പാലക്കാട് ഒരു പൂവന് കോഴി ലേലത്തില്‍ പോയത് അരലക്ഷം രൂപയ്ക്ക്
ഒരു കോഴിയുടെ വില അന്‍പതിനായിരം രൂപ. എന്തെങ്കിലും പ്രത്യേകത ഉള്ള കോഴിയാണോ എന്നാണ് സംശയം എങ്കില്‍ ഒരു പ്രത്യേകതയും ഇല്ലാത്ത തനി നാടന്‍ കോഴി. പിന്നെ എങ്ങനെ ഇത്രയും വില കിട്ടി എന്നാകും അടുത്ത ചോദ്യം. എന്നാല്‍ എന്താണ് സംഗതി എന്നാല്‍ മണ്ണാര്‍ക്കാട് തച്ചമ്പാറ കുന്നത്തു കാവ് പൂരത്തോടനുബന്ധിച്ചുള്ള ഗാനമേളക്കുള്ള ഫണ്ട് ശേഖരണത്തിനായുള്ള ലേലം വിളിയിലാണ് കോഴി താരമായത്. ലേലം വിളി തുടങ്ങിയത് വെറും പത്ത് രൂപയ്ക്ക്. ഹരം കേറി കേറി ലേലം വിളി അവസാനിച്ചത് അരലക്ഷം രൂപയ്ക്ക് .
ശരിക്കും അവസാനിപ്പിച്ചതാണ്. അല്ലെങ്കില്‍ ഒരു ലക്ഷം എത്തിയേനെയെന്ന് സംഘാടകര്‍. വിവിധ വേല കമ്മിറ്റികളായ, കൂള്‍ ബോയ്സ്, പഞ്ചമി കൂറ്റംമ്പാടം, കൊമ്പന്‍സ് തെക്കും പുറം എന്നിവരാണ് വാശിയോടെ ലേലത്തില്‍ പങ്കെടുത്തത്. ഒടുവില്‍ കോഴിയെ കിട്ടിയത് കൂള്‍ ബോയ്സിന്. ഗാനമേളയ്ക്കുള്ള ഫണ്ട് ശേഖരിക്കാന്‍ ഓരോ ദിവസവും ഓരോ സാധനങ്ങളാണ് ലേലം വിളിച്ചത്. ലേലത്തിനായി പൂവന്‍കോഴി എത്തിയപ്പോഴാണ് സംഗതി കളറായത്. ലേലം വിളിയിലൂടെ വൈറലായ വിലപിടിപ്പുള്ള കോഴിയെ വളര്‍ത്താനാണ് കൂള്‍ ബോയ്സിന്റെ തീരുമാനം.