കറുപ്പ് പേടിയില്‍ വീണ്ടും പിണറായി ; കോളേജ് വിദ്യാര്‍ത്ഥികളുടെ കറുത്ത മാസ്‌ക് അഴിപ്പിച്ചു ; കറുത്ത വസ്ത്രങ്ങള്‍ക്കും വിലക്ക്

മുഖ്യമന്ത്രി പിണറായി വിജയന്റെ കറുപ്പ് പേടി വീണ്ടും. പിണറായി പങ്കെടുക്കുന്ന പരിപാടിയില്‍ വീണ്ടും കറുത്ത വസ്ത്രങ്ങള്‍ക്ക് വിലക്ക്. കോഴിക്കോട് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജിലെ പരിപാടിയിലാണ് കറുത്ത നിറത്തിലുള്ള വസ്ത്രങ്ങള്‍ ഒഴിവാക്കണമെന്ന നിര്‍ദേശം. പ്രിന്‍സിപ്പല്‍ എടക്കോട് ഷാജിയാണ് ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കിയിരിക്കുന്നത്. കറുത്ത വസ്ത്രങ്ങള്‍ ഒഴിവാക്കണമെന്ന് തനിക്ക് നിര്‍ദേശം ലഭിച്ചെന്ന് വകുപ്പ് മേധാവികള്‍ക്ക് നല്‍കിയ സന്ദേശത്തില്‍ പ്രിന്‍സിപ്പല്‍ പറയുന്നുണ്ട്. ഈ ഓഡിയോ ട്വന്റിഫോറിന് ലഭിച്ചു. കറുത്ത വസ്ത്രങ്ങളും കറുത്ത മാസ്‌കും ഒഴിവാക്കണമെന്നാണ് നിര്‍ദേശം. ഇന്നലെയാണ് പ്രിന്‍സിപ്പല്‍ ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കിയത്.

അതേസമയം കോഴിക്കോട്ട് മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധത്തിനെത്തിയ രണ്ട് കെഎസ്‌യു നേതാക്കളെ പൊലീസ് കരുതല്‍ തടങ്കലിലെടുത്തു. കെഎസ്‌യു ജില്ലാ വൈസ് പ്രസിഡണ്ട് വിടി സൂരജ്, ബ്‌ളോക്ക് പ്രസിഡണ്ട് രാഗിന്‍ എന്നിവരെയാണ് ഗസ്റ്റ് ഗൗസിന് സമീപം വച്ച് പൊലീസ് പിടികൂടിയത്. ഗവണ്‍മെന്റ് ആര്‍ട്‌സ് കോളജില്‍ മുഖ്യമന്ത്രിയുടെ പരിപാടിക്കെത്തിയ രണ്ട് വിദ്യാര്‍ത്ഥികളുടെ കറുത്ത മാസ്‌ക് പൊലീസ് അഴിപ്പിച്ചു. എന്നാല്‍ അതേ സമയം, ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തിയ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസും കറുത്ത വസ്ത്രം ധരിച്ചായിരുന്നു എത്തിയത്. എന്നാല്‍ ഇന്ന് കോളജില്‍ കറുത്ത വസ്ത്രം ധരിച്ചത്തെിയതിന് വിദ്യാര്‍ത്ഥികളെ തടഞ്ഞതായുള്ള സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കേരള സംസ്ഥാന ജൈവവൈവിധ്യ കോണ്‍ഗ്രസിനാണ് മുഖ്യമന്ത്രി കോളജിലെത്തിയത്. കറുത്ത വസ്ത്രവും പര്‍ദയുമിട്ട ധാരാളം വിദ്യാര്‍ത്ഥികള്‍ പരിപാടിയില്‍ പങ്കെടുക്കാനായി എത്തുന്നുണ്ട്.

പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധ ആഹ്വാനങ്ങള്‍ക്കിടെ കനത്ത സുരക്ഷയ്ക്ക് നടുവിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ കോഴിക്കോട്ട് ഒരു ദിവസത്തെ പരിപാടികള്‍ക്കായെത്തിയത്. പിണറായിലെ വീട്ടില്‍ നിന്ന് പുറപ്പെട്ട മുഖ്യമന്ത്രിയെ കോഴിക്കോട് ഗസ്റ്റ് ഹൗസിന് സമീപം തടയാനായി കാത്തു നില്‍ക്കുകയായിരുന്ന രണ്ട് കെഎസ്‌യു നേതാക്കളെ വെസ്റ്റ് ഹില്‍ ചുങ്കത്തു വച്ചാണ് ടൗണ്‍ പൊലീസ് പിടികൂടിയത്. ഇവരുടെ പക്കല്‍ നിന്ന് കരിങ്കൊടിയും കെഎസ് യു കൊടിയും പൊലീസ് പിടിച്ചെടുത്തു. കരുതല്‍ തടങ്കലിലെടുത്ത കെഎസ്‌യു ജില്ലാ വൈസ് പ്രസിഡണ്ട് വിടി സൂരജ്, ബ്‌ളോക്ക് പ്രസിഡണ്ട് രാഗിന്‍ എന്നിവരെ വൈകീട്ടോടെ വിട്ടയക്കുമെന്ന്  അറിയിച്ചു.