ക്രമിനിലുകള്‍ക്കായി സര്‍ക്കാര്‍ ചെലവാക്കിയത് 2.11 കോടി രൂപയെന്ന് വി.ഡി സതീശന്‍

സി പി എം പ്രവര്‍ത്തകന്‍ ആകാശ് തില്ലങ്കേരിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ക്രിമിനലുകളെ സിപിഐഎം ഉപയോഗിച്ചെന്ന് വി.ഡി സതീശന്‍ പറഞ്ഞു. ക്രിമിനലുകളെ ഉപയോഗിച്ചതിന്റെ തിക്തഫലം പാര്‍ട്ടി നേരിടുകയാണെന്നും ക്രമിനിലുകള്‍ക്കായി സര്‍ക്കാര്‍ ചെലവാക്കിയത് 2.11 കോടി രൂപയാണെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. ക്രിമിനലുകള്‍ക്ക് മുന്നില്‍ സിപിഐഎം വിറയ്ക്കുന്നുവെന്നും ഇത് പാര്‍ട്ടിയുടെ ജീര്‍ണതയാണെന്നും വി.ഡി സതീശന്‍ തുറന്നടിച്ചു.

അതേസമയം, ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തലില്‍ വെട്ടിലായതോടെ വിവാദത്തിന് തടയിടാന്‍ ഒരുങ്ങുകയാണ് സിപിഐഎം. സൈബര്‍ യുദ്ധം അവസാനിപ്പിക്കാന്‍ പ്രാദേശിക നേതാക്കള്‍ക്ക് ജില്ലാ നേതൃത്വം നിര്‍ദ്ദേശം നല്‍കി. ക്രിമിനല്‍ സംഘത്തിന് വഴങ്ങിയെന്ന വിമര്‍ശനം ശക്തമായതോടെ തില്ലങ്കേരിയില്‍ മറ്റന്നാള്‍, സിപിഐഎം രാഷ്ട്രീയ വിശദീകരണ യോഗം സംഘടിപ്പിക്കും. ശുഹൈബ് വധം പാര്‍ട്ടി ആഹ്വാനപ്രകാരമെന്ന ആകാശ് തില്ലങ്കേരിയുടെ ഫേസ്ബുക്ക് വെളിപ്പെടുത്തലാണ് സിപിഐഎമ്മിനെ ആദ്യം വെട്ടിലാക്കിയത്.

അധിക്ഷേപ പരാതിയില്‍ തില്ലങ്കേരി സംഘത്തെ പൂട്ടുമന്ന പൊലീസിന്റെ അവകാശവാദം പൊളിയുന്നത് പിന്നീട് കണ്ടു. ആകാശിനെ തള്ളിപ്പറഞ്ഞെങ്കിലും തുറന്ന പോരില്‍ നിന്ന് പിന്‍വാങ്ങാന്‍ പ്രാദേശിക നേതാക്കള്‍ക്ക് നേതൃത്വത്തിന്റെ നിര്‍ദേശം. ആകാശിന് മുന്നില്‍ വഴങ്ങുന്നുവെന്ന പ്രചരണം ശക്തമായതോടെ തില്ലങ്കേരിയില്‍ രാഷ്ട്രീയ വിശദീകരണ യോഗം സംഘടിപ്പിക്കാന്‍ തീരുമാനം. മറ്റന്നാള്‍ നടക്കുന്ന പരിപാടിയില്‍ സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ അടക്കമുള്ള നേതാക്കള്‍ പങ്കെടുക്കും. പാര്‍ട്ടിയുടെ നഷ്ട്ടമായ മുഖം തിരിച്ചു പിടിക്കാന്‍ ഉള്ള ശ്രമത്തിലാണ് പ്രാദേശിക നേതൃത്വം.