മുപ്പതു വര്‍ഷത്തിലേറെയായി അരുവികളില്‍ കുളിക്കുന്ന സ്ത്രീകളുടെ വീഡിയോ ഫോട്ടോ എന്നിവ എടുക്കുന്ന ഗ്യാങ് പിടിയില്‍

ജപ്പാനിലാണ് സംഭവം. കഴിഞ്ഞ 30 വര്‍ഷമായി രാജ്യത്തുടനീളമുള്ള ചൂട് നീരുറവകളില്‍ സ്ത്രീകള്‍ കുളിക്കുന്നത് വീഡിയോയില്‍ ചിത്രീകരിച്ച ഗ്യാങ് ആണ് പിടിയിലായത്. ഏതാണ്ട് പതിനായിരക്കണക്കിന് സ്ത്രീകളുടെ കുളികളാണ് ഇത്തരത്തില്‍ ഇവര്‍ ചിത്രീകരിച്ചത്. 17 പേരാണ് ഇതുവരെ അറസ്റ്റിലായത്. 2021 ഡിസംബറിലാണ് ഈ കുറ്റകൃത്യത്തിന് 50 കാരനായ കരിന്‍ സൈറ്റോയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് മറ്റുള്ളവരുടെ അറസ്റ്റ്. അറസ്റ്റിലായവരില്‍ മുതിര്‍ന്ന കമ്പനി എക്‌സിക്യൂട്ടീവുകളും പ്രാദേശിക സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ടോക്കിയോയില്‍ നിന്നുള്ള ഒരു ഡോക്ടറും ഉള്‍പ്പെടുന്നുവെന്ന് ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു.

തനിക്ക് 20 വയസ്സുള്ളപ്പോള്‍ മുതല്‍ ചൂടുനീരുറവകളില്‍ കുളിക്കുന്ന സ്ത്രീകളുടെ ചിത്രങ്ങളും വീഡിയോകളും എടുക്കാറുണ്ടെന്നാണ് ഗ്യാങിലെ 50 കാരനായ കരിന്‍ സൈറ്റോ പോലീസിനോട് കുറ്റസമ്മതം നടത്തിയത്. അറസ്റ്റിലായ മറ്റ് പ്രതികള്‍ സൈറ്റോയില്‍ നിന്ന് കുളിക്കടവിലെ സ്ത്രീകളെ ചിത്രീകരിക്കുന്നതിനുള്ള സാങ്കേതിക വിദ്യകള്‍ പഠിച്ചതായും കുറഞ്ഞത് 10,000 സ്ത്രീകളെയെങ്കിലും ഇത്തരത്തില്‍ ചിത്രീകരിച്ചതായും പോലീസ് അറിയിച്ചു. ഇതിനായി ഇവര്‍ ഉയര്‍ന്ന സാങ്കേതിക വിദ്യ ഉപയോഗിച്ചതായും പോലീസ് പറയുന്നു. നൂറുകണക്കിന് മീറ്ററുകളോളം ദൂരെ മലമുകളില്‍ ഒളിച്ചിരുന്നും മറ്റുമാണ് ചൂട് നീരുറവകളിലെ സ്ത്രീകളുടെ ചിത്രങ്ങളും വീഡിയോകളും പകര്‍ത്തിയത്.

ഇത്തരത്തിലുള്ള കുറഞ്ഞത് 100 സ്ഥലങ്ങളിലെ ചിത്രങ്ങളെങ്കിലും പ്രതികള്‍ പകര്‍ത്തിയതായി പോലീസ് പറയുന്നു. ഇത്തരത്തില്‍ പകര്‍ത്തുന്ന വീഡിയോകള്‍ക്ക് സബ്ടൈറ്റിലുകള്‍ ചേര്‍ക്കുകയും അവ പ്രദര്‍ശിപ്പിക്കുന്നതിന് പുരുഷന്മാര്‍ ഒത്തുചേരലുകള്‍ നടത്തിയതായും പൊലീസ് പറയുന്നു. ശല്യം തടയുന്നതിനുള്ള ഓര്‍ഡിനന്‍സ്, അനധികൃത ഫോട്ടോഗ്രാഫി, അശ്ലീലചിത്രങ്ങള്‍ എന്നിവയ്ക്കെതിരായ നിയമം ലംഘിച്ചുവെന്ന കുറ്റമാണ് അറസ്റ്റിലായവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ചൈല്‍ഡ് പോണോഗ്രാഫി നിയമം ഇവര്‍ ലംഘിച്ചെന്നും പോലീസ് സംശയിക്കുന്നു. കുറ്റവാളികള്‍ക്ക് ഒരു വര്‍ഷം തടവും ഏതാണ്ട് ആറര ലക്ഷത്തോളം രൂപ പിഴയും വിധിച്ചു.