പാര്‍ട്ടിക്ക് വേണ്ടി കൊല്ലും കൊലയും നടത്തിയത് വെളിപ്പെടുത്തി ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി
സിപിഐഎം നേതാക്കള്‍ക്കെതിരെ ഗുരുതരമായ ആരോപണങ്ങളുമായി ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി. പാര്‍ട്ടിയില്‍ ക്വട്ടേഷന്‍ ആഹ്വാനം ചെയ്തവര്‍ക്ക് സഹകരണ സ്ഥാപനങ്ങളില്‍ ജോലിയും നടപ്പാക്കിയവര്‍ക്ക് പട്ടിണിയും പടിയടച്ച് പിണ്ഡം വയ്ക്കലുമാണ് പ്രതിഫലമെന്ന് ആകാശ് തില്ലങ്കേരി ഫേസ്ബുക്ക് കമന്റില്‍ പറഞ്ഞു. പാര്‍ട്ടിയിലെ ഊതി വീര്‍പ്പിച്ച ബലൂണുകളെ പച്ചയ്ക്ക് നേരിടുമെന്നും ആകാശ് തില്ലങ്കേരി വെല്ലുവിളിച്ചു. പല കാര്യങ്ങളിലും തന്നെ കുഴിയില്‍ ചാടിച്ചത് ഡിവൈഎഫ്ഐ മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി സരീഷ് ആണെന്ന് ആകാശ് തില്ലങ്കേരി ആരോപിച്ചു.
‘ക്വട്ടേഷന്‍ ആഹ്വാനം ചെയ്തവര്‍ക്ക് സഹകരണ സ്ഥാപനങ്ങളില്‍ ജോലിയും നടപ്പാക്കിയവര്‍ക്ക് പട്ടിണിയും പടിയടച്ച് പിണ്ഡം വയ്ക്കലുമായിരുന്നു. പട്ടിണിയില്‍ കഴിയുമ്പോഴും വഴിതെറ്റാതിരിക്കാന്‍ ശ്രമിച്ചിരുന്നു. ആത്മഹത്യാ ശ്രമം മുന്നിലെന്ന് തിരിഞ്ഞപ്പോഴാണ് പലവഴിക്ക് സഞ്ചരിച്ചത്. നിഷേധിച്ചിട്ടില്ല. നിരാകരിക്കുകയും ഇല്ല. പക്ഷേ പാര്‍ട്ടിയുടെ ഒരു സ്ഥാനമാനങ്ങളോ പദവിയോ ഇല്ലാത്ത ഒരാളെയാണ് ഞങ്ങള്‍ ആ വഴിയില്‍ നടന്നത്. സംരക്ഷിക്കാതിരിക്കുമ്പോള്‍ പലവഴിക്ക് സഞ്ചരിക്കേണ്ടി വരും.. വ്യക്തിപരമായി നിരന്തരം ആക്രമിച്ചത് കൊണ്ട് മാത്രമാണ് പദവിയെ പോലും വകയ്ക്കാതെ തെറിവിളിക്കേണ്ടിവരുന്നത്’. ആകാശ് തില്ലങ്കേരി ഫേസ്ബുക്ക് കമന്റില്‍ പറഞ്ഞു.
അതേസമയം ഷുഹൈബിന്റെ ചോരയ്ക്ക് സിപിഎമ്മിനെ കൊണ്ട് കോണ്‍ഗ്രസ് എണ്ണിയെണ്ണി കണക്ക് പറയിപ്പിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്. സിപിഎമ്മിന്റെ അറിവും സമ്മതത്തോടെയുമാണ് മട്ടന്നൂരില്‍ ഷുഹൈബിനെ ക്രൂരമായി കൊല്ലപ്പെടുത്തിയതെന്ന് കോണ്‍ഗ്രസ് നാളിതുവരെ പറഞ്ഞിരുന്ന യാഥാര്‍ത്ഥ്യം വധക്കേസിലെ ഒന്നാം പ്രതി ആകാശ് തില്ലങ്കേരി തന്നെ വെളിപ്പെടിത്തിയത് കേട്ട് കേരളം തരിച്ചിരുന്നുപോയെന്നും സുധാകരന് പറഞ്ഞു. ആകാശ് തില്ലങ്കേരിയുടെ കുമ്പസാരത്തിലൂടെ സിപിഎമ്മിന്റെ വൈകൃതമായ കൊലയാളി മുഖം പുറത്തായി. അരുംകൊലകള്‍ നടത്തുന്ന ഭീകരസംഘടനയാണ് സിപിഎം. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള ഉന്നത സിപിഎം നേതാക്കളുടെ കളിത്തോഴനാണ് ആകാശ് തില്ലങ്കേരിയെന്ന് സുധാകരന് പറഞ്ഞു. ഗുണ്ടകളുടെയും വാടകക്കൊലയാളികളുടെയും മുന്നില്‍ എന്നും ഓച്ഛാനിച്ചു നില്ക്കാറുള്ള സിപിഎം ഇത്തവണയും പതിവ് തെറ്റിച്ചില്ല. ആകാശിന്റെ ഭീഷണിക്ക് മുന്നില്‍ വിറങ്ങലിച്ചുപോയ സിപിഎം നേതൃത്വം ഉടനടി ഇടപെട്ട് ഫേസ്ബുക്ക് കുറിപ്പു തന്നെ നീക്കം ചെയ്തു.
നീതിക്കുവേണ്ടി ഷുഹൈബിന്റെ കുടുംബാംഗങ്ങള്‍ യാചിക്കുമ്പോഴും കണ്ണില്‍ചോരയില്ലാത്ത സമീപനമാണ് മുഖ്യമന്ത്രി സ്വീകരിച്ചത്.ഷുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി വിധിക്കെതിരേ അപ്പീല്‍ നല്കാന് വേണ്ടിയാണ് നമ്മുടെ നികുതിപ്പണമെടുത്ത് കൊലയാളികളെ സംരക്ഷിക്കുന്നത്. ഷുഹൈബ് വധക്കേസില്‍ പ്രതികള്‍ക്കുവേണ്ടി സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ഇതുവരെ 1.36 കോടി രൂപ ചെലവഴിച്ചാണ് സുപ്രീംകോടതിയിലെ മുന്‍നിര അഭിഭാഷകരെ നിയോഗിച്ചത്. സുപ്രീംകോടതയില്‍ കേസ് തുടരുന്നതിനാല്‍ ഈ തുക ഇനിയും കുതിച്ചുയരുമെന്ന് കെ സുധാകരന് പറഞ്ഞു.