ഇന്ത്യയിലെ രണ്ടു ഓഫീസ് അടച്ചു പൂട്ടി ട്വിറ്റര്‍ ; 453 ജീവനക്കാരെ പിരിച്ചുവിട്ട് ഗൂഗിള്‍

വമ്പന്‍ കമ്പനികളില്‍ തൊഴില്‍ ചെയ്യുന്നവരെ യാതൊരു മുന്നറിയിപ്പും ഇല്ലാതെ പുറത്താക്കുന്ന നടപടികള്‍ തുടരുന്നു. പണമില്ല എന്ന പേരില്‍ ഇന്ത്യയിലെ മൂന്ന് ഓഫീസുകളില്‍ രണ്ടെണ്ണം അടച്ചുപൂട്ടി ട്വിറ്റര്‍ ഇന്‍കോര്‍പ്പറേറ്റ്. ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ ട്വിറ്റര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ചെലവ് കുറയ്ക്കാനുള്ള നടപടിയുടെ ഭാഗമായാണ് ഓഫീസുകള്‍ അടച്ചുപൂട്ടിയതെന്നാണ് സൂചന. കഴിഞ്ഞ വര്‍ഷം അവസാനത്തോടെ ഇന്ത്യയിലെ ഏകദേശം 90 ശതമാനം ജീവനക്കാരെ ട്വിറ്റര്‍ പിരിച്ചുവിട്ടിട്ടുണ്ട്. രാഷ്ട്രീയ കേന്ദ്രമായ ദില്ലിയിലെയും സാമ്പത്തിക കേന്ദ്രമായ മുംബൈയിലെയും ഓഫീസുകള്‍ അടച്ചുപൂട്ടി.

അതേസമയം സാങ്കേതിക കേന്ദ്രമായ ബെംഗളൂരുവിലെ ഓഫീസ് പ്രവര്‍ത്തനം തുടരും. എന്നാല്‍ ഇതുവരെ ഇതിനെകുറിച്ച് ട്വിറ്ററിന്റെ ഇന്ത്യയിലുള്ള അധികൃതര്‍ പ്രതികരിച്ചിട്ടില്ല. 2023 അവസാനത്തോടെ ട്വിറ്ററിനെ സാമ്പത്തികമായി സുസ്ഥിരമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ജീവനക്കാരെ പിരിച്ചുവിടുകയും ലോകമെമ്പാടുമുള്ള ഓഫീസുകള്‍ പൂട്ടുകയും ചെയ്തു. മെറ്റാ പ്ലാറ്റ്ഫോംസ് ഇങ്ക് മുതല്‍ ആല്‍ഫബെറ്റ് ഇങ്ക് വരെയുള്ള യുഎസ് ടെക് ഭീമന്‍മാരുടെ ഒരു പ്രധാന വളര്‍ച്ചാ വിപണിയായി ഇന്ത്യ കണക്കാക്കപ്പെടുന്നു.ഈ സാഹചര്യത്തില്‍ ഇന്ത്യയിലെ ഓഫീസ് ട്വിറ്റര്‍ അടച്ചുപൂട്ടുന്നതിലൂടെ സൂചിപ്പിക്കുന്നത് ഇലോണ്‍ മാസ്‌ക് ഇപ്പോള്‍ വിപണിക്ക് പ്രാധാന്യം നല്‍കുന്നില്ല എന്നതാണ്.

അതേസമയം വിവിധ വകുപ്പുകളില്‍ നിന്നുള്ള 453 ജീവനക്കാരെ ഗൂഗിള്‍ ഇന്ത്യ പിരിച്ചുവിട്ടതായി റിപ്പോര്‍ട്ട്. ഗൂഗിള്‍ ഇന്ത്യയുടെ കണ്‍ട്രി ഹെഡും വൈസ് പ്രസിഡന്റുമായ സഞ്ജയ് ഗുപ്ത ഇ-മെയില്‍ വഴി വിവരം ജീവനക്കാരെ അറിയിക്കുകയായിരുന്നു. വ്യാഴാഴ്ച അര്‍ദ്ധരാത്രിയോടെയാണ് നടപടി വിവരം ജീവനക്കാര്‍ അറിയുന്നത്. പല വകുപ്പുകളിലെയും ജീവനക്കാര്‍ക്ക് കമ്പനി അവധി നല്‍കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഗൂഗിളിന്റെ മാതൃ കമ്പനിയായ ആല്‍ഫബെറ്റ് ഇങ്ക് കഴിഞ്ഞ മാസം 12,000 ജീവനക്കാരെ പിരിച്ചുവിടുമെന്ന് പ്രഖ്യാപിച്ചിരുന്നു.

453 പേരെ പിരിച്ചുവിട്ടുകൊണ്ടുള്ള പുതിയ നടപടി ഇതില്‍ ഉള്‍പ്പെടുമോ എന്നത് ഗൂഗിള്‍ വ്യക്തമാക്കിയിട്ടില്ല. പിരിച്ചുവിടല്‍ ആഗോളതലത്തില്‍ എത്ര ജീവനക്കാരെ ബാധിച്ചുവെന്നോ കൂടുതല്‍ പിരിച്ചുവിടല്‍ ഉണ്ടാകുമോ എന്ന കാര്യത്തിലും വ്യക്തത വരേണ്ടതുണ്ട്. സാമ്പത്തിക മാന്ദ്യത്തിന്റെ പേരിലാണ് ടെക് കമ്പനികള്‍ ജീവനക്കാരെ പിരിച്ചുവിടുന്നത്. ഗൂഗിള്‍ മാത്രമല്ല, 18,000 പേരെ പിരിച്ചുവിടാന്‍ ആമസോണും പദ്ധതിയിടുന്നുണ്ട്. മെറ്റാ 13,000 ജീവനക്കാരെയും പിരിച്ചുവിട്ടു. ടെക് കമ്പനികള്‍ തൊഴിലാളികളെ പിരിച്ചുവിടാന്‍ ആരംഭിച്ചതോടെ വലിയ ആശങ്കയാണ് ഉണ്ടായിരിക്കുന്നത്.