വിദ്യാര്‍ത്ഥികള്‍, സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവര്‍ക്ക് നൂതന ആശയങ്ങള്‍ സമര്‍പ്പിക്കാന്‍ അവസരം

തിരുവനന്തപുരം : കേരള ഡെവലപ്മെന്റ് ആന്‍ഡ് ഇന്നൊവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സിലിന്റെ (കെ–ഡിസ്‌ക്) ‘ഒരു തദ്ദേശ സ്ഥാപനം, ഒരു ആശയം’ പദ്ധതിയുടെ ഭാഗമായുള്ള ഇന്നൊവേഷന്‍ ചലഞ്ച് 2023 ലേക്ക് ഇപ്പോള്‍ ആശയങ്ങള്‍ സമര്‍പ്പിക്കാം. കേരള വെറ്ററനറി ആന്‍ഡ് ആനിമല്‍ സയന്‍സ് യൂണിവേഴ്‌സിറ്റി (കെ.വി.എ.എസ്.യു), കേരള ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റി ( കെ.ടി.യു), കേരള അഗ്രികള്‍ച്ചര്‍ യൂണിവേഴ്‌സിറ്റി (കെ.എ.യു), കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആന്‍ഡ് ഓഷ്യന്‍ സ്റ്റഡീസ് (കുഫോസ്) തുടങ്ങിയവയിലെ വിദ്യാര്‍ത്ഥികള്‍, ഗവേഷണ സ്ഥാപനങ്ങള്‍, സ്റ്റാര്‍ട്ടപ്പുകള്‍, വിവിധ മേഖലയിലെ പൂര്‍വ വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ക്കാണ് പ്രാദേശികതല ഉത്പാദനം, സാങ്കേതികവിദ്യ തുടങ്ങിയവ സംബന്ധിച്ച ആശയങ്ങള്‍ സമര്‍പ്പിക്കാന്‍ അവസരം.

ഏറ്റവും മികച്ച മൂന്ന് ആശയങ്ങള്‍ക്ക് സമ്മാനമുണ്ട്. മൂന്ന് വിഭാഗങ്ങളിലായാണ് അപേക്ഷകള്‍ സ്വീകരിക്കുക. ഒന്നാം വിഭാഗത്തില്‍ വിദ്യാര്‍ത്ഥികള്‍, രണ്ടാം വിഭാഗത്തില്‍ പി എച്ച് ഡി സ്‌കോളര്‍, മൂന്നില്‍ സ്റ്റാര്‍ട്ടപ്പുകള്‍. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനകം ബിടെക്/ മാസ്റ്റേഴ്‌സ്/ പിഎച്ച്ഡി പൂര്‍ത്തിയായവര്‍ക്കും അതാത് വിഭാഗത്തില്‍ അപേക്ഷിക്കാം. കൃഷിയും സസ്യശാസ്ത്രവും, അനിമല്‍ ഹസ്ബന്‍ഡറി ആന്‍ഡ് പൗള്‍ട്രി സയന്‍സസ്, ഫിഷറീസ് ആന്‍ഡ് ഒഷന്‍ സയന്‍സസ്, ഡയറി, ഫുഡ് ടെക്‌നോളജി, പുനരുപയോഗം, ഊര്‍ജ സംരക്ഷണം, ഇ- മൊബിലിറ്റി, കാര്‍ബണ്‍ വേര്‍തിരിക്കല്‍, മാലിന്യ നിര്‍മാര്‍ജനം എന്നീ ആശയങ്ങളുടെ പ്രോജെക്ടുകളാണ് സമര്‍പ്പിക്കേണ്ടത്. kdisc.kerala.gov.in/oloi/challenge എന്ന വെബ്‌സൈറ്റ് വഴി ആശയങ്ങള്‍ സമര്‍പ്പിക്കാം. അവസാന തീയതി ഫെബ്രുവരി 25. ഫോണ്‍ : 85 47 51 07 83, 96 45 10 66 43.