പമ്പയാറ്റില്‍ പൊലിഞ്ഞ മൂന്ന് യുവാക്കളില്‍ മൂന്നാമന്റെയും മൃതദേഹം ലഭിച്ചു

ആറന്മുള : പമ്പയാറ്റില്‍ മരാമണ്‍ കണ്‍വെന്‍ഷന്‍ കഴിഞ്ഞ് മടങ്ങും വഴി ഒഴുക്കില്‍പ്പെട്ട യുവാക്കളില്‍ മൂന്നാമത്തെ യുവാവിന്റെയും മൃതദേഹവും കിട്ടി. ചെട്ടികുളങ്ങര സ്വദേശി എബിന്‍ മാത്യുവിന്റെ മൃതദേഹം ഇന്ന് രാവിലെയാണ് സ്‌കൂബാ ടീം കണ്ടെത്തിയത്. അപകടത്തില്‍ മരിച്ച മെറിന്റെയും മെഫിന്റെയും മൃതദേഹങ്ങള്‍ ഇന്നലെ തന്നെ ലഭിച്ചിരുന്നു. മെറിന്റെയും മെഫിന്റെയും മൃതദേഹം ലഭിച്ച സ്ഥലത്ത് നിന്നും 10 മീറ്റര്‍ മാറിയാണ് എബിന്‍ മാത്യുവിന്റെ മൃതദേഹവുമുണ്ടായിരുന്നത്. 30 അടിയോളം ആഴമുള്ള സ്ഥലത്താണ് മൂന്നുപേരും അകപ്പെട്ടത്. രാവിലെ സ്‌കൂബാ ടീം നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം എബിന്‍ മാത്യുവിന്റെ മൃതദേഹം ചെങ്ങന്നൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കോഴഞ്ചേരി ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന മെറിന്റെയും മെഫിന്റെയും മൃതദേഹങ്ങള്‍ രാവിലെ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. മെറിന്റെയും മെഫിന്റെയും സംസ്‌ക്കാരം നാളെ നടക്കും. ഉച്ചക്ക് രണ്ട് മണിക്ക് കണ്ണമംഗലം സെന്റ് ആന്‍ഡ്രൂസ് പള്ളിയിലാണ് സംസ്‌കാര ചടങ്ങുകള്‍. മരാമണ്‍ കണ്‍വെന്‍ഷനില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന സംഘം ആറന്‍മുള പരപ്പുഴക്കടവില്‍ കുളിക്കാനിറങ്ങിപ്പോഴാണ് അപകടത്തില്‍ പെട്ടത്.