കാലാവധി കഴിഞ്ഞിട്ടും ചിന്ത സ്ഥാനത്തു തുടരുന്നത് ഉയര്‍ന്ന ശമ്പളത്തിനുവേണ്ടി എന്ന് ഗവര്‍ണര്‍ക്ക് പരാതി
വിവാദ നായികയും യുവജന കമ്മീഷന് അധ്യക്ഷയുമായ ചിന്താ ജെറോമിനെ തല്‍സ്ഥാനത്തുനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ഗവര്‍ണര്‍ക്ക് പരാതി നല്കി. അനുവദനീയമായതിലും അധികംകാലം പദവിയില്‍ തുടരുകയും അധികാര ദുര്‍വിനിയോഗം നടത്തുകയും ചെയ്തുവെന്നാരോപിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണു സുനില്‍ ആണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പരാതി നല്‍കിയത്. യുവാക്കളുടെ കഴിവുകള്‍ പരിപോഷിപ്പിക്കുക, മെച്ചപ്പെട്ട വിദ്യാഭ്യാസം നേടിയെടുക്കാന്‍ അവരെ സജ്ജരാക്കുക, യുവാക്കളെ ശാക്തീകരിക്കുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍ നിര്‍ത്തിയാണ് 2014ല്‍ കേരള സംസ്ഥാന യുവജന കമ്മീഷന് ആക്റ്റ് പ്രകാരം സ്ഥാപിതമായിരിക്കുന്നത്. 2016 ഒക്ടോബര്‍ നാലാം തീയതിയാണ് ചിന്താ ജെറോമിന്റെ നിയമനം ആദ്യം നടന്നത്.
3 വര്‍ഷമാണ് നിയമന കാലാവധി. യുവജന കമ്മീഷന് ആക്ട് അനുസരിച്ച് രണ്ട് തവണയാണ് ഒരാള്‍ക്ക് ഈ തസ്തികയില്‍ നിയമനം നേടാനുള്ള അവകാശമെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ചിന്താ ജെറോമിന് നിയമനം ലഭിച്ചിട്ടു ആറു വര്‍ഷം കഴിഞ്ഞു. പക്ഷെ പദവി വിട്ടൊഴിയാന്‍ അവര്‍ തയാറാകുന്നില്ല. പ്രവര്‍ത്തന കാലാവധി അവസാനിച്ചിട്ടും ഗ്രേസ് പിരീഡ് കൂടി ശമ്പളം വാങ്ങിയെടുക്കുവാന്‍ മാത്രം പദവിയില്‍ തുടരുകയാണെന്നും പരാതിയില്‍ പറയുന്നു. വാഴക്കുല പ്രബനദ്ധ വിവാദത്തിനും ശമ്പള വിവാദത്തിനും ആഡംബര റിസോര്‍ട്ടിലെ താമസ വിവാദത്തിനും പിന്നാലെയാണ് ചിന്താ ജെറോമിനെ പുറത്താക്കണമെന്ന ആവശ്യവുമുയരുന്നത്. ചിന്താ ജെറോമിനെതിരെ പ്രതികരിച്ചതിന് തനിക്കെതിരെ വധഭീഷണി ഉണ്ടായി എന്ന് വിഷ്ണു സുനില്‍ പരാതിപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ചിന്തയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ഗവര്‍ണറെ സമീപിച്ചിരിക്കുന്നത്.