കശ്മീരില്‍ നിന്നും സൈന്യത്തെ പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചന
ജമ്മു കശ്മീരിലെ ഉള്‍പ്രദേശങ്ങളില്‍ നിന്ന് ഇന്ത്യന്‍ സൈന്യത്തെ പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചന. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയപ്പോള്‍ വന്‍തോതില്‍ സൈനികരെ വിന്യസിച്ചിരുന്നു. മൂന്നര വര്‍ഷത്തിന് ശേഷം ഇത് പിന്‍വലിക്കാനാണ് ആലോചന. പുതിയ നിര്‍ദേശത്തിന് അംഗീകാരം ലഭിച്ചാല്‍ നിയന്ത്രണരേഖയില്‍ മാത്രമേ ഇനി സൈന്യത്തിന്റെ സാന്നിധ്യമുണ്ടാവുകയുള്ളൂ. കശ്മീര്‍ ഉള്‍പ്രദേശങ്ങളില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാനുള്ള നിര്‍ദ്ദേശം രണ്ട് വര്‍ഷമായി ചര്‍ച്ചയിലുണ്ട്. പ്രതിരോധ , ആഭ്യന്തര മന്ത്രാലയങ്ങള്‍ക്ക് പുറമെ, സായുധ സേന, പൊലീസ് എന്നിവര്‍ കൂടി ഭാഗമായ വിശദമായ ചര്‍ച്ച ഇക്കാര്യത്തില്‍ നടന്നിരുന്നു.
2019 ആഗസ്റ്റില്‍ കശ്മീര്‍ പുനസംഘടനാ ബില്‍ അവതരിപ്പിച്ചതിന് പിന്നാലെയാണ് കശ്മീര്‍ താഴ്വരകളില്‍ വന്‍തോതില്‍ സൈന്യത്തെ വിന്യസിച്ചത്. കഴിഞ്ഞ മൂന്നരവര്‍ഷമായി സൈന്യം കശ്മീരിന്റെ ഉള്‍പ്രദേശങ്ങളിലെല്ലാം തമ്പടിച്ചിരിക്കുകയായിരുന്നു. ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമായ രാഷ്ട്രീയ റൈഫിള്‍സിനാണ് ജമ്മു കശ്മീരിന്റെ സുരക്ഷാ ചുമതല. ഏതാണ്ട് അരലക്ഷത്തോളം സൈനികരാണ് ഇത്രയും ക്രമസമാധാനപാലനത്തില്‍ ഉള്‍പ്രദേശങ്ങളില്‍ ജോലി ചെയ്തത്. കശ്മീര്‍ വിഭജനത്തിന് ശേഷം അക്രമസംഭവങ്ങളില്‍ അന്‍പത് ശതമാനത്തോളം കുറവുണ്ടായെന്നാണ് കണക്കുകള്‍. ഈ സാഹചര്യത്തില്‍ സൈന്യത്തെ പൂര്‍ണമായും നിയന്ത്രണരേഖയിലേക്ക് മാറ്റി സിആര്‍പിഎഫിനെ സുരക്ഷാ ചുമതലയില്‍ നിയോഗിക്കാനാണ് ആലോചന. ഘട്ടം ഘട്ടമായിട്ടാവും സൈന്യത്തെ പിന്‍വലിക്കുക. സൈന്യത്തെ പിന്‍വലിക്കുന്ന കാര്യത്തില്‍ ചര്‍ച്ചകളില്‍ ഏകദേശ ധാരണയായിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ ഇനി ദില്ലിയില്‍ നിന്നുള്ള അറിയിപ്പിനായി കാത്തിരിക്കുകയാണെന്നും സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.