ബിബിസി ഓഫീസില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ് ; രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥ എന്ന് കോണ്‍ഗ്രസ്

മോദിക്ക് എതിരെയുള്ള ഡോക്യൂമെന്ററിക്ക് പ്രതികാരം എന്നോണം ബിബിസി ചാനലിന്റെ ഓഫീസില്‍ ആദായനികുതി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നു. ഡല്‍ഹിലെയും മുംബൈയിലെയും ഓഫീസുകളിലാണ് പരിശോധന നടക്കുന്നത്. ഡോക്യുമെന്ററി വിവാദം നിലനില്‍ക്കുന്നതിനിടെയാണ് പരിശോധന. ഓഫീസിലേക്ക് വരേണ്ടന്ന് ജീവനക്കാര്‍ക്ക് ബിബിസി നിര്‍ദേശം നല്‍കി. ഇന്ന് രാവിലെ 11:30 നാണ് ആദായനികുതി ഉദ്യോഗസ്ഥര്‍ ബിബിസി ഓഫീസില്‍ എത്തിയത്. ബിബിസി ജീവനക്കാരുടെ ഫോണുകള്‍ പിടിച്ചെടുത്തതായി സൂചനയുണ്ട്.

അതേസമയം ബിബിസി ഓഫീസില്‍ ആദായ നികുതി റെയിഡിനെതിരെ കോണ്‍ഗ്രസ് രംഗത്തു വന്നു. രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് ആരോപിച്ചു. വിനാശകാലെ വിപരീതബുദ്ധിയെന്നാണ് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് പ്രതികരിച്ചത്. അദാനി വിഷയത്തില്‍ പ്രതിപക്ഷം ജെപിസി അന്വേഷം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, സര്‍ക്കാര്‍ ബിബിസിയില്‍ പരിശോധന നടത്തുകയാണെന്ന് ജയറാം രമേശ് പരിഹസിച്ചു.നേരത്തെ, ഗുജറാത്ത് കലാപത്തെ കുറിച്ചുള്ള ബിബിസിയുടെ വിവാദ ഡോക്യുമെന്ററിയുടെ എല്ലാ ലിങ്കുകളും സോഷ്യല്‍ മീഡിയയില്‍ നിന്നും നീക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു.