ഫ്രാന്‍സിനെ പിന്നിലാക്കി ലോകത്തെ ഏറ്റവും വലിയ സ്‌കോച്ച് വിപണി ആയി ഇന്ത്യ
വെള്ളമടി കാര്യത്തില്‍ സംസ്ഥാനവും രാജ്യവും എല്ലാം ഇപ്പോള്‍ മുന്നിലാണ്. കുടിയില്‍ റെക്കാര്‍ഡ് ഇടുന്ന കേരളത്തിന്റെ പാതയില്‍ സഞ്ചരിച്ചു സ്‌കോച് വിപണിയില്‍ ഒന്നാമനായി ഇന്ത്യ. ലോകത്തെ ഏറ്റവും വലിയ സ്‌കോച്ച് വിപണി ഇനി ഫ്രാന്‍സല്ല. ഫ്രാന്‍സിനെ പിന്തള്ളി ആ സ്ഥാനം സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യ. കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി വൈനുകളുടെ നാടായ ഫ്രാന്‍സാണ് ലോകത്ത് ഏറ്റവും കൂടുതല്‍ സ്‌കോച്ച് കുടിച്ച് തീര്‍ത്തിരുന്നത്. എന്നാല്‍ 2022 ലെ കണക്കുകള്‍ പ്രകാരം 219 മില്യണ്‍ ബോട്ടില്‍ സ്‌കോച്ചാണ് ഇന്ത്യയില്‍ ഇറക്കുമതി ചെയ്തത്. ഫ്രാന്‍സാകട്ടെ 205 മില്യണ്‍ ബോട്ടിലുകള്‍ മാത്രമേ കഴിഞ്ഞ വര്‍ഷം ഇറക്കുമതി ചെയ്തിട്ടുള്ളു.
സ്‌കോച്ച് വിസ്‌കി അസോസിയേഷന്റെ നിരീക്ഷണം പ്രകാരം, ഇന്ത്യയുടെ വിസ്‌കി മാര്‍ക്കറ്റില്‍ രണ്ട് ശതമാനം മാത്രമാണ് സ്‌കോച്ച് വിസ്‌കിയുടെ സ്ഥാനം. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് സ്‌കോച്ച് വിസ്‌കി ഇറക്കുമതിയുടെ കാര്യത്തില്‍ കഴിഞ്ഞ വര്‍ഷം 60 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും സംഘടന ചൂണ്ടിക്കാട്ടി. ഓരോ സ്‌കോച്ച് കുപ്പിക്കും 150-195 ശതമാനം കസ്റ്റംസ് ഡ്യൂട്ടി അടയ്ക്കേണ്ടി വന്നിട്ടും വിപണി കുത്തനെ വര്‍ധിച്ചതായാണ് കാണപ്പെടുന്നത്. നിലവില്‍ ഇന്ത്യ-യുകെ വ്യാപാര ചര്‍ച്ചയില്‍ സ്‌കോച്ച് വിസ്‌കിയുടെ ഡ്യൂട്ടി കുറയ്ക്കുന്നത് സംബന്ധിച്ച കാര്യവും ചര്‍ച്ചയാകും. ഇത് പ്രാബല്യത്തില്‍ വന്നാല്‍ സ്‌കോച്ച് വിസ്‌കിയുടെ കസ്റ്റംസ് തീരുവ 100 ശതമാനത്തിലേക്ക് താഴാന്‍ സാധ്യതയുണ്ട്. ഇതോടെ കുറഞ്ഞ വിലയ്ക്ക് സ്‌കോച്ച് വിസ്‌കി ഇന്ത്യയില്‍ ലഭ്യമാകും. ഇത് വീണ്ടും ഈ മദ്യത്തിന്റെ വിപണി ഉയര്‍ത്തുമെന്നാണ് കണക്കാക്കപ്പെടുന്നത്.
കൊവിഡ് പിടി മുറുക്കിയ വര്‍ഷങ്ങളില്‍ പോലും ഇന്ത്യയിലെ സ്‌കോച്ച് വിസ്‌കി പ്രിയം ഉച്ഛസ്ഥായിലായിരുന്നു. 2019 ല്‍ 131 മില്യണ്‍ ബോട്ടിലാണ് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തത്. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ ഇന്ത്യയിലെ സ്‌കോച്ച് വിസ്‌കി വിപണിയില്‍ 200 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം മലയാളികള്‍ക്ക് പ്രിയം റം ആയത് കൊണ്ട് കണക്കില്‍ പിന്നിലാകാനാണ് സാദ്യത. ഇന്ത്യയാണ് സ്‌കോച്ച് വിസ്‌കിയുടെ പ്രധാന വിപണികേന്ദ്രമെങ്കിലും ഇന്ത്യയില്‍ മാത്രം ഒതുങ്ങുന്നതല്ല, സ്‌കോച്ചിന്റെ വ്യാപ്തി. 2022 ല്‍ യൂറോപ്പിനെ കടത്തിവെട്ടി വിസ്‌കി വിപണിയില്‍ ഏഷ്യ ഒന്നാമതെത്തിയിരുന്നു. ഏഷ്യന്‍ രാജ്യങ്ങളായ തായ്വാന്‍, സിംഗപ്പൂര്‍, ചൈന എന്നിവിടങ്ങളിലും ഇരട്ടി ഇറക്കുമതിയാണ് സ്‌കോച്ചിന്റെ കാര്യത്തില്‍ നടന്നിരിക്കുന്നത്.