വെള്ളക്കരം കൂട്ടി ; പൊതു ടാപ്പുകളുടെ എണ്ണം കുറയ്ക്കാന്‍ ഒരുങ്ങി തദ്ദേശസ്ഥാപനങ്ങള്‍ ; സൗജന്യ വെള്ളം ഇനി മലയാളികള്‍ക്ക് കിട്ടാക്കനിയാകും

Representational image.
സര്‍ക്കാര്‍ വാട്ടര്‍ ചാര്‍ജ് മൂന്നിരട്ടി വരെ വര്‍ധിപ്പിച്ചതോടെ പൊതു ടാപ്പുകളുടെ എണ്ണം കുറയ്ക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ നടപടി ആരംഭിച്ചു. പൊതുടാപ്പുകളുടെ ചാര്‍ജ് അടയ്ക്കുന്നതു തദ്ദേശസ്ഥാപനങ്ങള്‍ ആയതിനാല്‍ ഇപ്പോഴത്തെ ഗണ്യമായ വര്‍ധന താങ്ങാനാകാത്ത സാഹചര്യത്തിലാണു നടപടി. ഓരോ പൊതു ടാപ്പിനും പഞ്ചായത്തുകള്‍ ഏകദേശം 15,000 രൂപയും നഗരസഭകളും കോര്‍പറേഷനുകളും ഏകദേശം 22,000 രൂപയും വാര്‍ഷികമായി നല്‍കണമെന്ന തരത്തിലാണു ചാര്‍ജ് വര്‍ദ്ധനവ്. അവശ്യമേഖലകളില്‍ ഒഴികെ പൊതുടാപ്പുകള്‍ വേണ്ടെന്നാണു തദ്ദേശസ്ഥാപനങ്ങളുടെയും തീരുമാനം. സംസ്ഥാനത്തെ രണ്ടു ലക്ഷത്തില്‍ പരം പൊതു ടാപ്പുകള്‍ക്കായി ആയിരത്തോളം തദ്ദേശ സ്ഥാപനങ്ങള്‍ ചേര്‍ന്ന് പ്രതിവര്‍ഷം 334.05 കോടി രൂപയാണു ജല അതോറിറ്റിക്ക് ഇനി നല്‍കേണ്ടി വരിക. 2021ല്‍ 120 കോടി രൂപ ചെലവായിരുന്ന സ്ഥാനത്താണിത്.
ഓരോ മാസവും തുക മുന്‍കൂട്ടി നല്‍കണം. പ്രവര്‍ത്തിക്കാത്ത പൊതു ടാപ്പുകള്‍ക്കും ജല അതോറിറ്റി ബില്‍ നല്‍കുന്നു എന്ന പരാതിയും വ്യാപകമാണ്. കണക്ഷന്‍ വിഛേദിക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ അപേക്ഷ നല്‍കി 6 മാസത്തിലേറെ ആയിട്ടും നടപടി സ്വീകരിച്ചില്ലെന്നും പറയുന്നു. കണക്ഷന്‍ വിഛേദിക്കാന്‍ മാത്രം ടാപ്പ് ഒന്നിന് 1000 രൂപ വരെയാണു ഫീസ്. ജല അതോറിറ്റിയുടെ ഒരു പൊതുടാപ്പിനുള്ള വാര്‍ഷിക നിരക്കുകള്‍ മുമ്പ് പഞ്ചായത്തുകളില്‍ 5250 രൂപയായിരുന്നു. നിരക്ക് വര്‍ദ്ധനവിന് ശേഷം ഇത് 14,559.12 രൂപയായി ഉയര്‍ന്നു. നഗരപ്രദേശങ്ങളില്‍ മുമ്പ് 7884 രൂപയായിരുന്ന നിരക്ക് ഇപ്പോള്‍ 21,838.68 രൂപയാണ്. ചെലവു ചുരുക്കുന്നതിനു പൊതു ടാപ്പുകളുടെ എണ്ണം കുറയ്‌ക്കേണ്ടി വരുമ്പോള്‍ ദരിദ്രവിഭാഗങ്ങള്‍ക്കുള്ള ശുദ്ധജല ലഭ്യത വെല്ലുവിളിയായി മാറും. ഇപ്പോഴും ഏറെപ്പേര്‍ പൊതു ടാപ്പില്‍ നിന്നുമുള്ള വെള്ളത്തിലാണ് വീട്ടുകാര്യങ്ങള്‍ നടത്തുന്നത്.