ആകാശ് തില്ലങ്കേരിയുടെ ജാമ്യം റദ്ദാക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം

പാര്‍ട്ടിയെ കുഴപ്പത്തില്‍ ചാടിക്കുന്ന പ്രസ്താവനകള്‍ തുടരുന്ന ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയുടെ ജാമ്യം റദ്ദാക്കാന്‍ സര്‍ക്കാര്‍. ഇതിനായി തലശേരി സെഷന്‍സ് കോടതിയില്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. കെ.അജിത്ത് കുമാര്‍ മുഖേന പൊലീസ് ഹര്‍ജി നല്‍കി. ആകാശ് തില്ലങ്കേരി ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചതായിട്ടാണ് പൊലീസ് റിപ്പോര്‍ട്ട്. മട്ടന്നൂര്‍, മൂഴിക്കുന്ന് സ്റ്റേഷനുകളില്‍ രണ്ട് കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടെന്ന് സര്‍ക്കാര്‍ അറിയിച്ചു. 2018 ഫെബ്രുവരി 12നാണ് ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയത്.

അതേസമയം,തില്ലങ്കേരിയില്‍ വച്ച് നടത്തുന്ന പൊതുയോഗത്തില്‍ ഇന്ന് പി ജയരാജന്‍ പ്രസംഗിക്കും.വൈകിട്ട് അഞ്ചിന് തില്ലങ്കേരി ടൗണില്‍ നടക്കുന്ന പരിപാടിയില്‍ 19 ബ്രാഞ്ചുകളിലെ അംഗങ്ങളും പാര്‍ട്ടി അനുഭാവികളും പങ്കെടുക്കും. പ്രാദേശികമായി ആകാശിനെ പിന്തുണയ്ക്കുന്നവര്‍ പാര്‍ട്ടിയിലുണ്ടെന്ന് നേതൃത്വം വിലയിരുത്തുന്നു. എം വി ഗോവിന്ദന്റെ ജനകീയ പ്രതിരോധയാത്ര കണ്ണൂരെത്തും മുന്‍പ് പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്.