സൗജന്യമായി നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഹജ്ജ് തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങള്‍ക്കും മുംബൈയിലെ ബാക്ല ഇന്റര്‍നാഷണല്‍ ട്രാവല്‍സിന്റെ മാനേജരായ മോവാസ് ബാക്ല മറുപടി നല്‍കുന്നു. അപേക്ഷ എങ്ങനെ നല്‍കണം? എത്രയാണ് അപേക്ഷ ഫീസ്, എന്താണ് മറ്റ് നടപടിക്രമങ്ങള്‍ എന്ന് നോക്കാം.

കഴിഞ്ഞ വര്‍ഷം ഓരോ അപേക്ഷയ്ക്കും 400 രൂപ വീതമാണ് ഈടാക്കിയിരുന്നത്. എന്നാല്‍ ഇത്തവണ ഇത് സൗജന്യമാണ്. കൂടാതെ കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ കൊറോണ വ്യാപനം കണക്കിലെടുത്ത് ഹജ്ജ് തീര്‍ത്ഥാടകരുടെ എണ്ണത്തിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇന്ന് എല്ലാ നിയന്ത്രണങ്ങളും എടുത്തുമാറ്റിയിരിക്കുകയാണ്. അതുകൊണ്ട് തന്നെ തീര്‍ത്ഥാടകരുടെ എണ്ണത്തിലും വര്‍ധനവുണ്ടാകും. ഇത്തവണത്തെ ഹജ്ജ് പോളിസിയില്‍ പ്രാധാന്യം നല്‍കുന്നത് സ്ത്രീകള്‍, മുതിര്‍ന്നവര്‍ , ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്കാണ്. 45 വയസ്സിന് മുകളിലുള്ള സ്ത്രീകള്‍ക്ക് ഒറ്റയ്ക്കുള്ള ഹജ്ജ് യാത്രയ്ക്കായി അപേക്ഷിക്കാവുന്നതാണ്. ഇത്തവണ രാജ്യത്തെ 1,75,000 പേര്‍ക്ക് ഹജ്ജ് തീര്‍ത്ഥാടനത്തിനായി എത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇതില്‍ 80 ശതമാനം പേരും ഹജ്ജ് കമ്മിറ്റിയുടെ ഭാഗമായി പോകുന്നവരാണ്. 20 ശതമാനം പേര്‍ മാത്രമാണ് സ്വകാര്യ ഹജ്ജ് ഓപ്പറേറ്റര്‍മാരോടൊപ്പം യാത്രയ്ക്കായി ഒരുങ്ങുന്നത്. അതേസമയം ഇത്തവണ കേന്ദ്രസര്‍ക്കാര്‍ ഹജ്ജ് യാത്രക്കാര്‍ക്കിടയിലെ വിഐപി ക്വോട്ട എടുത്തുമാറ്റിയിട്ടുണ്ട്. ഇതോടെ വിഐപികളും സാധാരണ തീര്‍ത്ഥാടകരെപോലെ യാത്ര ചെയ്യേണ്ടിവരും. ഈ വര്‍ഷം മെയ്, ജൂണ്‍ മാസത്തിലാകും ഹജ്ജ് തീര്‍ത്ഥാടനം നടക്കുക. അതിനായുള്ള അപേക്ഷ ഫോമുകള്‍ ഫെബ്രുവരി 10 മുതല്‍ ലഭ്യമാക്കിത്തുടങ്ങിയിട്ടുണ്ട്. പരമാവധി ആറ് മാസം കാലാവധിയുള്ള പാസ്പോര്‍ട്ട് യാത്രയ്ക്ക് ആവശ്യമാണ്. അതില്‍ രണ്ട് പേജ് ശൂന്യമായിരിക്കണം. അതിന് പുറമെ ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, കോവിഡ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ കരുതണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശത്തില്‍ പറയുന്നു.

ഹജ്ജ് കമ്മിറ്റി സംഘടിപ്പിക്കുന്ന യാത്രയ്ക്ക് ഏകദേശം 40 ദിവസമാണ് എടുക്കുക. എന്നാല്‍ സ്വകാര്യ ടൂര്‍ ഓപ്പറേറ്റര്‍മാരുടെ കീഴിലുള്ള യാത്രകള്‍ക്ക് നിരവധി ഓപ്ഷനുകളുണ്ടാകും. 13, 21, 25, 35, 40 എന്നീ ദിവസത്തെ പാക്കേജുകളാണ് സ്വകാര്യ ഓപ്പറേറ്റര്‍മാര്‍ നല്‍കുന്നത്. ഹജ്ജ് കമ്മിറ്റി ഓഫ് ഇന്ത്യ ഏകദേശം 3,80,000 മുതല്‍ 4 ലക്ഷം വരെയാണ് തീര്‍ത്ഥാടനത്തിനായി ചെലവഴിക്കുന്നത്. ഹജ്ജ് കമ്മിറ്റി ഓഫ് ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്ന് അപേക്ഷ സൗജന്യമായി ലഭിക്കുന്നതാണ്. നേരിട്ട് അപേക്ഷ നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ഓഫ്ലൈന്‍ സൗകര്യവും ലഭ്യമാക്കിയിട്ടുണ്ട്. ഇന്ത്യയിലെ എല്ലാ പ്രധാന നഗരങ്ങളിലും ഈ സംവിധാനം നടപ്പാക്കിയിട്ടുണ്ട്.