ലൈഫ് മിഷന്‍ കോഴ ; ശിവശങ്കറിനെ അറസ്റ്റ് ചെയ്തതില്‍ ദുഃഖമുണ്ട് ; മുഖ്യപ്രതി മുഖ്യമന്ത്രി എന്ന് സ്വപ്ന
ലൈഫ് മിഷന്‍ കേസില്‍ മുഖ്യമന്ത്രിയെയും കുടുംബത്തിനെയും വീണ്ടും പ്രതിസ്ഥാനത്ത് നിര്‍ത്തി സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷ്.വമ്പന്‍ സ്രാവുകള്‍ ഇപ്പോഴും പുറത്ത് തന്നെയാണ്. മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും ഇടപാടില്‍ പ്രധാന പങ്കുണ്ടെന്ന് പറഞ്ഞ സ്വപ്ന കേസില്‍ താന്‍ കൂടി പ്രതിയായാലേ പൂര്‍ണ്ണത വരൂവെന്നും വ്യക്തമാക്കി. മുഖ്യമന്ത്രി അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എന്‍.രവീന്ദ്രനെ ചോദ്യം ചെയ്താല്‍ എല്ലാ വമ്പന്‍മാരുടേയും പങ്ക് പുറത്താകുമെന്നും സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞു.
‘ശിവശങ്കറിനെ അറസ്റ്റ് ചെയ്തതില്‍ ദുഃഖമുണ്ട്. എന്നാല്‍ ഇതുകൊണ്ട് അവസാനിക്കുന്നില്ല. ഇതില്‍ ഉള്‍പ്പെട്ട ഓരോരുത്തരേയും നിയമത്തിന് മുന്നില്‍ കൊണ്ടുവരിക എന്നതാണ് എന്റെ ലക്ഷ്യം. കേരളം മൊത്തം വിറ്റുതുലയ്ക്കാന്‍ വേണ്ടി ഇറങ്ങി തിരിച്ച മുഖ്യമന്ത്രി, അദ്ദേഹത്തിന്റെ ഭാര്യ, മകള്‍ തുടങ്ങി എല്ലാവും പുറത്ത് വരണം. കേസില്‍ കടലിനടയിലെ എല്ലാ വമ്പന്‍ സ്രാവുകളേയും പുറത്ത് കൊണ്ടുവരാന്‍ താന്‍ ഇറങ്ങി തിരിച്ചിരിക്കുകയാണ്. ജയിലില്‍ കിടക്കേണ്ടി വന്നാലും ഇതില്‍ നിന്ന് പിന്‍മാറില്ല. ഈ ആളുകള്‍ക്ക് വേണ്ടിയാണ് ഞാനടക്കമുള്ളവര്‍ ഉപകരണമായത്. എല്ലാ തെളിവുകളും അന്വേഷണ ഏജന്‍സിക്ക് കൈമാറിയിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് ശിവശങ്കറിന്റെ അറസ്റ്റു ചെയ്തതെന്നും സ്വപ്ന പറഞ്ഞു.
അതേസമയം ലൈഫ് കോഴക്കേസില്‍ അറസ്റ്റിലായ ശിവശങ്കറിനെ അഞ്ചുദിവസത്തേക്ക് ഇഡി കസ്റ്റഡിയില്‍ വിട്ടു. തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 2.30 ന് കോടതിയില്‍ ഹാജരാക്കണം. ഒരോ രണ്ട് മണിക്കൂര്‍ ചോദ്യം ചെയ്യലിലും ശാരീരിക സ്ഥിതി കണക്കിലെടുത്ത് ഇടവേള നല്‍കണമെന്ന് കോടതി ഇഡിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. തന്നെ 12 മണിക്കൂര്‍ ഇഡി ചോദ്യം ചെയ്‌തെന്നും ശാരീരികമായി ബുദ്ധിമുട്ടുണ്ടാക്കിയെന്നും ശിവശങ്കര്‍ കോടതിയില്‍ പറഞ്ഞിരുന്നു. ശാരീരികാവസ്ഥ കണക്കിലെടുത്താണ് കോടതി നിര്‍ദേശം. ലൈഫ് മിഷന്‍ കരാറില്‍ നടന്നത് മൂന്നുകോടി 38 ലക്ഷം രൂപയുടെ കോഴ ഇടപാട് എന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് റിപ്പോര്‍ട്ട്.
കരാറിന് ചുക്കാന്‍ പിടിച്ച എം ശിവശങ്കറിന് ഒരു കോടി രൂപയും മൊബൈല്‍ ഫോണും ലഭിച്ചതിന് തെളിവുണ്ടെന്ന് ഇഡിയുടെ അറസ്റ്റ് റിപ്പോര്‍ട്ടിലുണ്ട്. വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയുടെ കരാര്‍ ലഭിക്കുന്നതിന് മുന്‍പ് തന്നെ മുന്‍കൂറായി കമ്മീഷന്‍ ഇടപാട് നടന്നെന്നാണ് ഇഡി വ്യക്തമാക്കുന്നത്. മൂന്ന് മില്യണ്‍ ദിര്‍ഹത്തിന് ആയിരുന്നു ഇടപാട് ഉറപ്പിച്ചത്. യൂണിറ്റാക്കിന് തന്നെ കരാര്‍ ലഭിക്കാന്‍ മുഖ്യമന്ത്രിയെ കൊണ്ട് സമ്മതിപ്പിച്ചതിനാണ് എം ശിവശങ്കറിന് ഒരു കോടി രൂപ ലഭിച്ചതെന്നാണ് സ്വപ്ന സുരേഷിന്റെ മൊഴി. കമ്മീഷന്‍ ആയി ലഭിച്ച പണം തന്റെ പേരിലുള്ള ലോക്കറില്‍ സൂക്ഷിക്കാന്‍ നിര്‍ദ്ദേശിച്ചതും ശിവശങ്കര്‍ എന്ന് സ്വപ്ന മൊഴി നല്‍കിയിട്ടുണ്ട്. കരാര്‍ ഉറപ്പിക്കുന്നതിന് മുന്‍പ് എം ശിവശങ്കറും സ്വപ്ന സുരേഷും നടത്തിയ വാട്‌സ്ആപ്പ് ചാറ്റുകള്‍ കോഴ ഇടപാടിനും കള്ളപ്പണക്കേസിനും തെളിവാണെന്ന് ഇഡി വ്യക്തമാക്കുന്നു.