അലഞ്ഞു തിരിയുന്ന പശുക്കളെ വെടിവച്ചു കൊല്ലാന്‍ തീരുമാനം ; ഞെട്ടണ്ട ഇന്ത്യയില്‍ അല്ല
പശു എന്ന് പറഞ്ഞാല്‍ തന്നെ ചിലപ്പോള്‍ അഴി എണ്ണേണ്ട അവസ്ഥയിലാണ് നമ്മുടെ രാജ്യം. പശുക്കള്‍ക്ക് വേണ്ടി മാത്രം നിലകൊള്ളുന്ന ഭരണ കൂടമാണോ ഇന്ത്യയിലേത് എന്ന് വേണമെങ്കില്‍ സംശയിക്കാം. എന്നാല്‍ അമേരിക്കയില്‍ അങ്ങനെ അല്ല സ്ഥിതി. അലഞ്ഞു തിരിയുന്ന പശുക്കളെ വെടിവെച്ചു കൊല്ലാന്‍ ആണ് അമേരിക്കയുടെ തീരുമാനം. യുഎസ്സിലെ ന്യൂമെക്സിക്കോ സംസ്ഥാനത്തെ ഗില മേഖലയില്‍ അലഞ്ഞു തിരിയുന്ന പശുക്കളെയാണ് ഇത്തരത്തില്‍ കൊല്ലാന്‍ അധികൃതര്‍ നടപടി സ്വീകരിച്ചിരിക്കുന്നത്. നൂറ്റിയമ്പതോളം പശുക്കളെ ഇത്തരത്തില്‍ കൊലപ്പെടുത്താന്‍ ആണ് അധികൃതരുടെ തീരുമാനം. എന്നാല്‍, ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ഹെലികോപ്റ്റര്‍ ഉപയോഗിച്ച് നാലുദിവസംകൊണ്ട് ഈ പശുക്കളെ കൊലപ്പെടുത്താന്‍ ഉള്ള പദ്ധതിയാണ് അധികൃതര്‍ തയ്യാറാക്കിയിരിക്കുന്നത്.
പര്‍വതങ്ങളും മലയിടുക്കുകളും മേച്ചില്‍പുറങ്ങളുമുള്ള ഗില പാരിസ്ഥിതികമായി ഏറെ പ്രാധാന്യമുള്ള പ്രദേശമാണ്. എന്നാല്‍, ഇവിടം ഉടമസ്ഥരില്ലാത്ത പശുക്കളുടെ താവളമായി മാറിയതോടെ പശുക്കള്‍ വന്‍തോതില്‍ മേച്ചില്‍ നടത്തി ഈ മേഖലയുടെ പരിസ്ഥിതി സന്തുലനം അപകടത്തിലാക്കുകയാണ് എന്നാണ് പരിസ്ഥിതിവാദികളുടെ പ്രധാന പരാതി. കൂടാതെ ഇവിടങ്ങളിലേക്ക് എത്തുന്ന വിനോദസഞ്ചാരികളെയും പശുക്കള്‍ ആക്രമിക്കുന്ന പതിവ് കൂടി വരികയാണെന്നും പരാതികള്‍ ഉണ്ട്. ഇതിന്റെ എല്ലാം പശ്ചാത്തലത്തിലാണ് പശുക്കളെ വെടിവെച്ചു കൊല്ലാന്‍ അധികൃതര്‍ തീരുമാനിച്ചത്. എന്നാല്‍, ഈ തീരുമാനം തീര്‍ത്തും അശാസ്ത്രീയമാണെന്നും ഹെലികോപ്റ്ററിന്റെ ശബ്ദം കേള്‍ക്കുമ്പോള്‍ തന്നെ പശുക്കള്‍ വിരണ്ടോടുമെന്നും ഇതുമൂലം ധാരാളം വെടി ഉതിര്‍ക്കേണ്ടി വരും എന്നുമാണ് ഒരു കൂട്ടം ആളുകള്‍ വാദിക്കുന്നത്.
ഇത്തരത്തില്‍ സംഭവിച്ചാല്‍ അത് പശുക്കള്‍ക്ക് മാത്രമല്ല മേഖലയിലെ മറ്റു മൃഗങ്ങള്‍ക്കും അപകടം വിളിച്ചു വരുത്തുമെന്നും ഇവര്‍ പറയുന്നു. കൂടാതെ വെടിയേല്‍ക്കുന്ന പശുക്കള്‍ ജീവന്‍ നഷ്ടപ്പെടാതെ കിടന്നാല്‍ അതും ഈ പ്രദേശത്ത് എത്തുന്നവര്‍ക്ക് ബുദ്ധിമുട്ടാകുമെന്നും ഇവര്‍ പറയുന്നു. മാത്രമല്ല പല പശുക്കളും അനാഥ പശുക്കളല്ലെന്നും പല ഫാമുകളില്‍ നിന്നും മറ്റും പുറത്തു ചാടിയവയാണെന്നും ഇവയില്‍ പലതിനെയും അതിന്റെ ഉടമസ്ഥര്‍ അന്വേഷിച്ചു കൊണ്ടിരിക്കുന്നവയാണെന്നും ആണ് മറ്റൊരു വാദം.
അത്തരം സാഹചര്യത്തില്‍ ഇവയെ വെടിവെച്ചു കൊന്നാല്‍ അത് ഉടമസ്ഥരോട് ചെയ്യുന്ന അനീതിയാകുമെന്നും അഭിപ്രായങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ഇത്തരത്തിലുള്ള ഒരു ഇടക്കാല ആശ്വാസമല്ല വേണ്ടതെന്നും ദീര്‍ഘകാലത്തേക്കുള്ള ഒരു പ്രതിവിധിയാണ് അധികൃതര്‍ കണ്ടെത്തേണ്ടത് എന്നുമാണ് ഈ നടപടിയെ എതിര്‍ക്കുന്നവര്‍ അഭിപ്രായപ്പെടുന്നത്. ന്യൂമെക്സിക്കോ ക്യാറ്റില്‍ ഗ്രോവേഴ്സ് അസോസിയേഷന്‍ ഈ പദ്ധതിക്കെതിരെ നിയമനടപടിക്ക് ഒരുങ്ങുകയാണ് ഇപ്പോള്‍. പടിഞ്ഞാറന്‍ യുഎസ് മേഖലയില്‍ ഹെലികോപ്റ്റര്‍ ഉപയോഗിച്ച് കാട്ടുപന്നികളെയും കുറുക്കന്‍മാരെയും മുന്‍പ് വെടിവച്ചുകൊന്നിട്ടുണ്ട്. എന്നാല്‍, പശുക്കള്‍ക്കെതിരെ ഇത്തരത്തില്‍ ഒരു നടപടി ആദ്യമായാണ്.