നേപ്പാള്‍ വിമാനദുരന്തം ; 70 പേര്‍ കൊല്ലപ്പെട്ട അപകടത്തിന്റെ കാരണം പൈലറ്റിന്റെ കൈപ്പിഴ

നേപ്പാളില്‍ കഴിഞ്ഞ മാസം 71 പേരുടെ മരണത്തിനിടയാക്കിയ വിമാന അപകടം പൈലറ്റിന് പറ്റിയ അബദ്ധത്തെ തുടര്‍ന്നാണെന്ന് റിപ്പോര്‍ട്ട്. പൈലറ്റുമാരില്‍ ഒരാള്‍ക്ക് സംഭവിച്ച പിശകിനെ തുടര്‍ന്നാണ് അപകടമുണ്ടായതെന്നാണ് അന്വേഷണം നല്‍കുന്ന സൂചന. വിമാനം ലാന്‍ഡിംഗിനായി ക്രമീകരിക്കുന്നതിന് കോക്ക്പിറ്റിലെ ഫ്‌ലാപ്‌സ് ലിവര്‍ ഉപയോഗിക്കുന്നതിനുപകരം പൈലറ്റുമാരില്‍ ഒരാള്‍
എന്‍ജിന്‍ ഫെദേര്‍ഡ് പൊസിഷനിലാക്കുന്ന (വിമാനം ലാന്‍ഡിങ് സമയത്ത് എന്‍ജിനുകളുടെ പ്രവര്‍ത്തനം മന്ദഗതിയിലാക്കുന്ന പ്രവര്‍ത്തനം) ലിവര്‍ ഉപയോഗിച്ചതിനാല്‍ എന്‍ജിനുകളിലേക്ക് വൈദ്യുതി പ്രവാഹം നിലച്ചതാണ് അപകടത്തിന് കാരണമെന്നാണ് അന്വേഷണ സംഘം പറയുന്നു.

അഞ്ച് ഇന്ത്യക്കാരടക്കം 70 യാത്രക്കാര്‍ അപകടത്തില്‍ കൊല്ലപ്പെട്ടിരുന്നു. ജനുവരി 15 ന് കാഠ്മണ്ഡുവിലെ ത്രിഭുവന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന യെതി എയര്‍ലൈന്‍സ് 691 വിമാനം പൊഖാറയിലെ സേതി നദിയില്‍ തകര്‍ന്നുവീഴുകയായിരുന്നു. പറന്നുപൊങ്ങിയ ഉടനെയായിരുന്നു അപകടം. രണ്ട് എന്‍ജിനുകളുടെയും പ്രൊപ്പല്ലറുകള്‍ ഫെദര്‍ പൊസിഷനിലേക്ക് പോയതിനെ തുടര്‍ന്ന് വിമാനം നിയന്ത്രണം നഷ്ടപ്പെട്ട് വീഴുകയായിരുന്നു. രണ്ട് എന്‍ജിനുകളുടെയും പ്രൊപ്പല്ലറുകള്‍ ഒരേസമയം ഫെദര്‍ പൊസിഷനിലേക്ക് വരുന്നത് അപൂര്‍വമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എയര്‍ ട്രാഫിക് കണ്‍ട്രോളര്‍ (എടിസി) ലാന്‍ഡിംഗിന് അനുമതി നല്‍കിയപ്പോള്‍ എന്‍ജിനുകളില്‍ നിന്ന് വൈദ്യുതി വരുന്നില്ലെന്ന് പൈലറ്റ് രണ്ട് തവണ പരാമര്‍ശിച്ചെന്നും റിപ്പോര്‍ട്ട് പറയുന്നു.

അപകടസമയത്ത് വിമാനത്തിന്റെ എന്‍ജിനുകള്‍ പൂര്‍ണമായും പ്രവര്‍ത്തനക്ഷമമായിരുന്നു. രണ്ട് ക്യാപ്റ്റന്‍മാരാണ് വിമാനം പ്രവര്‍ത്തിപ്പിച്ചിരുന്നത്. എയര്‍ലൈനിലെ ആറ് വനിതാ പൈലറ്റുമാരില്‍ ഒരാളായ അഞ്ജു ഖതിവാഡയാണ് വിമാനത്തിലെ ഇന്‍സ്ട്രക്ടര്‍ പൈലറ്റ്. അപകടത്തിന്റെ ദൃശ്യങ്ങള്‍ ചില യാത്രക്കാര്‍ തത്സമയം പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. നാല് ജീവനക്കാരുള്‍പ്പെടെ 72 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. 71 മൃതദേഹങ്ങള്‍ മാത്രമേ കണ്ടെത്താനായുള്ളൂ. കാണാതായ യാത്രക്കാരന്‍ മരിച്ചതായി കണക്കാക്കി. അപകട ദിവസം കാഠ്മണ്ഡുവിനും പൊഖാറയ്ക്കുമിടയില്‍ ഇതേ ക്രൂ രണ്ട് സര്‍വീസ് നടത്തിയിരുന്നു. മൂന്നാമത്തെ സര്‍വീസാണ് അപകടത്തില്‍ കലാശിച്ചത്.