മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ഒരു വീട്ടിലെ രണ്ടു പേരെ കടുവ കടിച്ചു കൊന്നു
കുടകിലെ കുട്ടയില്‍ ആണ് കടുവ ആക്രമണത്തില്‍ ഒരു കുടുംബത്തിലെ രണ്ടു പേര്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ കൊല്ലപ്പെട്ടത്. കേരള-കര്‍ണാടക അതിര്‍ത്തിയിലുള്ള പല്ലേരിയിലാണ് ആക്രമണം. ഞായറാഴ്ച്ചയാണ് ചേതന്‍ എന്ന 18 കാരനെ കടുവ ആക്രമിച്ചു കൊന്നത്. ഹുന്‍സൂര്‍ അന്‍ഗോട്ടോ സ്വദേശിയായ മധുവിന്റെയും വീണാകുമാരിയുടേയും മകനാണ് ചേതന്‍. ഞായറാഴ്ച്ച വൈകിട്ട് പിതാവിനൊപ്പം തേയിലത്തോട്ടത്തില്‍ ജോലി ചെയ്തുകൊണ്ടിരിക്കേയാണ് കടുവ ആക്രമിച്ചത്. കടുവയുടെ ആക്രമണത്തില്‍ മധുവിനും ഗുരുതരമായി പരിക്കേറ്റിരുന്നു. ചേതനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് മധുവിനും കടിയേറ്റത്. ചേതന്റെ കാല്‍ തുട മുതല്‍ കടിച്ചെടുത്ത് കടുവ കാട്ടിലേക്ക് ഓടിപ്പോകുകയായിരുന്നു. കാല്‍ നഷ്ടപ്പെട്ട നിലയിലായിരുന്നു മൃതദേഹം.
അതിന് പിന്നാലെ തിങ്കളാഴ്ച്ച രാവിലെയാണ് ചേതന്റെ മുത്തശ്ശന്‍ രാജു(75) വിനെ കടുവ ആക്രമിച്ചത്. രാവിലെ 6.30 ഓടെ വീടിന് പുറത്തിറങ്ങിയ രാജുവിനെ കടുവ ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രാജു സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു. രാജുവിന്റെ മകന്‍ മധുവിന്റെ മകനാണ് ചേതന്‍.
കടുവയുടെ ആക്രമണം പതിവാകുന്ന സാഹചര്യത്തില്‍ പ്രദേശത്ത് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ ജനവാസ മേഖലയില്‍ കടുവയിറങ്ങുന്നത് പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു. വന്യമൃഗങ്ങളുടെ ആക്രമണം തടയാന്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ പ്രതിഷേധിച്ചു. അതേസമയം രണ്ടുപേരെയും കൊന്നത് ഒരു കടുവ തന്നെയാണോ എന്ന അന്വേഷണത്തിലാണ് വനം വകുപ്പ്.