അത് നയന്‍താരയെ അല്ല ; ലേഡി സൂപ്പര്‍ സ്റ്റാര്‍ പരാമര്‍ശത്തില്‍ വിശദീകരണവുമായി മാളവിക മോഹനന്‍

നയന്‍താര ആരാധകരും നടി മാളവിക മോഹനനും തമ്മില്‍ സോഷ്യല്‍ മീഡിയയില്‍ നടന്നുവന്ന തര്‍ക്കത്തിന് തല്‍ക്കാലം വിരാമം. നായികമാരെ ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന് വിളിക്കണ്ട എന്ന മാളവിക മോഹനന്റെ പരാമര്‍ശം ആണ് നയന്‍സ് ആരാധകരെ ചൊടിപ്പിച്ചത്. പരാമര്‍ശം തെന്നിന്ത്യന്‍ താരറാണി നയന്‍താരയെ ഉന്നം വെച്ചുള്ളതാണെന്ന് പ്രചരിച്ചതോടെ നയന്‍സ് ആരാധകര്‍ മാളവികയ്‌ക്കെതിരെ രംഗത്തെത്തി. മുന്‍പ് ഒരു സിനിമയിലെ രംഗത്തില്‍ ആശുപത്രി കിടക്കയില്‍ ഫുള്‍ മേക്കപ്പോടെ ഒരു സീനിയര്‍ നായിക അഭിനയിച്ചതിരെ മാളവിക സംസാരിച്ചിരുന്നു. ഇത്‌ല ശ്രദ്ധയില്‍പ്പെട്ട നയന്‍താര മാളവികയുടെ പരാമര്‍ശത്തിന് മറുപടി നല്‍കുകയും ചെയ്തിരുന്നു.

ഇതും കൂടി ആയപ്പോള്‍ മാളവികയുടെ തുടര്‍ച്ചയായ പരാമര്‍ശങ്ങളില്‍ നയന്‍താരയെ ലക്ഷ്യംവെക്കുന്നു എന്ന പ്രചാരം ശക്തമായതോടെ നടി തന്നെ ഒടുവില്‍ സംഭവത്തില്‍ വിശദീകരണവുമായെത്തി.ജീവിതത്തില്‍ ഏറെ ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന നടിയാണ് നയന്‍താരയെന്ന് മാളവിക മോഹനന്‍. സിനിമയില്‍ സീനിയര്‍ എന്ന നിലയില്‍ അവരുടെ അവിശ്വസനീയമായ യാത്രയെ ശരിക്കും നോക്കികാണാറുണ്ടെന്നും മാളവിക പറഞ്ഞു. തന്റെ അഭിപ്രായം സ്ത്രീ അഭിനേതാക്കളെ വിശേഷിപ്പിക്കാന്‍ ഉപയോഗിക്കുന്ന ഒരു പദത്തെക്കുറിച്ചാണ്, അല്ലാതെ ഏതെങ്കിലും പ്രത്യേക താരത്തെക്കുറിച്ചല്ലെന്ന് മാളവിക വ്യക്തമാക്കി. ”ഞാന്‍ നയന്‍താരയെ ശരിക്കും ബഹുമാനിക്കുകയും ആരാധിക്കുകയും ചെയ്യുന്നു. ഒരു സീനിയര്‍ എന്ന നിലയില്‍ അവരുടെ അവിശ്വസനീയമായ യാത്രയെ ഞാന്‍ ശരിക്കും നോക്കിക്കാണുന്നു. ഇനിയെങ്കിലും നിങ്ങള്‍ ഒന്നടങ്ങൂ.”-മാളവിക ട്വീറ്റ് ചെയ്തു.

ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന പ്രയോ?ഗം തന്നെ ഇഷ്ടമല്ല. നായകന്മാരെ എന്നപോലെ നായികമാരെയും സൂപ്പര്‍ സ്റ്റാര്‍ എന്ന് വിളിക്കുന്ന സാഹചര്യമുണ്ടാവണം. ലേഡി സൂപ്പര്‍സ്റ്റാര്‍ എന്നാലെന്താണ്? അതിലെ ലേഡിയുടെ ആവശ്യമില്ല. ദീപികാ പദുക്കോണിനേയും ആലിയാ ഭട്ടിനേയും കത്രീനാ കെയ്ഫിനെയുമെല്ലാം സൂപ്പര്‍ സ്റ്റാര്‍ എന്നല്ലേ വിളിക്കുന്നതെന്നും മാളവിക ചോദിച്ചിരുന്നു.